Thursday, October 16, 2014

അ ആ ഇ ഈ ഉ (സച്ചിദാനന്ദന്‍)
.........................................................

മലയാളി ആയിരുന്നെങ്കിലും
മലയാളം പറയാതിരിക്കാന്‍
അയാള്‍ എപ്പോളും ശ്രദ്ധിച്ചു
പക്ഷേ, മറവിരോഗം ബാധിച്ചതോടെ
അയാളുടെ കട്ടില്‍ തൊട്ടിലായി
കാതില്‍ ‘ഓമനത്തിങ്കള്‍’ തെളിഞ്ഞു
നിറംപോയിരുന്ന കണ്ണുകളില്‍
വയനാടന്‍ പച്ചനിറഞ്ഞു
നാട്ടിന്‍പുറത്തെ ഇടവഴിയിലെ
പൂക്കള്‍ ഓരോന്നായി
ധമനികളില്‍ പൊട്ടിവിരിഞ്ഞു.
സഹ്യന്‍െറ ചരിവുകളില്‍
നിന്നിറങ്ങിവന്ന ഒരാട്ടിന്‍പറ്റം
ഞരമ്പുകളില്‍ ചൂടുപകര്‍ന്നു
മേഞ്ഞുനടന്നു.

പിന്നെ അറബിക്കടല്‍
അയാളുടെ കാലടികള്‍
ഇക്കിളിയാക്കി തണുപ്പിച്ചു
തലച്ചോറിലെ ചോരക്കുഴലുകള്‍ പൊട്ടി
വാക്കുകള്‍ പുറത്തുവന്നു:
അമ്മ.
ആന.
ഇല.
ഈണം.
ഉമ്മ.

No comments: