Monday, August 25, 2014

ആണുങ്ങള്‍ (മയ ഏഞ്ചലോ)
**************************************

ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍
മറയ്ക്കു പിറകിലിരുന്നു
വഴീക്കൂടെ അങ്ങോട്ടുമിങ്ങോട്ടും പോവുന്ന
ആണുങ്ങളെ നോക്കുമായിരുന്നു
ഉഴപ്പന്മാരെ, വയസ്സന്മാരെ.

കടുകുപോലെ പൊട്ടിത്തെറിപ്പുള്ള
ചെറുപ്പക്കാരെ നോക്കൂ.
ആണുങ്ങള്‍ എപ്പോളും
എങ്ങോട്ടെങ്കിലും പോയ്ക്കൊണ്ടിരിക്കും

അവര്‍ക്കറിയാം ഞാനവിടെയുണ്ടെന്ന്
പതിനഞ്ചുവയസ്സില്‍ ,അവര്‍ക്കായി വിശന്നുകൊണ്ട്

എന്റെ ജനാലയ്ക്കു കീഴെ അവരൊന്നു നില്‍ക്കും
ഒരു ചെറുപ്പക്കാരിയുടെ മുലകള്‍ കണക്കെ
അവരുടെ തോളുകള്‍ ഉരുണ്ടിരിക്കും

കുപ്പായവള്ളികള്‍
ഊര്‍ന്നടിക്കുന്ന പിന്‍‌ഭാഗം,
ആണുങ്ങള്‍.

ഒരു ദിവസം അവര്‍ നിങ്ങളെ കൈവെള്ളയിലെടുക്കും
പതുക്കെ, നീയാണ് ലോകത്തെ അവസാന പച്ചമുട്ട എന്നപോലെ
പിന്നെ അവര്‍ അമര്‍ത്തും, പതുക്കെത്തന്നെ,
ആദ്യത്തെ ആ ഞെരിക്കല്‍ കൊള്ളാം
പെട്ടെന്നൊരു കെട്ടിപ്പിടുത്തം.

എതിര്‍പ്പില്ലായ്മയുടെ മയത്തിലേയ്ക്ക് കുറച്ചുകൂടെ.
വേദന തുടങ്ങുകയായി.
പേടിക്കുചുറ്റുമായി
ഒരു വേദനച്ചിരി വഴുതിനടക്കും.
കാറ്റ് കടക്കാതാവുമ്പോള്‍
നിന്റെ മനസ്സ് തലപൊക്കും, ഉഗ്രമായി പൊട്ടിത്തെറിക്കും,
ചുരുക്കത്തില്‍
ഒരു തീപ്പെട്ടിക്കൊള്ളിയുടെ മുന പോലെ, ചിതറി

നിങ്ങളുടെ നീരാണ് അവരുടെ കാലിന്നടിയിലൂടൊഴുകുന്നത്
അവരുടെ ചെരുപ്പുകളില്‍ കറപിടിപ്പിക്കുന്നത്
ലോകം തന്നെത്താനെ ശരിയായി തുടങ്ങുമ്പോള്‍
നാവില്‍ രുചി തിരിച്ചുകിട്ടുമ്പോള്‍
നിന്റെ ദേഹം വാതില്‍ കൊട്ടിയടയ്ക്കും,എന്നത്തേയ്ക്കുമായി
ഒറ്റത്താക്കോലും കാണില്ല

അപ്പോള്‍ ജനാല മനസ്സിലേയ്ക്ക് തള്ളിത്തുറക്കും
അവിടെ ആ വിരികളുടെ തൊട്ടുപുറകില്‍ ആണുങ്ങള്‍ നടക്കും
എന്തൊക്കെയോ അറിഞ്ഞു കൊണ്ട്
എവിടേയ്ക്കോ പോയിക്കൊണ്ട്
പക്ഷെ ഇത്തവണ,
ഞാന്‍ വെറുതെ നിന്നു കാണും,

ചിലപ്പോള്‍. #odyssey

No comments: