Tuesday, April 7, 2015

ഞങ്ങള്‍ക്ക് ദൈവങ്ങളില്ല
---------------------------------
ഞങ്ങളെയാരും ചേര്‍ത്തു പിടിച്ചിട്ടില്ല
ഞങ്ങളെയാരും തഴുകിയിട്ടില്ല
ഞങ്ങളുടെ മുതുകില്‍ മൂന്നു വരകളില്ല
പിന്നെന്തിനാണ്
നിങ്ങളുടെ പേരെഴുതിയ കല്ലുകള്‍ ചുമന്ന്‍
ഞങ്ങള്‍ ഞങ്ങളുടെ കല്ലറകള്‍ തീര്‍ക്കുന്നത്...
ഞങ്ങള്‍ക്ക് ദൈവങ്ങളില്ല
അവതാരങ്ങളില്ല
തൂണിലും തുരുമ്പിലും മണ്ണിലും വിണ്ണിലും
അമ്മയായിരുന്നു.
ഇരുള് കടഞ്ഞു കടഞ്ഞ് വെളിച്ചം
വെളിച്ചം കടഞ്ഞു കടഞ്ഞ് തീ
മഴകള്‍ കടഞ്ഞു കടഞ്ഞ് കുളിര്
പുഴകള്‍ കടഞ്ഞു കടഞ്ഞ് കനിവ്
കാട് കടഞ്ഞു കടഞ്ഞ് മേട്
മേട് കടഞ്ഞു കടഞ്ഞ് മണ്ണ്
മണ്ണ് കടഞ്ഞു കടഞ്ഞ് പൊന്ന്
പൊന്ന് കടഞ്ഞു കടഞ്ഞ് നെഞ്ച്
നെഞ്ച് കടഞ്ഞു കടഞ്ഞ് പൊന്നമ്മച്ചി.
മുതുകിലിങ്ങനെ പുതിയ ദൈവങ്ങളുടെ ചാട്ടയടികള്‍
മുള്ളുവെച്ച നുകങ്ങള്‍
ഓര്‍മ്മയിലിങ്ങനെ മുഴങ്ങും മുരള്‍ച്ച
ഏമ്പ്രാ ഏമ്പ്രാ ഏമ്പ്രാ
ഞങ്ങളാരും പരാതി പറഞ്ഞിട്ടില്ല
അമ്മേ അമ്മേന്നു വിളിക്കും
ഒരു ദൈവത്തേം കുരുത്തക്കേടു പറഞ്ഞിട്ടില്ല
ഒരു തളിരും നുള്ളിയിട്ടില്ല
ഒരു പൂവും പറിച്ചിട്ടില്ല
ഒരിറ്റു ചോര വീഴ്ത്തീട്ടില്ല
ഒരു കുഞ്ഞിനേം കരയിപ്പിച്ചിട്ടില്ല.
ഞങ്ങടെ സ്വര്‍ഗത്തില് തേനും പാലുമില്ല
പഴഞ്ചോറു കാണുമായിരിക്കും
ഞങ്ങടെ സ്വര്‍ഗത്തീ
വലിയ ചന്തീം മൊലേമൊള്ള പെണ്ണുങ്ങളില്ല
മരണമില്ലാത്ത തമ്പുരാക്കന്മാരില്ല
സത്യത്തില് ഞങ്ങക്ക് സ്വര്‍ഗമേയില്ല
മണ്ണേ മണ്ണേ പൊന്നേ പൊന്നേന്നു വിളിക്കും.
ഞങ്ങടമ്മയ്ക്ക് എഴുത്തറിയില്ല
മന്ത്രമറിയില്ല മായമറിയില്ല
പൊസ്തകോമില്ല പൂശയുമില്ല
ജീവിതം താങ്ങിത്താങ്ങി തലകുത്തി വീഴുമ്പം
കയ്യേലിങ്ങനെ താങ്ങും
മടീക്കിടത്തിയിങ്ങനെ വീശും
ചാകാനാണോടാ കിടാത്താ നിന്നെ
തീയും നേരും നീരും നീറും കൊണ്ട്
വളര്‍ത്തിയേന്നു ചോദിക്കും.
ചുടലേന്ന് തീ കൊണ്ടുവന്ന് അടുപ്പ് കൂട്ടുന്നമ്മയോട്
പെറ്റതെന്തിനെന്നു ചോദിക്കാന്‍
നാവു പൊന്തത്തില്ല
അത്ര സഹിച്ചവളോട് പഴിപറയാന്‍
ഉയിരു പൊന്തത്തില്ല
ഞങ്ങള്‍ക്ക് ദൈവങ്ങളില്ല.
****
സുധീര്‍രാജ്

No comments: