Saturday, October 25, 2014

SPECIAL NEWS
  Oct 23, 2014
മലയാളിയുടെ വേഷങ്ങള്‍
ഡോ. എം.പി. ചന്ദ്രശേഖരന്‍
T- T T+
ഒരു വസ്ത്രധാരണരീതിക്കും സ്ഥിരതയില്ല. സ്ഥിരത ആവശ്യവുമില്ല


75-80 വര്‍ഷങ്ങള്‍ക്കപ്പുറം കേരളീയര്‍ക്ക് വസ്ത്രം ധരിക്കുന്ന പതിവേ ഇല്ലായിരുന്നു.
അന്നത്തെക്കാലത്ത് പുരുഷന്മാര്‍ സ്ത്രീകളെക്കണ്ട് വെകിളിപിടിച്ചതായും കേറിപ്പിടിച്ചതായും പറഞ്ഞുകേട്ടിട്ടില്ല

അടുത്തകാലത്ത് സാമാന്യം നല്ല ഒരു ബോംബ് പൊട്ടിച്ചത് നമ്മുടെ ഗാനഗന്ധര്‍വന്‍ യേശുദാസാണ്. അദ്ദേഹം പറഞ്ഞു, പെണ്ണുങ്ങള്‍ ജീന്‍സ് ധരിച്ച് നടക്കരുത് എന്ന്. മറയ്‌ക്കേണ്ടുന്ന ഭാഗങ്ങള്‍ മറച്ചുതന്നെ നടക്കണം. അല്ലെങ്കില്‍ പരുഷന്മാര്‍ക്ക് മറക്കാന്‍ പ്രയാസമാണ് (അവര്‍ക്ക് മറവി കുറവാണല്ലോ). എന്തുകൊണ്ടോ സ്ത്രീകള്‍ പര്‍ദയിട്ട് നടക്കണമെന്ന് അദ്ദേഹം പറഞ്ഞില്ല (ഉള്ളിലിരിപ്പ് അതാണോ എന്ന് സംശയമുണ്ട്). കേട്ടതുപാതി കേള്‍ക്കാത്തതുപാതി, മഹിളാ സംഘടനകള്‍ രാഷ്ട്രീയം മറന്ന്, അരയും തലയും മുറുക്കി, ഉറുമി വലിച്ചൂരി, ഓതിരം കുത്തി, കടകം മറിഞ്ഞ് ഗന്ധര്‍വന്റെ നേര്‍ക്ക് പാഞ്ഞടുത്തു. ഹും ഉണ്ണിയാര്‍ച്ചയുടെ പിന്മുറക്കാരായ ഞങ്ങളോടാണോ കളിക്കുന്നത്? മര്യാദയ്ക്ക് പാട്ടുംപാടി നടന്നാപ്പോരേ? ഗന്ധര്‍വനാണെന്നുവെച്ച് പെണ്ണുങ്ങളെ ഉപദേശിക്കാന്‍ വരേണ്ട. മധ്യസ്ഥര്‍ പറഞ്ഞു, പാവം ഗന്ധര്‍വന്‍ ജീന്‍സിന്റെ കാര്യമല്ലേ പറഞ്ഞുള്ളൂ. നിങ്ങള്‍ ദയവായി മറ്റൊന്നും ധരിക്കരുത്.

രംഗം ചൂടുപിടിച്ചുവരുമ്പോഴാണ് ഈയുള്ളവന്‍ ചരിത്രപുസ്തകത്തിന്റെ ഏടുകള്‍ മറിച്ചുനോക്കിയത്. കേരളത്തില്‍ ഏത് പുതിയ വസ്ത്രധാരണരീതി വന്നാലും സമൂഹം എതിര്‍ക്കും. 75 - 80 വര്‍ഷങ്ങള്‍ക്കപ്പുറം കേരളീയര്‍ക്ക് വസ്ത്രം ധരിക്കുന്ന പതിവേ ഇല്ലായിരുന്നു പുരുഷന്മാര്‍ക്ക് ഒരു ഒറ്റമുണ്ടും കോണകവും (മലബാറില്‍ എടപ്പാള്‍ കൈക്കോണകവും തിരുവിതാംകൂറില്‍ അമ്പലപ്പുഴ കോണകവും ആയിരുന്നു പ്രസിദ്ധം. അതിന്റെ വ്യത്യാസം പിന്നീട് പറയാം). പുറത്തിറങ്ങുമ്പോള്‍ ഒരു രണ്ടാംമുണ്ടും പേനക്കത്തിയും, കഴിഞ്ഞൂ വേഷവിധാനങ്ങള്‍. സ്ത്രീകള്‍ക്ക് ഒന്നരയും മുണ്ടും. വേണമെങ്കില്‍ ഒരു പുതപ്പ് ആവാം. പക്ഷേ, അമ്പലത്തില്‍ പോകുമ്പോള്‍ മാറുമറയ്ക്കാന്‍ പാടില്ല. അതാണ് നിയമം. അന്നത്തെക്കാലത്ത് പുരുഷന്മാര്‍ അവരെക്കണ്ട് വെകിളിപിടിച്ചതായും കേറിപ്പിടിച്ചതായും പറഞ്ഞുകേട്ടിട്ടില്ല.

അഞ്ചാം ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന എന്റെ അമ്മ സ്‌കൂള്‍ വിട്ടുവരുമ്പോള്‍ ബ്ലൗസിട്ട് വീട്ടിലേക്ക് കയറുന്നതുകണ്ട് വലിയ കാരണവര്‍ ഏതാണൊരു ഉമ്മക്കുട്ടി അകത്തേക്ക് കയറിയതെന്ന് അന്വേഷിച്ചു. കാരണം അന്നൊക്കെ ഉമ്മക്കുട്ടികള്‍ മാത്രമേ മേല്‍വസ്ത്രം ധരിക്കാറുള്ളൂ. വലിയമ്മായിയുടെ നര്‍മവും കൗശലവും കാരണം പ്രശ്‌നങ്ങള്‍ ഒഴിവായിക്കിട്ടി എന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. സംഭവം 1926-27 കാലത്ത് നടന്നതാവും. ഋതുമതികളായ പെണ്‍കുട്ടികള്‍ക്ക് 'ഒന്നര' നിര്‍ബന്ധമായിരുന്നു. പ്രത്യേകിച്ചും വടക്കേ മലബാറില്‍. ഇതിനൊരു കാരണം പെണ്‍കുട്ടികളും ഒരുകാലത്ത് കളരിപ്പയറ്റ് അഭ്യസിച്ചിരുന്നു എന്നതാണ് (ഇന്നത്തെക്കാലത്താണ് സ്വയരക്ഷയ്ക്കുവേണ്ടി കൂടുതല്‍ പ്രസക്തി എന്നുതോന്നുന്നു. ഒന്നരയുടെ ഒരു പുതിയ പതിപ്പ് സ്വയരക്ഷയ്ക്കുവേണ്ടി തിരികെ കൊണ്ടുവരുന്നതില്‍ തെറ്റില്ലെന്നുതോന്നുന്നു). ഈയിടെ ഒരു സിനിമാനടി പറയുന്നതുകേട്ടു, എം.ടി.യുടെ പടത്തില്‍ അഭിനയിക്കാന്‍ ഒന്നരയുടുക്കല്‍ എന്നൊരു പരിപാടിയുണ്ട്, അതൊരു മഹാസംഭവമാണ്. ഇന്നത്തെ തലമുറ ഒന്നരയെ പൂര്‍ണമായും തിരസ്‌കരിച്ചതായി തോന്നുന്നു.

സ്വാതന്ത്ര്യലബ്ധിയോടുകൂടി സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം സര്‍വസാധാരണമായതോടെ ഒന്നരയും മുണ്ടും ബ്ലൗസും കേരളസ്ത്രീയുടെ വസ്ത്രമായി സ്വീകരിക്കപ്പെട്ടു. പുറത്തിറങ്ങുമ്പോള്‍ ഒരു വേഷ്ടികൂടി വന്നതോടെ പുളിയിലക്കര മുണ്ടും കസവുമുണ്ടും പല നിറങ്ങളിലും ഇറങ്ങി. ഒന്നരയും മുണ്ടും നേര്യതും എവിടെയും ധരിക്കാവുന്ന കേരളപ്പെരുമയുടെ വസ്ത്രമായിമാറി. വിളക്കിന് ചുറ്റും തിരുവാതിരക്കളി കളിക്കുമ്പോള്‍ അവര്‍ പ്രധാനമായും പൃഷ്ടമാണ് പ്രദര്‍ശിപ്പിക്കുന്നത്. അതിലാര്‍ക്കും എതിര്‍പ്പുള്ളതായി പറഞ്ഞുകേട്ടിട്ടില്ല. ഗാനഗന്ധര്‍വന്‍ ധാരാളം തിരുവാതിരക്കളി കാണാറുണ്ടെന്നാണ് എന്റെ വിശ്വാസം. മാറുമറയ്ക്കാതെ നടന്നിരുന്ന നമ്മുടെ മുത്തശ്ശിമാരുടെ കിടാങ്ങള്‍ റൗക്കയും ബ്ലൗസും ധരിച്ചുതുടങ്ങിയപ്പോള്‍ അവരുടെ വയറുകാണുന്നു, പൊക്കിള്‍ കാണുന്നു എന്നൊക്കെ പറയുന്നത് കേവലം ബാലിശമാണ്, ചരിത്രത്തിന്റെ നിഷേധമാണ്.

പുരുഷന്മാരുടെ കാര്യം അതിലേറെ രസകരമാണ്. കഷണ്ടിയും കഞ്ഞിപിഴിഞ്ഞ മുണ്ടും വെടിക്കല, കുംഭ, പുറത്തുരോമം ഇത്രയുമായാല്‍ തറവാടിത്തം തുളുമ്പുന്ന മലയാളി കാരണവരായി. കോണകവും പേനാക്കത്തിയും കുടുമയും ഉണ്ടെങ്കില്‍ വേഷം പെര്‍ഫെക്ട്. ഷര്‍ട്ട് ധരിച്ചിരുന്നത് വക്കീലന്മാരും മറുനാട്ടില്‍ ജോലിക്കുപോയിരുന്നവരും മാത്രം. കാലം കഴിഞ്ഞതോടെ രാഷ്ട്രീയക്കാര്‍ എന്നൊരു വര്‍ഗത്തെ ജുബ്ബയും മുണ്ടും രശീതിപുസ്തകങ്ങളുമായി നാട്ടിലുടനീളം കണ്ടുതുടങ്ങി. പാര്‍ട്ടി ഭേദമെന്യേ അവര്‍ പ്രചരിപ്പിക്കുന്ന ഒരേയൊരു സന്ദേശം പാന്റിട്ടവന്‍ ബൂര്‍ഷയും മുണ്ടുടുത്തവന്‍ ജനകീയനും എന്നത്രെ. പണ്ടൊക്കെ ഖദര്‍ മുണ്ടും ജുബ്ബയുമിട്ടാല്‍ കോണ്‍ഗ്രസ്. കൊമ്പന്‍മീശ മുകളിലോട്ട് പിരിച്ചാല്‍ കമ്യൂണിസ്റ്റ്. കീഴോട്ട് പിരിച്ചാല്‍ ആര്‍.എസ്.പി., കട്ടിമീശയും മുറിക്കൈയന്‍ ഷര്‍ട്ടുമിട്ടാല്‍ കേരള കോണ്‍ഗ്രസ്, മുടി നീട്ടിവളര്‍ത്തിയാല്‍ പന്ന്യന്‍ രവീന്ദ്രന്‍ എന്നിങ്ങനെ പാര്‍ട്ടിചിഹ്നങ്ങളായും വേഷവിധാനങ്ങളെ ഉപയോഗിക്കാമെന്നുവന്നു. നമുക്കെല്ലാം പ്രിയങ്കരനായ ശശി തരൂര്‍ ജീവിതകാലം മുഴുവനും സായിപ്പിന്റെ വേഷത്തില്‍ നടക്കുകയും എഴുതുകയും ചിന്തിക്കുകയും ശ്വസിക്കുകയും ചെയ്‌തെങ്കിലും രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ പാന്റ് ഉപേക്ഷിച്ചു. പാന്റിന്റെ ആവശ്യംകൂടി നിര്‍വഹിക്കുന്ന നെടുനീളന്‍ ജുബ്ബയും കഴുത്തിലൂടെ പാമ്പുപോലെ ഇറങ്ങിക്കിടക്കുന്ന അങ്കവസ്ത്രവുമാണദ്ദേഹത്തിന്റെ വേഷം. തിരുവനന്തപുരത്തുകാരെ മുഴുവന്‍ കുപ്പിയിലാക്കിയില്ലേ, ഇനിയെന്തുവേണം? അതാണ് വസ്ത്രധാരണത്തിന്റെ രാഷ്ട്രീയം.

രവിവര്‍മച്ചിത്രങ്ങളിലെ പുരാണകഥാപാത്രങ്ങളായ ദമയന്തി, ശകുന്തള, അനസൂയ, പ്രിയംവദ തുടങ്ങിയവരും ദേവതകളായ പാര്‍വതി, സരസ്വതി, ലക്ഷ്മി എന്നിവരും കേരള വസ്ത്രങ്ങളല്ല ധരിച്ചിരുന്നത്. ചിത്രകാരന്റെ മോഡലുകള്‍ മഹാരാഷ്ട്ര സ്ത്രീകളായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അതവരുടെ താര്‍പാച്ചി സാരികള്‍ കണ്ടാലറിയാം. കേരള വനിതകള്‍ സാരി ഉടുത്തുതുടങ്ങിയിട്ട് അധികകാലമായിട്ടില്ല. സാരിയും പാവാടധാവണിയും തമിഴ്‌നാട്ടില്‍നിന്ന് വന്നതാണ്. കേരളീയര്‍ ഇവ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു, എതിര്‍പ്പില്ലാതെ. അമ്പലങ്ങളില്‍ മാറുമറയ്ക്കാതെപോയവര്‍ സര്‍വാലങ്കാരവിഭൂഷിതഗാത്രികളായി വേണം തൊഴാന്‍ എന്ന നിയമവും വന്നു. അമ്പലങ്ങളില്‍ പുതിയ നിയമം പുരുഷന്മാര്‍ അര്‍ധനഗ്‌നരായിത്തന്നെ തുടരണമെന്നാണ്.

അങ്ങനെയിരിക്കെ 1985ഓടെ 'പഞ്ചാബി' എന്ന അപരനാമധേയത്തോടുകൂടി സാല്‍വാര്‍ കമ്മീസ് അവതരിച്ചു. ആദ്യകാലത്ത് ആളുകള്‍ നെറ്റിചുളിച്ചെങ്കിലും അത് കാട്ടുതീപോലെ പെണ്‍കുട്ടികള്‍ക്കിടയില്‍ പടര്‍ന്നു. യാത്രചെയ്യാനും മറ്റുമുള്ള സൗകര്യം കാരണം ക്രമേണ അമ്മമാരും മധ്യവയസ്‌കകളും ഇതുപയോഗിച്ചുതുടങ്ങി. കോളേജുകളില്‍നിന്ന് സാരി പൂര്‍ണമായും അപ്രത്യക്ഷമായി. സര്‍ക്കാറിന്റെ വാശികാരണം ടീച്ചര്‍മാര്‍ സാരി ഉടുക്കുന്നെന്നുമാത്രം. ഈ നിബന്ധനകൂടി നീക്കുന്നതോടെ സാരി കല്യാണപ്പന്തലിലും അമ്പലങ്ങളിലുമായി ചുരുങ്ങുമെന്നുവേണം കരുതാന്‍.

പെണ്‍കുട്ടികള്‍ ധാരാളമായി ഐ.ടി. കമ്പനികളിലും വിദേശത്തും ജോലിചെയ്യാന്‍ തുടങ്ങിയതോടെ അവര്‍ക്ക് സ്‌കൂട്ടറിലും മോട്ടോര്‍ സൈക്കിളിലും യാത്രചെയ്യേണ്ടിവരുന്നു. സാരിയും ദുപ്പട്ടയും മറ്റും വളരെ അപകടകാരികളാണ്. അപ്പോള്‍ പറ്റിയ വേഷം ജീന്‍സും ടോപ്പും തന്നെ. ഇതിനെ എതിര്‍ക്കാന്‍ എന്ത് കാരണമാണുള്ളതെന്ന് മനസ്സിലാകുന്നില്ല. മാറുമറയ്ക്കാതെ തൊഴുമ്പോഴും പൃഷ്ഠം കാട്ടി തിരുവാതിര കളിക്കുമ്പോഴും ഇല്ലാത്ത ലൈംഗികത ജീന്‍സില്‍ എവിടെനിന്നുവന്നു? നാം കണ്ടുപരിചയിച്ചിട്ടുള്ളതെല്ലാം ശരിയും മറ്റെല്ലാം തെറ്റും എന്ന സങ്കല്പത്തില്‍നിന്നാണ് ഇത്തരം അഭിപ്രായങ്ങള്‍ രൂപംകൊള്ളുന്നത്. വസ്ത്രധാരണരീതി കാലത്തിനും കാലാവസ്ഥയ്ക്കും ജോലിസൗകര്യത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. അതില്‍ അമര്‍ഷം കൊള്ളുന്നതിന് യാതൊരു നീതീകരണവുമില്ല. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ ജോലിചെയ്യാന്‍ അവസരമുള്ള നാട്ടില്‍ അവര്‍ക്ക് എന്തുകൊണ്ട് ഒരേ വസ്ത്രം ധരിച്ചുകൂടാ? സ്ത്രീകള്‍ തെങ്ങില്‍ കയറുന്ന കാലം വരുമെന്ന് പത്തുകൊല്ലം മുന്‍പ് ആരെങ്കിലും കരുതിയോ? ഒരു വസ്ത്രധാരണരീതിക്കും സ്ഥിരതയില്ല. സ്ഥിരത ആവശ്യവുമില്ല.

അവസാനമായി, സ്ത്രീകളുടെ നേര്‍ക്കുള്ള അക്രമങ്ങളെ അവരുടെ വസ്ത്രധാരണവുമായി ബന്ധിപ്പിച്ച് സംസാരിക്കുന്നത് കേള്‍ക്കാം. നമ്മുടെ നാട്ടില്‍ നടന്നിട്ടുള്ള എല്ലാ ബലാത്സംഗങ്ങളും പീഡനങ്ങളും മാന്യമായി വസ്ത്രധാരണം ചെയ്ത സ്ത്രീകളുടെ നേര്‍ക്കാണ് നടന്നിട്ടുള്ളത്. അപ്പോള്‍ ഇതുതമ്മില്‍ എന്താണ് ബന്ധം? ലോകത്തെവിടെയും സഞ്ചരിക്കാനും ആരുമായും ഇടപഴകാനും കഴിവുള്ള നമ്മുടെ കുട്ടികള്‍ അവര്‍ക്ക് സൗകര്യമുള്ള വസ്ത്രം ധരിക്കട്ടെ. രംഗമൊഴിയാന്‍ പോകുന്ന തലമുറ സ്വന്തം നിര്‍ബന്ധങ്ങള്‍ അടിച്ചേല്പിക്കരുത്. (എന്‍.ഐ.ടി. മുന്‍ ഡയറക്ടറാണ് ലേഖകന്‍)

No comments: