Wednesday, August 13, 2014

മന്ത്രവാദികളുടെ പിറകെ പോവുന്ന കേരളം.
****************************************************
ലോകം ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ സഞ്ചരിക്കുന്നു. വിശ്വാസങ്ങളെക്കാൾ കൂടുതൽ അന്ധവിശ്വാസങ്ങളുമായി. വർത്തമാനകാല സംഭവങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴും നമുക്ക് തോന്നുന്നതും ഇതൊക്കെ തന്നെ. രോഗം ഭേദമാവാൻ മുതൽ നിധി കിട്ടാൻ വരെ ഓരോ അന്ധവിശ്വാസങ്ങളുടെ പിറകെ പോവുന്നവർ ആണ് ഇന്ന് നമ്മുടെ സമൂഹത്തിൽ ഉള്ളത്. നമ്മുടെ ഈ ദുർബലത മുതലെടുത്ത്‌ മുക്കിനു മുക്കിനു തട്ടിപ്പ് കേന്ദ്രങ്ങൾ ദൈനദിനം കൂടി കൂടി വരുന്നു. എന്തുകൊണ്ടാണ് നാം ഇങ്ങനെ എന്ന് നമ്മോടു നാം തന്നെ ചോദിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് മനസ്സിലാവുന്നത്. എന്തിനും ഏതിനും അന്ധ വിശ്വാസങ്ങളിൽ ഊന്നിയ പൂജയും വഴിപാടുകളും ഒക്കെയായി വഴിതെറ്റി പോവുന്ന ഒരു സമൂഹം. ഇതിനെ മുതലെടുത്ത്‌ ഈ പൂജയുടെയും കർമ്മങ്ങളുടെയും ഒക്കെ മറവിൽ സ്ത്രീ പീഡനങ്ങളും ബലാത്സംഗങ്ങളും മുതൽ സാമ്പത്തിക തട്ടിപ്പ് വരെ അരങ്ങേറുന്നു.

എന്നിട്ടും നമ്മൾ ഇതിൽ നിന്നൊന്നും ഒരു പാഠവും പഠിക്കുന്നില്ല എന്നതാണ് സത്യം. വർത്തമാന കാലത്തിലെ വേഗതയേറിയ ജീവിതത്തിൽ സുഖലോലുപതയ്ക്കായി എന്ത് ത്യജിക്കാനും ആര് പറയുന്ന ശുദ്ധ അസംബന്ധങ്ങളും വിശ്വസിച്ചു പണം അതിനായി ചിലവഴിക്കാനും ഒന്നും നമുക്ക് മടിയില്ലാതായിരിക്കുന്നു. "ആചാരങ്ങളുടെ പേരിൽ കാട്ടിക്കൂട്ടുന്ന അന്ധ വിശ്വാസങ്ങളും" ഉണ്ട് നമ്മുടെ സമൂഹത്തിൽ. അടുത്തിടെ തന്നെ എത്രയോ സംഭവങ്ങൾ ആണ് നമ്മുടെ മുന്നിലൂടെ കടന്നു പോയത്. കർണാടകയിൽ നിധി കിട്ടാൻ വേണ്ടി പിഞ്ചു ബാലനെ ബലി കൊടുക്കുന്ന ആൾക്കാർ. കൊല്ലത്ത് ഭ്രാന്ത് മാറ്റാൻ ശ്രമിച്ചു "കപട സിദ്ധന്റെ" തൊഴി ഏറ്റു കൊല്ലപ്പെട്ട സ്ത്രീ, ഇന്നലെ മലപ്പുറത്ത് കൊല്ലപ്പെട്ട ഗർഭിണിയായ യുവതി അങ്ങനെ എത്രയോ കൊലപാതകങ്ങൾ? നമ്മൾ അറിഞ്ഞും അറിയാതെയും അങ്ങനെ എത്രയോ കൊലപാതകങ്ങൾ നടക്കുന്നു ? ചില ആശ്രമങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന അനാശ്വാസ്യ പ്രവർത്തനങ്ങൾ അങ്ങനെ എന്തെല്ലാം കൊള്ളരുതായ്മകൾ ആണ് നമ്മുടെ സമൂഹത്തിൽ ഇന്ന് നടക്കുന്നത് ?? ഉദ്ദിഷ്ട കാര്യം സാധിക്കാൻ "നഗ്ന പൂജ" ചെയ്യുന്നവരും ഉള്ള സമൂഹമാണ് നമ്മുടേത്‌. അതിൽ ആണും പെണ്ണും ഉൾപ്പെടും.

പഴം എറിഞ്ഞും, തുപ്പൽ ഊതിയും, ചുട്ട കോഴിയെ പറപ്പിച്ചും, അന്തരീക്ഷത്തിൽ നിന്നും ആപ്പിൾ എടുത്തു കൊടുത്തും, കിടന്നു വരുന്നവനെ സ്തോത്രം ചൊല്ലി എഴുന്നേല്പ്പിച്ചു നടത്തിയും അങ്ങനെ നിരവധി അനവധി മാർഗങ്ങൾ ഈ തട്ടിപ്പുകാർ അവലംബിക്കുന്നുണ്ട്. അത് വിശ്വസിച്ചു ജനപ്രവാഹമാണ് അവിടങ്ങളിലേക്ക്. സ്ത്രീകൾ തനിച്ചാണ് ഇവിടൊക്കെ പോവുന്നത് എങ്കിൽ തിരിച്ചു വരുമ്പോൾ "ചാരിത്ര്യം" കൂടെയുണ്ടാവില്ല എന്നാതാണ് ഒരു സത്യം. ഭീഷണിയും മാനഹാനിയും ഭയന്ന് ചിലർ ഇതൊന്നും പുറത്ത് പറയാറും ഇല്ല. ആചാരം മൂത്ത് സവർണ്ണൻ കഴിക്കുന്ന എച്ചിൽ അവർണ്ണൻ കഴിക്കുന്ന ആചാരം വരെ ഉള്ള നാടാണ് ഇന്ത്യ. സന്യാസിയുടെ ലിംഗം തൊട്ടു വണങ്ങി അനുഗ്രഹം മേടിക്കുന്ന സ്ഥലങ്ങളും ഉണ്ട്. ഈ അനുഭവങ്ങൾ ഒക്കെയുണ്ടെങ്കിലും നാം ഒന്നും പഠിക്കില്ല.

ഒരു സിദ്ധൻ നമ്മളെ തട്ടിച്ചു പോയി എന്ന് കണ്ടാൽ ഉടൻ അടുത്ത ആളിനെ അന്വേഷിച്ചു പോവുന്ന സംസ്കാരം ആണ് നമുക്കുള്ളത്. ആദ്യം തട്ടിച്ചു പോവുന്ന സിദ്ധനെ പോലെ തന്നെയുള്ളവർ ആണ് ബാക്കിയുള്ളവരും എന്ന സത്യം ആരും ചിന്തിക്കില്ല.. കാരണം വളഞ്ഞ വഴിയിലൂടെ ആണെങ്കിലും മറ്റുള്ളവരേക്കാൾ മുൻപിൽ എത്തണം എന്നാ ചിന്ത ഉള്ളതുകൊണ്ടാവാം ഇത്. ഇതിന്റെയൊക്കെ ഫലം അനുഭവിക്കുന്നത് നമ്മുടെ വരും തലമുറ കൂടിയാണ് എന്നുള്ളത് മറക്കരുത്.. കുഴിച്ചു മൂടപ്പെടെണ്ടതും ശുദ്ധ തട്ടിപ്പുമായ ഇത്തരം അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇടയിലേക്ക് വരും തലമുറയെ ആനയിക്കുന്ന നിങ്ങൾ കൊടും പാതകമാണ് അവരോടു ചെയ്യുന്നത്. ഇതിന്റെയൊക്കെ മറപിടിച്ചാണ് വര്ഗീയതയും തല പൊക്കുന്നത്. സുവിശേഷ പ്രസംഗം ആയാലും, മത പ്രസംഗം ആയാലും, ഭഗവത് ഗീതാ ക്ലാസ്സ്‌ ആയാലും ഒരു പരിധിവരെ നല്ലതാണ്. അതിൽ കൂടി പറയുന്ന ആശയങ്ങൾ നമ്മളിലേക്ക് പകർത്തി മതേതര ചിന്തയിലൂടെ അന്ധ വിശ്വാസങ്ങളിൽ അകപ്പെടാതെ ജീവിക്കാം. പക്ഷെ ഇവിടെ നടക്കുന്നത് എന്താണ് ?? ഇതിലൂടെയൊക്കെ വർഗീയ ചിന്താഗതിയിലേക്ക് പാവം കുഞ്ഞുങ്ങളെ വഴിതിരിച്ചു വിടുന്നവർ ആണ് ചുറ്റും ഉള്ളത്. ഒളിഞ്ഞും തെളിഞ്ഞു വരുന്ന കോടികൾ വാരിയെറിഞ്ഞു ഇവർ അതിനു ശ്രമിക്കുകയും ചെയ്യും.

ഇതിൽ നിന്നൊക്കെ നമ്മൾ ഉണരണം. അന്ധ വിശ്വാസങ്ങളിലൂടെയല്ല സമൂഹം ഉണരേണ്ടത് എന്ന ചിന്ത നമുക്ക് ഓരോരുത്തർക്കും ഉണ്ടാവണം. ബാക്കി എല്ലാ കാര്യങ്ങളിലും "മോഡേണ്‍" എന്ന് പ്രസംഗിക്കുന്ന നാം ഈ കാര്യങ്ങളിലും കൂടി ഈ "മോഡേണ്‍ വൽക്കരണം" കൊണ്ടുവരണം. വിശ്വാസത്തെ ആരും എതിർക്കില്ല.. അന്ധവിശ്വാസത്തെയാണ് എതിർക്കുന്നത്.

No comments: