Wednesday, August 13, 2014

തിരു: പുതിയ 225 പ്ലസ്ടു സ്കൂളും 426 അധികബാച്ചും അനുവദിക്കുന്നതിന് വിദഗ്ധസമിതി തയ്യാറാക്കിയ ശുപാര്‍ശാലിസ്റ്റ് അട്ടിമറിച്ചതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ തയ്യാറാക്കിയ ശുപാര്‍ശാലിസ്റ്റിന് പുറമെ പരിഗണിക്കുന്നതിന് എഴുപതോളം സ്കൂളുകളുടെ ലിസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലെത്തിച്ചതായി മന്ത്രി ഓഫീസിലെ ഉന്നതന്‍ വ്യക്തമാക്കി. ഈ ലിസ്റ്റ് അവഗണിക്കപ്പെട്ടപ്പോഴാണ് സ്കൂള്‍ അനുവദിക്കലില്‍ മുസ്ലിംലീഗിനുള്ള അപ്രമാദിത്തം തകര്‍ക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ വച്ചത്. ഉപസമിതിയില്‍ കോണ്‍ഗ്രസില്‍നിന്ന് എ ഗ്രൂപ്പ് മന്ത്രിമാരെ മാത്രം നിയോഗിച്ചതും ഇതിനാണ്. ഒരാഴ്ച തുടര്‍ച്ചയായി ചേര്‍ന്നിട്ടും എണ്ണൂറോളം അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതിക്ക് കഴിഞ്ഞില്ല.

700 ബാച്ച് അനുവദിക്കാന്‍ തീരുമാനിച്ച മന്ത്രിസഭായോഗം ചേര്‍ന്ന ജൂലൈ 23ന് രാവിലെയും ഉപസമിതി ചേര്‍ന്നു. എന്നാല്‍, അതിലെ മന്ത്രിമാരായ പി കെ അബ്ദുറബ്ബ്, പി ജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു എന്നിവര്‍ക്ക് അവസാന നിമിഷവും യോജിപ്പിലെത്താനായില്ല. തുടര്‍ന്ന് മുഴുവന്‍ ലിസ്റ്റും മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് അന്തിമ ലിസ്റ്റ് തട്ടിക്കൂട്ടിയത്. ലിസ്റ്റിലുള്ള സ്കൂളുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതില്‍വരെ മന്ത്രിസഭയ്ക്ക് വീഴ്ചപറ്റിയത് ഇതിനാലാണ്. മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി വിശദീകരിച്ചത് ആകെ 699 ബാച്ച് എന്നായിരുന്നു. ഉത്തരവ് ഇറങ്ങിയപ്പോള്‍ 700 ബാച്ച്.മുഖ്യമന്ത്രിയാണ് പ്ലസ്ടു സ്കൂള്‍ അട്ടിമറിക്ക് മുഖ്യപങ്കുവഹിച്ചതെന്ന് അദ്ദേഹത്തിന്റെ വാക്കുകളും സാക്ഷ്യപ്പെടുത്തുന്നു.

ആദ്യം ആരോപണവുമായി രംഗത്തുവന്ന എംഇഎസില്‍നിന്ന് നേരിട്ട് പരാതി സ്വീകരിച്ചപ്പോഴും മുഖ്യമന്ത്രി പറഞ്ഞത് ഉത്തരവാദിത്തം താന്‍ ഏല്‍ക്കുന്നുവെന്നായിരുന്നു. ആക്ഷേപ ലിസ്റ്റുമായി തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി 50 ബാച്ചുകൂടി അനുവദിക്കണമെന്ന് മുസ്ലിംലീഗിനോട് ആവശ്യപ്പെട്ടെങ്കിലും ലീഗ് നേതൃത്വം വകവച്ചില്ല. സംസ്ഥാനം മുഴുവന്‍ കോഴ ആരോപണം ഉയര്‍ന്നിട്ടും തെളിവ് കൊണ്ടുവരാന്‍ പറയുകയല്ലാതെ ക്രമക്കേടുണ്ടെങ്കില്‍ പരിശോധിക്കാമെന്നുപോലും പറയാന്‍ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് മുസ്ലിംലീഗിനെ ഭയന്നാണ്. തീരുമാനം ലീഗിന്റെ മാത്രമല്ലെന്ന്് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവര്‍ത്തിച്ചു. ലീഗിനെ പിണക്കി പ്ലസ്ടു പ്രശ്നം പരിഹരിക്കാനാകില്ലെന്നും സര്‍ക്കാര്‍തലത്തില്‍ അന്വേഷണംവന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ കുടുങ്ങുമെന്നും കണ്ടതോടെയാണ് "അന്വേഷണത്തിന് പുതിയ സമിതി' എന്ന തന്ത്രവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ശനിയാഴ്ച രംഗത്തിറങ്ങിയത്. പ്ലസ്ടു കോഴ ഞെട്ടിപ്പിക്കുന്നതാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്്. കൊല്ലത്ത് സ്കൂള്‍ മാനേജരുടെ വീട്ടില്‍ കോഴ ആവശ്യപ്പെട്ടെത്തിയവരില്‍ കോണ്‍ഗ്രസുകാരും ഉണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അത്യാവശ്യ സ്കൂളുകളും ബാച്ചും കിട്ടാത്തതിനാല്‍ നാട്ടിലിറങ്ങാനാകാത്ത അവസ്ഥയാണെന്ന് ചില മന്ത്രിമാരും സുധീരനെ ധരിപ്പിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ വിശദാംശവും സുധീരന് ലഭിച്ചിട്ടുണ്ട്.

No comments: