Wednesday, April 22, 2015

കേരളത്തിന്‍റെ കാര്‍ഷിക നയരേഖ
കേരളത്തിലെ കാര്‍ഷിക മേഖല ഒരു പ്രത്യേക സാഹചര്യത്തെ നേരിടുകയാണെന്നാണ് എല്ലാവരും പറയുന്നത്. ഒരു തരത്തില്‍ നോക്കിയാല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും കാര്‍ഷിക മേഖല അതിന്‍റേതായ പ്രത്യേക സാഹചര്യങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയുമാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ലോകത്തെല്ലായിടത്തും ധാന്യത്തിന്‍റെ മേഖലയില്‍ ക്ഷാമം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. എന്നാല്‍ ഇത് അധികം പ്രതിഫലിക്കാത്ത ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ കൃഷിക്കാര്‍ രാജ്യത്തിനാവിശ്യമായ ധാന്യം ഉത്പാദിപ്പിക്കുന്ന സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 70ശതമാനത്തോളം ജനങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുനല്‍കുന്ന ഭക്ഷ്യസുരക്ഷ ബില്ല് കൊണ്ടുവരാന്‍ ഗവണ്‍മെന്‍റിന് കഴിഞ്ഞത് ഈ സ്രോതസിന്‍റെ ബലത്തിലാണ്.

കേരളത്തിന്‍റേതായ ഒരു കാര്‍ഷിക നയത്തിന്‍റെ പ്രസക്തി ഉയര്‍ന്നുവരുന്നത് ഈ സാഹചര്യത്തിലാണ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേരളം ആദ്യമായി ഒരു കാര്‍ഷികനയത്തിന് രൂപം നല്കിയത്. അന്ന് സ്വപ്നങ്ങളാണെന്ന് പറഞ്ഞു താഴ്ത്തിക്കെട്ടിയ പല പദ്ധതികളും ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നു. കര്‍ഷക പെന്‍ഷന്‍, കര്‍ഷക ഇന്‍ഷൂറന്‍സ് തുടങ്ങിയവ. ഈ സാഹചര്യത്തിലാണ് അടുത്ത 30 വര്‍ഷക്കാലത്തേക്ക് പ്രസക്തി നിലനില്‍ക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ കാര്‍ഷിക നയത്തിന് ഇപ്പോള്‍ രൂപം നല്കിയിരിക്കുന്നത്. കേരളത്തിന്‍റെ കാര്‍ഷിക മേഖലയെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന 350ല്‍ അധികം ശുപാര്‍ശകളാണ് ഈ നയരേഖയില്‍ ഉള്ളത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, കര്‍ഷകര്‍, കാര്‍ഷിക സംഘടനകള്‍,ശാസ്ത്രസമൂഹം എന്നു തുടങ്ങി നിരവധി മേഖലയിലുള്ളവരുമായി ഒരു വര്‍ഷക്കാലം നീണ്ടുനിന്ന ആശയവിനിമയത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് കാര്‍ഷിക നയരേഖ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
                                                     നയരേഖയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കാര്‍ഷിക മേഖലയില്‍ നടുനായകത്വം വഹിക്കുന്ന കൃഷിക്കാര്‍ക്ക് കൃഷിയില്‍നിന്നുള്ള ആദായം എങ്ങനെ പരമാവധി വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നതാണ്. കൃഷിയില്‍ ഊന്നിയുള്ള ഒരു ജീവിതം മാന്യമായി പടുത്തുയര്‍ത്താന്‍ കര്‍ഷകരെ പ്രാപ്തരാക്കിയാല്‍ മാത്രമേ അടുത്ത തലമുറയെക്കൂടി കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുകയുള്ളൂ. കൃഷിയും കര്‍ഷക സുരക്ഷയും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ഈ കാഴ്ചപ്പാടിലൂടെ ആരാണ് കര്‍ഷകന്‍ എന്ന നിര്‍വചനം മുതല്‍ കാര്‍ഷിക മേഖലയില്‍ എല്ലാ രംഗത്തും വരുത്തേണ്ട പര്ഷ്ക്കാരങ്ങളും നൂതന സമീപനങ്ങളും ഏതാണ്ട് 400 പേജ് വരുന്ന കാര്‍ഷിക നയരേഖയില്‍ വ്യക്തമാകിയിട്ടുണ്ട്.
 കാര്‍ഷികവിളകള്‍ക്ക് അവകാശ ലാഭം

കൃഷിയുടെ മേഖലയില്‍ കര്‍ഷകന്‍റെ സംഭാവനകള്‍ ഇപ്പോള്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് മികച്ചരീതിയില്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ ഉത്പന്നങ്ങള്‍ക്ക് അന്തിമമായി ഉപഭോക്താവ് നല്‍കുന്ന വിലയും കൃഷിക്കാരനു ലഭിക്കുന്ന പ്രതിഫലവും തമ്മിലുള്ള അന്തരം ഞെട്ടിപ്പിക്കുന്നതാണ്. ഉദാഹരണത്തിനു നമുക്കെല്ലാം സുപരിചിതമായ പാലക്കാടന്‍ മട്ട അരി ഇന്ത്യയില്‍ മെട്രോ മാര്‍ക്കറ്റുകളില്‍ കിലോഗ്രാമിന് 90 രൂപ വരെ വില നല്‍കിയാണ് ഉപഭോക്താവ് വാങ്ങുന്നത്. അതേസമയം കര്‍ഷകന് കിട്ടാവുന്ന പരമാവധി വില ഒരു കിലോയ്ക്ക് 28 രൂപയാണ്. അതുപോലെതന്നെ കേരളത്തില്‍ മൊത്തം ഉത്പാദിപ്പിക്കുന്ന റബ്ബര്‍ ഷീറ്റിന്‍റെ വില 15000 കോടിയാണ്. അത് ഉത്പന്ന രൂപത്തില്‍ വരുമ്പോള്‍ അതിന്‍റെ മൂല്യം ഏതാണ്ട് 60000 കോടി കവിയും.


കര്‍ഷകന്‍ വെറും അസംസ്കൃത വസ്തു ഉല്പ്പാദകനായി ദാരിദ്ര്യത്തില്‍നിന്നും ദാരിദ്ര്യത്തിലേക്കും അവിടെയും പരാജയപ്പെട്ട് ആത്മഹത്യയിലേക്കും ചെന്നു പതിക്കുന്ന കഥകളാണ് നമ്മള്‍ നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്. കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കൃഷിയുടെ മേഖലയില്‍ നിന്നു ലോകത്തെമ്പാടും കാണുന്ന കൊഴിഞ്ഞുപോക്ക് ഇന്ത്യപോലുള്ള രാജ്യങ്ങളിലും വ്യാപകമായതോതില്‍ സംഭവിക്കും. ഈ പ്രതിസന്ധിയെ നേരിടാന്‍ കര്‍ഷകന് ഒരു അവകാശ ലാഭം ലഭ്യമാക്കിയേ പറ്റൂ. ലാഭമെന്നത് കൃഷിക്കാരന്‍റെ അവകാശമാണ്.
                            അരിയാഹാരമില്ലാതെ കേരളീയര്‍ക്ക് ജീവിക്കാന്‍ നിവൃത്തിയില്ല. ഒരു കിലോ അരി വിപണന സംവിധാനം വഴി വില്‍ക്കുമ്പോള്‍ ഒരു രൂപ വീതം സെസ്സായി പിരിച്ചെടുത്താല്‍, ഒരു പൂവിന് മൂന്നു ടണ്‍ നെല്ല് ഉത്പാദിപ്പിക്കുന്ന കര്‍ഷകന് കുറഞ്ഞത് 15,000 രൂപയുടെ അവകാശ ലാഭം ലഭ്യമാക്കാന്‍ സാധിയ്ക്കും. ഇത് സാധ്യമാക്കാനുള്ള എല്ലാ സംവിധാനങ്ങളും നമുക്കുണ്ട്. ഇത് കര്‍ഷകനെ 3 ടണ്‍ ഉത്പ്പാദിപ്പിക്കുന്ന സ്ഥാനത്തുനിന്നു 5 ടണ്‍ ഉത്പ്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കും. കൃഷി മാന്യമായ തൊഴിലായി മാറും. അരികൊണ്ടുള്ള പുതുവിഭവങ്ങളുണ്ടാക്കുന്ന കൂട്ടായ്മകളിലേക്ക് അവരെ നയിക്കാന്‍ സാധിയ്ക്കും. അരിപോലെ പാല്‍, റബര്‍, തെങ്ങ് തുടങ്ങിയ വിളകളുടെ മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ കഴിയണം.

No comments: