Monday, August 25, 2014

മരക്കുതിര
.....................

നടക്കാന്‍ പഠിച്ചപ്പോഴേക്കും
അമ്മയുടെ പൊട്ടു മാഞ്ഞു.
ഒരിഴപോലും വെളുക്കാത്ത
മുടിയിലെ പൂ കൊഴിഞ്ഞു.
കഴുത്തിലെ മിന്നിന്റെ ചരടറുത്തുമാറ്റി.

മരണത്തിന്റെ നിറം കറുപ്പായതിനാല്‍
അമ്മ വെളുത്ത ചേല ചുറ്റി.
വിധവയുടെ രാത്രികള്‍ക്ക്
വരണമാല്യങ്ങള്‍ കരിഞ്ഞ മണം.
മാഞ്ഞ സിന്ദൂരത്തിലൂടെ
നിത്യവിരഹം,
കണ്ണിലെ കൃഷ്ണമണിയില്‍ അണയാത്ത ചിത,
മരണം അക്ഷരപ്പൂട്ടിട്ട് അടച്ച വാതിലു ചാരി
അമ്മ.

എന്നെ എങ്ങും കൊണ്ടെത്തിക്കാത്ത
മരക്കുതിരയില്‍ ഞാന്‍.
അമ്മയുടെ കണ്ണീരുമറയിലൂടെ
ചുവരിലെ കുമ്മായവെളുപ്പില്‍
ഞാന്‍ വരച്ച അച്ഛനും അമ്മയും.

വീണ്ടും മരണത്തിന്റെ അക്ഷരപ്പൂട്ട്.
അച്ഛന്റെ ചുടലയുടെ തീനാവുകള്‍
കാലത്തിലൂടെ വളര്‍ന്നുവളര്‍ന്ന്
അമ്മയേയും രുചിച്ചപ്പോള്‍
എന്റെ കണ്ണീരുമറയിലൂടെ
മരണം ഒരു മരക്കുതിര മാത്രം.

(എ അയ്യപ്പന്‍

No comments: