Friday, April 10, 2015

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍റെ നാലാമത്തെ തൂണാണെന്നു പറഞ്ഞത് ബ്രിട്ടീഷ്‌ ജനാധിപത്യ സഭയുടെ ആദ്യത്തെ അംഗമായിരുന്ന ലോഡ്‌ മക്കോലെ ആണ്‌. ജനാധിപത്യ പ്രസ്ഥാനങ്ങള്‍ മുളച്ച, പൂവിട്ട, കായ്ച്ച കാലഘട്ടത്തില്‍ ലോകജനതയുടെ ഭാഗധേയം തീരുമാനിക്കപ്പെട്ടതും ഈ മാധ്യമങ്ങളുടെ കൃത്യമായ ഇടപെടലുകളിലൂടെ ആയിരുന്നു. ഇതേ വാചകത്തോട് ചേര്‍ത്ത് വായിക്കേണ്ട വേറൊരു വാചകമുണ്ട് " ലോകത്തെ ഏറ്റവും ശക്തമായ ആയുധമാണ് മാധ്യമം, അവയ്ക്ക് നിഷ്കളങ്കതയെ പാപമാക്കാനും, പാപത്തെ നിഷ്കളങ്കമാക്കാനും കഴിവുണ്ട്, അതാണ്‌ അതിന്റെ ശക്തി, കാരണം അത് ലക്ഷോപലക്ഷം ജനതയുടെ മനസിനെ നിയന്ത്രിക്കുന്നു"- അമേരിക്കന്‍ മന്ത്രിയും, മനുഷ്യവകാശപ്രവര്‍ത്തകനുമായ മാല്‍കം എക്സ് പറഞ്ഞ വാക്കുകള്‍. അതില്‍ അവസാനത്തെ വരി എക്കാലവും പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
മാധ്യമം എന്ന വാക്കിന് പത്രം എന്ന് മാത്രം അര്‍ഥം ഉള്ള ഒരു കാലം, അവിടെ നിന്നും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള, ദ്രിശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ വരവ്, തുടര്‍ന്നുള്ള മാധ്യമ രംഗത്തെ സ്വകാര്യവല്‍കരണം,അതിനു ശേഷം ഉണ്ടായ നാം കണ്ട നവ മാധ്യമ വിസ്ഫോടനം.
വാര്‍ത്ത‍ വാര്‍ത്തയായി എത്തിക്കുകയും, വാര്‍ത്തയിലെ പക്ഷം ജനങ്ങള്‍ അവരുടെ വിവേചന ബുദ്ധി ഉപയോഗിച്ച് ആലോചിച്ചുകൂട്ടുകയും ചെയ്തിരുന്ന ഒരു മാധ്യമ സംസ്കാരം ഉണ്ടായിരുന്ന ഒരു കാലം. ചാനല്‍ റേറ്റിംഗ് എന്നോ ABC സര്‍ക്കുലേഷന്‍ എന്നോ കേള്‍ക്കാത്ത കാലം. റേഡിയോ വാര്‍ത്ത‍ ഒരു സംസ്കാരത്തിന്‍റെ ദിനചര്യയുടെ ഭാഗമായിരുന്ന കാലം, ആളുകള്‍ വാര്‍ത്തകളെ കാത്തിരുന്ന കാലം. അവിടെ നിന്നുമാണ് ലാഭം മുഖമുദ്ര ആക്കിയ സ്വകാര്യ ചാനലുകള്‍, അതില്‍ നിന്നും ഉണ്ടായ വാര്‍ത്താ ചാനലുകള്‍ എല്ലാം കൂടി ജനങ്ങളുടെ ചിന്ത ശേഷിക്ക് വാര്‍ത്തയെ വിട്ടു കൊടുക്കാതെ വാര്‍ത്തയുടെ "തീര്‍പ്പുകള്‍", വാര്‍ത്തയുടെ അകം മാറ്റിയ നിര്‍മ്മിതികള്‍ ജനങ്ങളുടെ മനസിലേക്ക് കയറ്റി വിടാന്‍ തുടങ്ങിയത്.
ഓരോ ചാനലിനും ഓരോരോ പക്ഷം, വാര്‍ത്തകളും പക്ഷം ചേര്‍ന്ന്, ജനങ്ങളെ തേടി വാര്‍ത്ത‍ പുറത്തിറങ്ങി.
ഓരോ സംഭവങ്ങളും ഇന്ന് നാം കാണുന്നത് മാധ്യമ വിചാരം കഴിഞ്ഞ തീര്‍പ്പുകള്‍ ആയിട്ടാണ്. പൊതുജനത്തിന് ഒരു തെരഞ്ഞെടുപ്പ് പോലും സാധ്യമാക്കാത്ത തരത്തില്‍ ഒരമ്മ പെറ്റതെല്ലാം തോപ്പിക്കാര്‍.ചാനല്‍ റൂമുകളില്‍ ചര്‍ച്ചാ വിദഗ്ദ്ധരും നവ മാധ്യമക്കൂട്ടങ്ങളും തീര്‍പ്പാക്കുന്ന വാര്‍ത്തകളുടെ ചണ്ടി.
കഴിഞ്ഞ ഒരാഴ്ചയായി അല്ലെങ്കില്‍ ഒരു വര്‍ഷമായി കേരള ജനതയുടെ ഏറ്റവും വലിയ വിഷയം സരിത ആയിരുന്നു. അല്ലെങ്കില്‍ മാണി ആയിരുന്നു, പി സി ജോര്‍ജ്‌ ആയിരുന്നു. അതിനിടയില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു വ്യാജ ഏറ്റുമുട്ടല്‍ എന്ന് ദുഷ്പേര് കേട്ട ഒരു കൊലപാതകമോ, ബാങ്കിംഗ് മേഘലയിലെ പുത്തന്‍പരിഷ്കരങ്ങലോ, റെയില്‍വേയില്‍ അടിമുടി അഴിച്ചു പണി നിര്‍ദ്ദേശിച്ച സ്വകാര്യ വല്കരണ നടപടികളുടെ ആരംഭങ്ങളോ ദേശീയ മാധ്യമങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ മാറി, നമ്മുടെ മലയാളം മാധ്യമങ്ങള്‍ ഇതൊന്നും അറിഞ്ഞേ ഇല്ല.
സാമൂഹിക വികസന സൂചികകള്‍ ആയ ജലവും, ശുചിത്വവും, വ്യക്തി സുരക്ഷ,വീടുകള്‍, പോഷണം എന്നിവയുടെ നിലവാരം അടിസ്ഥാനമാക്കി ഇന്നലെ പുറത്തു വിട്ട 133 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നൂറ്റി ഒന്നാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടത് ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തില്ല. പ്രതി ശീര്‍ഷ വരുമാനത്തില്‍ തൊണ്ണൂറ്റി മൂന്നാം സ്ഥാനത്തും. ലോകത്തെ ഏറ്റവും വരുമാനമുള്ളവരുടെ പട്ടികയില്‍ ആദ്യത്തെ നൂറു സ്ഥാനക്കരെയും സംഭാവന ചെയ്യാന്‍ കെല്‍പ്പുള്ള രാജ്യം എന്ന് ഓരോ ഗവണ്‍മെനടും അഭിമാനം കൊള്ളുന്ന ഇന്ത്യ.
ചിന്തിക്കണം ഓരോ ആളും ചിന്തിക്കണം റിലയന്‍സും, അടാനിയും, സണ്‍ ഫാര്‍മ ഗൃപ്പും ഉള്ള രാജ്യത്ത് അവരുടെ വളര്‍ച്ച രാജ്യത്തിന്‍റെ വളര്ച്ചയായും, ജി ഡി പി ആയും കൊണ്ട് നടക്കുന്ന രാജ്യം , ഏറ്റവും അടിസ്ഥാനമായ ജലം,ശുചിത്വം, വീട്,പോഷണം എന്നീ കാര്യങ്ങളില്‍ നേപ്പളിനും, ബംഗ്ലാദേശിനും താഴെ,,, !!
ഈ വാര്‍ത്ത‍ ഒരിക്കലും മാധ്യമങ്ങളുടെ കണ്ണില്‍ പെടില്ല, ദേശീയ മാധ്യമങ്ങളില്‍ ഇ വാര്‍ത്ത‍ ഒന്നാം പേജില്‍ കൊടുത്തതായി കണ്ടത് ദി ഹിന്ദു മാത്രം.
സരിതയോ, മാണിയോ, ജോര്ജോ ഒരു ജനതയുടെ പൊതു പ്രശ്നമല്ല, അത്ര മേല്‍ മലീമസമായ ജനാധിപത്യത്തിന്‍റെ സ്വാഭാവികമായ ഉല്‍പന്നങ്ങള്‍ ആയി എടുത്തു ചവറു കൊട്ടയില്‍ ഇടേണ്ട നികൃഷ്ട ജീവികള്‍ മാത്രമാണ് അവര്‍ ഓരോരുത്തരും.
അതിനു കഴിവില്ലാത്ത ഒരു ജനത, അല്ലെങ്കില്‍ അതിനു കഴിവുണ്ടായിട്ടും, പ്രതികരിക്കാതെ ഇരിക്കുന്ന ഒരു നിഷ്ക്രിയ ജനത ഇത്തരം പുഴുവരിക്കലുകള്‍ അര്‍ഹിക്കുന്നു.
ജനങ്ങളുടെ വോട്ടു വാങ്ങി, ജനങ്ങളുടെ വാക്കിന് വില കൊടുക്കാത്തവര്‍, ജനങ്ങളുടെ നാവിന് കടിഞ്ഞാണിടുന്ന മാധ്യമങ്ങള്‍...
നല്ല പോക്കാണിത്,,, വളരെ നല്ല പോക്ക്.

No comments: