Tuesday, April 7, 2015

മരണം, വെറുമൊരു മരണം മാത്രമല്ല.
{ എം. സ്വരാജ് }
മരണം ഒരു കലയാണെന്ന് എഴുതിയത് സിൽവിയ പ്ലാത്ത് ആയിരുന്നു. ഭ്രമാത്മകമായ ലോകത്തു നിന്നും സ്വയം വിടപറഞ്ഞകലുന്നതിന് തൊട്ടു മുമ്പ് സിൽവിയ പ്ലാത്ത് ഇങ്ങനെ എഴുതി 'Dying is an art like everything else, I do it exceptionally well.' മരണം മറ്റെന്തിനെയുമെന്നതുപോലെ ഒരു കലയാണെന്ന് സ്വന്തം ജീവിതം കൊണ്ട് അവർ സാക്ഷ്യപ്പെടുത്തുകയായിരുന്നു.
മരണം എന്നത് വെറുമൊരു മരണം മാത്രമല്ലെന്നും മറ്റു പലതും കൂടിയാണെന്നും ഇന്ന് നമുക്ക് അറിയാം. ചില നേരങ്ങളിൽ മരണം സമാനതകളില്ലാത്ത പ്രതിഷേധമായിമാറും. അത്തരം പ്രതിഷേധങ്ങളെ അനുകരണീയമെന്നു പറഞ്ഞ് അഭിനന്ദിക്കാനാകില്ലെങ്കിലും സ്വന്തം പ്രാണൻ പറിച്ചെറിഞ്ഞ് പ്രതിഷേധിക്കുന്നവരെ കാണാതിരിക്കാനാവുമോ?
ആഗോളീകരണ നയങ്ങൾ ലോകമെമ്പാടുമുള്ള പാവപ്പെട്ട മനുഷ്യരെ കൊന്നുകൊണ്ടിരുന്നപ്പോഴാണ് ലോക രാഷ്ട്രങ്ങളുടെ സമ്മേളന വേദിയ്ക്കു പുറത്ത് ലി ഷാങ് ഹായ് എന്ന ദക്ഷിണകൊറിയൻ കർഷകൻ സ്വയം രക്തസാക്ഷിയായി മാറിയത്. ലോകമെങ്ങും കർഷകർ നേരിടുന്ന കെടുതികൾ ഉയർത്തി കാട്ടിയാണ് ലോക നേതാക്കളുടെ മുമ്പാകെ ലി ഷാങ് ഹായ് തന്‍റെ നെഞ്ചിലേക്ക് സ്വയം കഠാര കുത്തിയിറക്കിയത്.
കുറച്ചു മാസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് മുന്നിയൂരിൽ അദ്ധ്യാപകനായിരുന്ന അനീഷും പ്രതിഷേധിക്കാൻ തെരഞ്ഞെടുത്തത് അസാധാരണവും തീവ്രവുമായ മാർഗ്ഗം തന്നെയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയും, സ്‌ക്കൂൾ മാനേജരും, ജില്ലാ വിദ്യാഭ്യാസ ഓഫീസറും മനുഷ്യ രൂപമുള്ള മറ്റേതോ ജീവികളായി തന്‍റെ ചോരകുടിക്കാൻ എത്തിയപ്പോഴാണ് അനീഷ് ചോര ചോദിച്ചവർക്ക് ജീവൻതന്നെ നൽകിയത്. അനീഷിന്‍റെത് ഭീരുത്വമായിരുന്നില്ല മറിച്ച് ഒരു ധീരന്‍റെ സമര പ്രഖ്യാപനമായിരുന്നു അത്. ഈ തല്ലിപ്പൊളി ലോകത്ത് ജീവിച്ചിരിക്കാൻ എനിക്ക് മനസ്സില്ലെന്ന പ്രഖ്യാപനം.
മൂന്നാഴ്ച മുമ്പ് കണ്ണൂരിലേ പേരാവൂരിൽ നിന്നും പി.കെ. കൃഷ്ണൻ നായർ എന്ന മനുഷ്യൻ കോട്ടയം ജില്ലയിലെ പാലായിൽ വന്ന് ജീവനൊടുക്കിയത് പല മാധ്യമങ്ങൾക്കും ഒട്ടും പ്രാധാന്യമില്ലാത്ത ചെറിയൊരു വാർത്തമാത്രമായിരുന്നു. കാർഷികമേഖലയിലെ തകർച്ച റബ്ബർ കർഷകനായ കൃഷ്ണൻ നായരുടെ ജീവിതത്തെ തന്നെയാണ് കശക്കിയെറിഞ്ഞത്. സ്വയം ജീവനൊടുക്കുന്നതിനുമുമ്പ് കൃഷ്ണൻ നായർ പാലായിൽ എത്തിയത് വെറുതെ ഒരു രസത്തിനായിരുന്നില്ല.
കർഷകർക്ക് മരണ വാറണ്ട് ഒരുക്കുന്ന സര്‍ക്കാരിന്‍റെ ധനകാര്യമന്ത്രിയുടെ വീട്ടുമുറ്റത്തുതന്നെയാവണം തന്‍റെ രക്തസാക്ഷിത്വമെന്ന് കൃഷ്ണൻ നായർക്ക് നിർബന്ധമുണ്ടായിരുന്നു.
ഇക്കാര്യങ്ങളെല്ലാം കയ്യിലുള്ള നോട്ടുബുക്കിൽ കൃത്യമായി എഴുതിവച്ച ശേഷമാണ് കൃഷ്ണൻ നായർ ജീവിതത്തിനുമപ്പുറത്തേക്ക് നടന്നകന്നത്. നിസ്സഹായരായ മനുഷ്യരുടെ ഇത്തരം പ്രതിഷേധങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ കോഴപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന് വീട്ടിൽ നോട്ടെണ്ണൽ യന്ത്രം സ്ഥാപിച്ച മാന്യന്മാർക്ക് ഈ ജീവിതം മതിയാവില്ല.
സ്വന്തം ജീവൻ ബലിയായി നൽകി പോരാടുന്ന മനുഷ്യരെക്കുറിച്ചും അവർ ഉയർത്തുന്ന കലാപങ്ങളെക്കുറിച്ചും എഴുതാനും പറയാനും കഴിയാത്ത പത്രവും ചാനലും സഹതാപം പോലും അർഹിക്കുന്നില്ല. ഡയാനയുടെ പ്രസവമല്ല പട്ടിണിക്കിടക്കുന്നവന്‍റെ തേങ്ങലുകളാണ് വാർത്ത എന്ന് പണ്ടെഴുതിയ പോസ്റ്ററിലെ വാചകങ്ങൾ ഇന്നും ഒട്ടും മങ്ങിപ്പോയിട്ടില്ല.
ജീവിതത്തിന്‍റെ പാതിവഴിയിൽവച്ച് യാത്രമതിയാക്കുന്നവർ ജീവിച്ചിരിക്കുന്നവരോട് പലതും വിളിച്ചു പറയുന്നുണ്ട്. രജനി എസ്. ആനന്ദും, ഫാസിലയും, അമ്പാടിയും നടന്ന വഴിയിലൂടെ ഇനിയുമെത്രയാളുകൾ... .
പലരുടെയും അസത്യജൽപ്പനങ്ങളെ അച്ചടിമഷി പുരട്ടിയും, ദൃശ്യചാരുത നൽകിയും വിശുദ്ധ സത്യമാക്കി അവതരിപ്പിക്കുന്നവർ ആയുസറുതിയ്ക്കുമുമ്പ് ഒരിക്കലെങ്കിലും കണ്ണുതുറക്കണം. ഒരു വാക്കെങ്കിലും ഹൃദയം കൊണ്ട് പറയണം. ഒരു നിമിഷമെങ്കിലും മനുഷ്യരായിരിക്കാൻ കഴിയണം

No comments: