Wednesday, August 13, 2014

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ നിന്ന്‌ പുറത്തുവരുന്ന വാര്‍ത്ത ആഗോള തലത്തില്‍ ആശങ്ക പരത്താന്‍ പ്രാപ്‌തമാണ്‌. യുഎസിലെ ലക്ഷക്കണക്കിന്‌ ആളുകള്‍ ദിവസവും ഉപയോഗിക്കുന്ന ടൂത്ത്‌ പേസ്‌റ്റ് കാന്‍സറിനു കാരണമായയേക്കാമെന്ന വാര്‍ത്തയാണ്‌ ചര്‍ച്ച ചെയ്യപ്പെടുന്നത്‌. യു എസ്‌ ഉള്‍പ്പെടെ മിക്ക ലോകരാജ്യങ്ങളിലും ജനപ്രിയ ബ്രാന്‍ഡ്‌ ആയി മാറിയ 'കോള്‍ഗേറ്റ്‌ ടോട്ടല്‍' ടൂത്ത്‌ പേസ്‌റ്റാണ്‌ പ്രതിക്കൂട്ടിലായിരിക്കുന്നത്‌.
ടൂത്ത്‌ പേസ്‌റ്റിലെ 'ട്രൈക്ലോസന്‍' എന്ന രാസ്‌വസ്‌തുവാണ്‌ വിവാദത്തിന്റെ കേന്ദ്രബിന്ദു. മോണരോഗങ്ങള്‍ തടയാനായി പേസ്‌റ്റില്‍ ചേര്‍ക്കുന്ന ഈ രാസപദാര്‍ഥം മൃഗങ്ങളില്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്‌ക്കും എല്ലുകളുടെ വളര്‍ച്ച മുരടിക്കാനും കാരണമായിത്തീരുമെന്നാണ്‌ പുതിയ പഠനങ്ങള്‍ പറയുന്നത്‌.
കോള്‍ഗേറ്റ്‌ ടോട്ടലിന്‌ 1997 ല്‍ ആണ്‌ എഫ്‌ഡിഎ (ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍') അംഗീകാരം നല്‍കിയത്‌. എന്നാല്‍, ട്രൈക്ലോസന്‍ സുരക്ഷിതമാണെന്ന്‌ പറയുന്ന രേഖകളൊന്നും പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. മാസങ്ങള്‍ക്ക്‌ മുന്‍പു മാത്രമാണ്‌ ഒരു കേസിന്റെ പരിണിത ഫലമായി ഇവ പ്രസിദ്ധീകരിച്ചത്‌.
മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ ട്രൈക്ലോസന്‍ വന്ധ്യതയ്‌ക്കും മാസം തികയാതെയുളള പ്രസവത്തിനും കാരണമാവാമെന്നും തെളിഞ്ഞിട്ടുണ്ട്‌. പുതിയ പഠനങ്ങള്‍ പുറത്തുവന്നതോടെ 2014 മെയില്‍ മിനസോട്ട ട്രൈക്ലോസന്‍ നിരോധിച്ചു. തുടര്‍ന്ന്‌ 'എവന്‍', 'ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍' എന്നീ കമ്പനികളും ട്രൈക്ലോസനെ അകറ്റാനുളള നടപടികള്‍ ആരംഭിച്ചു. 2010 ല്‍ യൂറോപന്‍ യൂണിയന്‍ ഭക്ഷണവുമായി ബന്ധമുളള എല്ലാ ഉത്‌പന്നങ്ങളില്‍ നിന്നും ഈ രാസവസ്‌തുവിനെ മാറ്റിനിര്‍ത്തി.
എന്നാല്‍ പുതിയ വിവാദങ്ങളിലൊന്നും കുലുങ്ങാന്‍ കമ്പനി തയ്യാറല്ല. ട്രൈക്ലോസന്‍ മനുഷ്യര്‍ക്ക്‌ അപകടം വരുത്തുന്നതായി ഒരു പഠനത്തിലും പറയുന്നില്ല എന്നാണ്‌ ഇവരുടെ വാദം. അതിനാല്‍ തന്നെ പേസ്‌റ്റില്‍ പുതിയ ഫോര്‍മുല ഉപയോഗിക്കാനും ഇവര്‍ തയ്യാറല്ല.

No comments: