കീർക്കെഗോർ
ആളുകൾക്ക് ഒരു യുക്തിയുമില്ല; ഉള്ള സ്വാതന്ത്ര്യങ്ങൾ എടുത്തുപയോഗിക്കാതെ കൂടുതൽ സ്വാതന്ത്ര്യങ്ങൾക്കായി മുറവിളി കൂട്ടുകയാണവർ: ചിന്തിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്; എന്നിട്ടവർ ആവശ്യപ്പെടുന്നതോ, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും
___________________________________________________________
അയാളുടെ സാഹസകൃത്യങ്ങൾക്കു കാടുകളോ അകലേക്കുള്ള യാത്രകളോ ഒന്നും വേണ്ട, അയാൾക്കിപ്പോഴുള്ളതു തന്നെ മതി- ഒരു ജനാലയോടു കൂടിയ ഒരു കൊച്ചുമുറി
ഏതു മനുഷ്യനും തന്റെ മുഖംമൂടി ഊരിമാറ്റേണ്ട ഒരു പാതിരാമുഹൂർത്തമെത്തുമെന്ന് നിങ്ങൾക്കറിയില്ലേ? നിങ്ങൾക്കു തട്ടിക്കളിക്കാനായി ജീവിതം എന്നുമിങ്ങനെ നിന്നുതരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതിൽ നിന്നു രക്ഷപ്പെടാനായി പാതിരയ്ക്കൊരല്പം മുമ്പ് പാത്തും പതുങ്ങിയും അവിടെ നിന്നു രക്ഷപ്പെട്ടുകളയാം എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
അവധിദിവസമാഘോഷിക്കുന്ന കുട്ടികൾ തങ്ങൾക്കറിയാവുന്ന കളികളെല്ലാം ഉച്ചയോടെ കളിച്ചുതീരുകയും ‘ഇതല്ലാതെ വേറേ കളികളൊന്നുമില്ലേ’യെന്ന് അക്ഷമയോടെ വിളിച്ചുചോദിക്കുകയും ചെയ്യുമ്പോൾ അതുകൊണ്ടർത്ഥമാകുന്നുണ്ടോ, അറിയുന്ന കളികൾ ഒരു ദിവസം മുഴുവൻ നീട്ടിക്കൊണ്ടുപോകാൻ കഴിവുണ്ടായിരുന്ന അതേ തലമുറയിലെയോ അല്ലെങ്കിൽ മുൻതലമുറയിലെയോ കുട്ടികളെക്കാൾ മാനസികവികാസം പ്രാപിച്ചവരാണവരെന്ന്? കളിയുടെ ഗൌരവമറിയാത്തവരാണ് ആ കുട്ടികൾ എന്നു കരുതുകയല്ലേ കൂടുതൽ ശരി?
വാർദ്ധക്യമെത്തി മരിച്ചവൻ സന്തുഷ്ടൻ,
യൌവനത്തിൽ മരിച്ചവൻ അതിലും സന്തുഷ്ടൻ,
ജനിച്ചപ്പോൾ മരിച്ചവൻ ഏറ്റവും സന്തുഷ്ടൻ,
ജനിച്ചിട്ടേയില്ലാത്തവൻ പരമസന്തുഷ്ടൻ!
ചില എഴുത്തുകാരുണ്ട്- സ്വന്തം ശരീരത്തിന്റെ കുറവുകളും വൈരൂപ്യങ്ങളും വിളിച്ചുകാട്ടി സഹതാപമുണർത്താൻ ശ്രമിക്കുന്ന യാചകരെപ്പോലെയാണവർ. പൊട്ടിപ്പൊളിഞ്ഞ സ്വന്തം ഹൃദയങ്ങൾ പ്രദർശനത്തിനു വച്ച് ശ്രദ്ധ പിടിച്ചുപറ്റാനാണ് അവരുടെ യത്നം.
ആധുനികവിപ്ളവങ്ങൾ യഥാർത്ഥമോ അതോ സാങ്കല്പികമോ?
വിപ്ളവത്തിന്റെ കാലം പ്രവൃത്തിയുടെ കാലമായിരിക്കണം; നമ്മുടെ കാലം പക്ഷേ, പരസ്യത്തിന്റെയും പ്രചരണത്തിന്റെയും കാലമായിരിക്കുന്നു. ഒരിടത്തും യാതൊന്നും നടക്കുന്നില്ല; എന്നാൽ എവിടെയും പ്രചരണം തത്ക്ഷണമാണ്. വർത്തമാനകാലത്ത് മറ്റേതിലും അചിന്ത്യമാണ് ഒരു കലാപത്തിനുള്ള സാദ്ധ്യത. കരുത്തിന്റെ അങ്ങനെയൊരു ആവിഷ്കാരം നമ്മുടെ കാലത്തെ കണക്കു കൂട്ടുന്ന തലകൾ ബുദ്ധിശൂന്യതയായേ കാണൂ. നേരേ മറിച്ച് രാഷ്ട്രീയത്തിന്റെ തരികിടകൾ നല്ല വശമായ ഒരാൾ അതു വച്ച് ഒരത്ഭുതവിദ്യ കാണിച്ചുവെന്നു വരാം. ജനങ്ങൾ യോഗം കൂടി ഒരു കലാപം നടത്താൻ തീരുമാനിച്ചിരിക്കുന്നുവെന്ന അർത്ഥം വരുന്ന ഒരു പ്രകടനപത്രിക അയാൾ എഴുതിയുണ്ടാക്കുകയാണ്. അത്ര സൂക്ഷ്മമായിട്ടാണ് വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതെന്നതിനാൽ സെൻസർ ഉദ്യോഗസ്ഥൻ പോലും അതു പാസ്സാക്കി വിടുകയും ചെയ്യുന്നു. യോഗം നടക്കുന്ന സ്ഥലത്താകട്ടെ, സദസ്യർ ഒരു കലാപം നടത്തിക്കഴിഞ്ഞുവെന്ന പ്രതീതി അയാൾ അവർക്കിടയിൽ ഉണ്ടാക്കിയിരിക്കും. എല്ലാവരും പതുക്കെ എഴുന്നേറ്റ് വീട്ടിലേക്കു നടക്കുകയും ചെയ്യും- നല്ലൊരു സായാഹ്നം ചെലവഴിച്ച സന്തോഷത്തോടെ.
ഒരാൾക്കൂട്ടത്തിനിടയിൽ ഒളിച്ചിരിക്കാൻ നോക്കുക, ഒരു വ്യക്തിയാകുന്നതിനു പകരം ഒരു സംഘത്തിന്റെ ചെറിയൊരംശമാകാൻ നോക്കുക എന്നതാണ് ഒളിച്ചോട്ടങ്ങളിൽ വച്ചേറ്റവും ദുഷിച്ചത്. സമ്മതിച്ചു, അതുകൊണ്ടു ജീവിതം കുറച്ചുകൂടി അനായാസമാകുന്നുണ്ട്; പക്ഷേ ഒപ്പമത് കൂടുതൽ ചിന്താശൂന്യമാവുകയുമാണ്. ഇവിടെ പ്രശ്നം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്- നാമോരോരുത്തരും പ്രാമാണികമായ, ചുമതലപ്പെട്ട ഒരു സ്വത്വമാണെന്ന്. ഏതോ ചില ബോദ്ധ്യങ്ങളുടെ പേരിൽ വേറേ ചിലരുമായി ചേർന്ന് ഒച്ചപ്പാടുണ്ടാക്കുക എന്നത് ഒരൊഴിഞ്ഞുമാറലാണ്. സ്വന്തം ബോദ്ധ്യങ്ങൾ എന്താണെന്നതിൽ മനസ്സിളക്കമില്ലാത്തവരായിരിക്കണം, ദൈവത്തിനു മുന്നിൽ നാം; ആ ബോദ്ധ്യങ്ങൾക്കനുസരിച്ച് നാം നമ്മുടെ ജീവിതം ജീവിക്കുകയും വേണം. നിത്യത ഓരോ വ്യക്തിയേയും മാറ്റിനിർത്തി ചോദ്യം ചെയ്യും- ഏതോ സംഘത്തിലോ സംരംഭത്തിലോ സുരക്ഷിതനായിരുന്നു താനെന്നോർത്ത മിടുക്കനെയും, താനെവിടെയും കണക്കിൽ പെടാതെപോയി എന്നു കരുതിയ പരമസാധുവിനെയും.
കുട്ടിയെ നടക്കാൻ പഠിപ്പിക്കുമ്പോൾ നിങ്ങൾ മുന്നിലേക്കു പോയി അവനു നേർക്കു തിരിഞ്ഞുനില്ക്കുന്നു. നിങ്ങൾ അവന്റെയൊപ്പം നടക്കുകയല്ല ചെയ്യുന്നത്, അവനു നടന്നെത്താനുള്ള ലക്ഷ്യമായി നിങ്ങൾ മാറുകയാണ്. കൈയെത്താത്ത അകലത്തിലാണു കുട്ടിയിൽ നിന്നു നിങ്ങളെങ്കിലും താൻ നിങ്ങളുടെ ആലിംഗനത്തിനുള്ളിലാണെന്ന് അവനു തോന്നുന്ന രീതിയിൽ നിങ്ങൾ അവനു നേർക്കു കൈ നീട്ടുന്നു. അത്ര വാത്സല്യമേ ആകാവൂ; അതിലധികമായാൽ കുട്ടി നടക്കാൻ പഠിക്കുകയുമില്ല.
No comments:
Post a Comment