Thursday, October 16, 2014

മഹാനായ വിപ്ലവകാരി
സഖാവ് സി.എച്ച് കണാരന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാരിലെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.ഒക്ടോബര്‍ 20 സി.എച്ചിന്‍റെ അനശ്വര സ്മരണകളിരമ്പുന്ന ദിനം.ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ മൂന്ന് പേരുടെ സമാനതകള്‍ വിപ്ലവ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നു.ബംഗാളില്‍ സഖാവ് പ്രമോദ് ദാസ് ഗുപ്ത കേരളത്തില്‍ സഖാവ് പി.കൃഷണപ്പിള്ള. അതേ സംഘടനാ ഗുണവിശേഷത്തോടെ പിന്നെ സഖാവ് സി.എച്ച് കണാരന്‍.ബംഗാളിലെ അജയ്യമായ വിപ്ലവ സംഘടനയെ വളര്‍ത്തിയതും നയിച്ചതും സെക്രട്ടറിയായി നിന്ന് പ്രമോദ് ദാസ് ഗുപതയായിരുന്നു.സുശക്തമായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ച സെക്രട്ടറിമാരായിരുന്നു പി.കൃഷണപ്പിള്ളയും സി.എച്ചും. പുതിയ കാലത്ത് സഖാവ് സി.എച്ചിനെക്കുറിച്ച് വിശദമായ പഠനം ആവശ്യമായിട്ടുണ്ട്. മൂലധന ശക്തികള്‍ അവര്‍ രൂപം കൊടുത്ത രാഷ്ട്രീയ അജണ്ടകളോടെ കേരളത്തിലെ സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുകയാണ്.വിപ്ലവ പാര്‍ട്ടിയുടെയുടെ അച്ചടക്കം, കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ എന്നിവ ദുര്‍ബലപ്പെടുത്തുക എന്നതാണ് ശത്രു വര്‍ഗ്ഗത്തിന്‍റെ മുഖ്യലക്ഷ്യം.ഉരുക്ക് പോലെയുറച്ച സംഘടനയുടെ ആവശ്യകതയില്‍ ഉറച്ച് നിന്ന അമരക്കാരനായിരുന്നു സി.എച്ച്. സി.എച്ചിനെ തകര്‍ക്കാന്‍ ആ കാലത്ത് 'കൈക്കൂലി കണാരന്‍' എന്ന് ഭരണ വര്‍ഗ്ഗ നേതാക്കള്‍ പ്രസംഗിച്ചു നടന്നതായി പഴയ തലമുറയുടെ ഓര്‍മ്മകളിലിപ്പോഴും മുഴങ്ങുന്നുണ്ട്.മഹാനായ സി,എച്ചിന്‍റെ മരിക്കാത്ത ഓര്‍മ്മകള്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കത്തി ജ്വലിക്കട്ടെ.
----------------------------------------------------------------
ഇ.നാരായണന്‍ എന്ന കമ്മ്യൂണിസ്റ്റ്
ബീഡി തൊഴിലാളിയില്‍ നിന്ന് ആഗോള പ്രശസ്ത സഹകാരിയായ കമ്മ്യൂണിസ്റ്റ് ആയിരുന്നു സഖാവ് ഇ.നാരായണന്‍.ഒക്ടോബര്‍ 16 സഖാവിന്‍റെ ഒന്നാം ചരമ വാര്‍ഷിക ദിനം.ബീഡി,കര്‍ഷക തൊഴിലാളി, മുന്‍സിപ്പല്‍ തൊഴിലാളി,ചെത്ത് തൊഴിലാളി സംഘടനകളുടെ നേതൃത്വം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു.അന്‍പതുകളിലെ അറിയപ്പെടുന്ന നാടക നടന്‍ കൂടിയായ ഈ സഹകരണ പ്രതിഭ ആധുനിക തലശ്ശേരിയുടെ ശില്പി കൂടിയായിരുന്നു.
ഞങ്ങളെ,ഭരണകൂടം രാഷ്ട്രീയ പകയുടെ പേരില്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുത്ത കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതില്‍ വളരെയധികം വേദന അനുഭവിച്ച വ്യക്തികളില്‍ ഒരാളായിരുന്നു എന്നത് എന്‍റെ നേരനുഭവവും ഒരു ദുഃഖസ്മരണയും.ഒന്നര വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം നാടുകടത്തപ്പെട്ടു പോകുമ്പോള്‍ വഴിയില്‍ സഹകരണ ആശുപത്രിക്ക് മുന്‍പില്‍ അന്ത്യവിശ്രമ സ്ഥാനത്ത് കത്തിയമര്‍ന്ന ചാരക്കൂനയില്‍ ഒരുപിടി രക്തപുഷപങ്ങള്‍ അര്‍പ്പിച്ചാണ് ഞങ്ങള്‍ ഏറണാകുളത്തേക്ക് വന്നത്.സി.എച്ച് കണാരന്‍, പി.ആര്‍.സി,പാട്യം ഗോപാലന്‍,പി.വി.കുട്ടിയേട്ടന്‍,പി.വിജയന്‍ വടവതി വാസു,പാണ്ട്യാല ഗോപാലന്‍ മാസ്റര്‍,കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ മാസ്റര്‍,ഇ.നാരായണന്‍...........
തലശ്ശേരിയുടെ പ്രിയപ്പെട്ട എത്രയെത്ര നേതാക്കള്‍.
ഓര്‍മ്മകള്‍ നമുക്ക് ഊര്‍ജമാവട്ടെ.
-------------------------------------------------------------------------------
അഴീക്കോട്‌ മാഷ്‌ ശ്രോതാക്കളോട്..
ഇത് വര്‍ഷം 1991 തന്നെയല്ലേ?
സദസ്സ് അന്തംവിട്ടു.പണ്ഡിതനും ബുദ്ധി സാഗരവുമായ അഴീക്കോട്‌ മാഷ്‌ എന്താണിങ്ങനെ ചോദിക്കുന്നത്?ഏത് കുട്ടിക്കും അറിയാമല്ലോ നടപ്പ് വര്‍ഷം 1991 തന്നെയാണെന്ന്!അന്നത്തെ പത്രമെടുത്ത് നോക്കിയപ്പോള്‍ എല്ലാത്തിലുംമാഷ്‌ കണ്ടത് 1991 എന്നാണത്രേ.മാഷ്‌ തുടര്‍ന്ന് പറഞ്ഞു; എനിക്കിപ്പോള്‍ അതും സംശയമാണ്.പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വായിച്ചു വായിച്ചു അതില്‍ അച്ചടിച്ച്‌ വരുന്ന തിയ്യതിയും പച്ചക്കള്ളമാണോ എന്നൊരു സംശയം!!
------------------------------------------------------------------------
നെഹ്റു ഗാന്ധിത്തൊപ്പി കൊണ്ട് ഒന്നേ മൂടിവച്ചിട്ടുള്ളൂ; അത് തന്‍റെ കഷണ്ടിയെ.ഇന്നദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍ എന്തെല്ലാം വലിയ പാപങ്ങളാണ് മൂടിവയ്ക്കുന്നത്.........?(സുകുമാര്‍ അഴീക്കോട്‌)
സരിതാ എസ് നായര്‍ മലയാള മാധ്യമ മണ്ഡലത്തില്‍ മിന്നുകയാണ്.സോളാര്‍,ടൈറ്റാനിയം,ശാലു,കരിക്ക്,കട്ടില്‍, സലിം രാജ്, എം.എല്‍.എ ഹോസ്റല്‍,ഭൂമിതട്ടിപ്പ് കൊള്ളകള്‍, പ്ലസ്ടു കോഴ....... നിറഞ്ഞ് നിന്ന് കേരളം വളരുകയാണ്.മാണി സാറിന്‍റെ പള്ളക്ക് കുത്തി വീക്ഷണം പത്രം.ലീഗിന്‍റെ ചന്തിക്ക് മാന്തി യൂത്തന്മാര്‍ കോന്തന്മാര്‍. കൃഷിയേന്ദ്രന്‍റെ മണ്ടയ്ക്ക് മുണ്ടിട്ട് കര്‍ഷക കോണ്‍ഗ്രസിന്‍റെ കൊട്ട്.പോഴന്മാരുടെ ഭരണത്തെ പിരാകി പിള്ളപ്പിരാന്ത്.പ്രദേശ്‌ അധ്യക്ഷന്‍റെ വരിയുടച്ച മദ്യമാമാങ്കം.എന്തൊരൈക്യം എന്തൊരു ജനാധിപത്യം എന്ത് നല്ല ഭരണം !
ജനസേവന രാഷ്ട്രീയ പക്ഷത്തിനു കല്ലേറ് സരിതപക്ഷ കേരളത്തിന് പൂവേറ്.നാറിയാലും പേറും വലത്പക്ഷമായാല്‍ മതി.
---------------------------------------------------------------------------------------
മനുഷ്യത്വം പിന്‍വാങ്ങുന്നിടത്ത് മനുഷ്യസ്നേഹവുമായി കമ്മ്യൂണിസ്റ്റ്കാരെത്തുന്നു.
പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോളയെന്ന മാരകരോഗം.
ആയിരങ്ങള്‍ ചത്തൊടുങ്ങുന്നു.
സമ്പന്ന രാജ്യങ്ങളും വൈദ്യലോകവും ഭയന്ന്‍ പിന്‍വാങ്ങിയപ്പോള്‍
കമ്മ്യൂണിസ്റ്റ് ക്യൂബയിലെ ഗവണ്മെന്റും വൈദ്യസംഘവും പശ്ചിമാഫ്രിക്കയില്‍ കടന്നു ചെന്ന് മനുഷ്യത്വം ഉയര്‍ത്തി ജനങ്ങളെ സഹായിക്കുന്നു.ഈ സത്യം മാധ്യമങ്ങളിലൊന്നും അധികം നിറഞ്ഞ് കാണില്ല.കാരണം ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് ഗവണ്മെന്‍റ് ആണല്ലോ.മറ്റുള്ളവര്‍ നോക്കി നില്‍ക്കുമ്പോള്‍,പേടിച്ച് പിന്‍വാങ്ങുമ്പോള്‍ ലോകത്തെവിടെയും കമ്മ്യൂണിസ്റ്റ്കാരുണ്ടാവുമെന്നത് അനുഭവസാക്ഷ്യം.
കോളറയിലും വസൂരിയിലും നാല്‍പതുകളില്‍ കേരളം വലഞ്ഞപ്പോള്‍ ഭയലേശമില്ലാതെ ജീവരക്ഷയ്ക്ക് ഓടിയെത്തിയതും കമ്മ്യൂണിസ്റ്റ്കാര്‍.കണ്ണൂരില്‍ 7500ല്‍പ്പരം ശയ്യാവലംബികളായ രോഗികള്‍ക്ക് സ്വാന്തന പരിചരണം നല്‍കാനെത്തുന്നതും കമ്മ്യൂണിസ്റ്റ്കാര്‍.കമ്മ്യൂണിസ്റെന്ന് കേട്ടാല്‍ കല്ലെറിയുന്നവന്‍ നാളെ വീണ്‌ പോയാലും താങ്ങിയെടുക്കാന്‍ അവര്‍,കമ്മ്യൂണിസ്റ്റ്കാര്‍ ഉണ്ടാവുമെന്ന്‍ തീര്‍ച്ച.
---------------------------------------------------------------------------
അക്ഷരം പകര്‍ന്നു നല്‍കിയ ഗുരുനാഥനെ ലീഗ്കാര്‍ 2008ല്‍ നടുറോട്ടില്‍ ചവിട്ടിക്കൊന്നു.അരീക്കോട് സ്കൂളിലെ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിന്‍ ആയിരുന്നു ധാരുണമായി കൊല്ലപ്പെട്ടത്.കേസിലെ ദൃക്സാക്ഷികളടക്കം 47 സാക്ഷികളേയും ഭീകരതയിലും ഭീഷണിയിലും കൂറുമാറ്റിച്ചു.മുക്കിയധാരക്കാരും അന്തിച്ചര്‍ച്ചക്കാരും കൂറുമാറ്റിയതൊന്നും അറിഞ്ഞില്ലാ......പ്രതികളെ വെറുതെ വിട്ടതും കണ്ടില്ല.ഗുരുനാഥനെ കൊന്നാലും കൂറുമാറ്റിയാലും അത് വാര്‍ത്തയാകുന്നില്ലല്ലോ?
ജെയിംസ് അഗസ്റ്റിന്‍ മാഷ്‌ ഇടത്പക്ഷം ആയിപ്പോയതാണ് കുറ്റം.ഇതാണ് വലത്പക്ഷ 'ധാര്‍മ്മികത'.ഇതാണ് ജനം വിശ്വസിക്കുന്ന മാധ്യമ 'നിഷ്പക്ഷത'.ഇദ്ദേഹവും ഒരു നല്ല അധ്യാപകനും നന്മയുള്ള മനുഷ്യനുമായിരുന്നു.
----------------------------------------------------------------------------------------
ജ്വലിച്ച ധ്രുവ നക്ഷത്രം
സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സഖാവ് പാട്യം ഗോപാലന്‍ ജ്വലിച്ചുയര്‍ന്ന ഒരു ധ്രുവ നക്ഷത്രം.തലശേരിയില്‍ നിന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രഗല്‍ഭനായ ഒരു പാര്‍ലമെന്‍റെറിയന്‍.ജയിലില്‍ കിടന്നു കൊണ്ട് കന്നി മത്സരത്തില്‍ വി.ആര്‍ കൃഷ്ണയ്യരെ തോല്‍പ്പിച്ച് ചരിത്രം സൃഷ്ടിച്ചു.മാര്‍ക്സിസത്തില്‍ ആര്‍ജിച്ച അഗാധ പണ്ഡിത്യം ലളിതമായി ബഹുജനങ്ങള്‍ക്ക് പകര്‍ന്നു കൊടുത്ത പാര്‍ട്ടി അദ്ധ്യാപകന്‍.ശത്രുവര്‍ഗ്ഗത്തിന്‍റെ കടന്നാക്രമണങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കാതെ വിപ്ലവ സംഘടനയെ നയിച്ചു.അവിഭക്ത കണ്ണൂര്‍ ജില്ലയിലെ കാഞ്ഞങ്ങാട് ആര്‍.എസ്.എസ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള അവസാനത്തെ പ്രസംഗം.പാട്യത്തിന്‍റെ അകാല വിയോഗം മനസ്സില്‍ വിങ്ങുന്ന ഒരോര്‍മ്മയാണെന്നും. എ.കെ.ഗോപാലന്‍ കെ.പി.ആര്‍ ഗോപാലന്‍ കെ.പി ഗോപാലന്‍ പാര്‍ട്ടി സ്ഥാപക നേതാക്കളായ ഗോപാല ത്രയങ്ങള്‍.അനശ്വരനായ പാട്യം ഗോപാലനും ആ നിരയിലെ സമുന്നത നേതാവ്.കണ്ണൂരിന്‍റെ രക്തച്ചുവപ്പുള്ള മണ്ണില്‍ സഖാവ് പാട്യം ഗോപാലന്‍റെ സ്മരണകള്‍ക്കും മരണമില്ല.
-----------------------------------------------------------------------
ധീര രക്തസാക്ഷി അഴീക്കോടന്‍.
അതുല്യനായ ഒരു പടനായകന്‍,സമുന്നതനായ ഒരു നേതാവ് രാഷ്ട്രീയ കൊലപാതകത്തില്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ അത് ധീരനായ അഴീക്കോടന്‍ രാഘവന്‍ മാത്രമാണ്. നികത്താനാവാത്ത ആ നഷ്ടം പേറുന്നത് സി.പി.ഐ.എം എന്ന പാര്‍ട്ടിയും.കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഡാലോചനയില്‍ തീവ്രവാദ ഗ്രൂപ്പ് നേതാക്കളാണ് സഖാവിനെ ബസ്സിറങ്ങി നടന്നു പോവുമ്പോള്‍ നടുറോട്ടിലിട്ടു വെട്ടിക്കൊന്നത്.ഒരു സാധാരണ ബീഡി തൊഴിലാളിയായി ജീവിതം ആരംഭിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമുന്നത നേതാവായും ഇടത്പക്ഷ മുന്നണിയുടെ കണ്‍വീനറായും അഴീക്കോടന്‍ സര്‍വ്വാധരണീയന്‍ ആയി മാറി.പരിശ്രമശാലിയായ നേതാവ് എന്ന് സുന്ദരയ്യയും ഏത് ജോലിയും മടി കൂടാതെ ഏറ്റെടുക്കുന്ന എന്‍റെ പ്രിയ സഖാവ് എന്ന് എ.കെ.ജിയും എല്ലാ കമ്മ്യൂണിസ്റ്റ്കാര്‍ക്കും മാതൃകയെന്ന് ഇ.എം.എസ്സും അഴീക്കോടനെ വിശേഷിപ്പിച്ചു.തന്‍റെ ഏറ്റവും അടുത്ത സഖാവായ അഴീക്കോടന്‍റെ അരുംകൊലയെ തുടര്‍ന്നാണ്‌ സി.എച്ചിന്റെ രോഗം മൂര്‍ച്ചിച്ചു ആക്സമിക മരണം സംഭവിച്ചത് എന്നതും ചരിത്രം.ജീവിച്ചിരുന്നപ്പോള്‍ വലത്പക്ഷവും തീവ്രവാദികളും മാധ്യമങ്ങളും അഴിമതിക്കോടന്‍ എന്ന് വിളിച്ചു പ്രിയ സഖാവിനെ ആക്ഷേപിച്ചിരുന്നു.നാല് കാലില്‍ നിര്‍ത്തിയ ഓരോലപ്പുരയിലാണ് അഴീക്കോടനും കുടുംബവും ജീവിച്ചത് എന്ന് കേരളം അറിയുന്നത് സഖാവിന്‍റെ ജീവത്യാഗത്തിനു ശേഷമാണ്.വലത്പക്ഷവും മാധ്യമങ്ങളും ഇന്നെന്ന പോലെ അന്നും സത്യം മറച്ചു വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.സമരാഗ്നികളില്‍ നിന്ന് കേരളത്തിന്‍റെ ശില്പി കൃഷ്ണപ്പിള്ള കണ്ടെത്തിയ ഈ വിപ്ലവ മുത്തിനെ ശത്രുവര്‍ഗ്ഗം കവര്‍ന്നെടുത്തെങ്കിലും സ്വര്‍ണ്ണച്ചിറകടിച്ചാവെളിച്ചമിന്നും ഭൂമിയില്‍,ജനങ്ങളില്‍ വഴികാട്ടി നില്‍ക്കുന്നു.
----------------------------------------------------------------
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം ഏതെന്ന ചോദ്യത്തിന് രണ്ടുത്തരമില്ല. ഒറ്റ ഉത്തരമേ ഉള്ളൂ... 1972 സെപ്തംബര്‍ 23 ന് രാത്രി തൃശൂരിലെ ചെട്ടിയങ്ങാടിയില്‍ നടന്നതാണ് അത്. കൊല്ലപ്പെട്ടത് അഴീക്കോടന്‍ രാഘവന്‍. CPIM ന്‍റെ കേരളത്തിലെ സമുന്നത നേതാവും, പ്രതിപക്ഷമുന്നണിയുടെ ഏകോപനസമിതി കണ്‍വീനറുമായിരുന്നു വധിക്കപ്പെടുമ്പോള്‍ അഴീക്കോടന്‍. അത്രയും ഉന്നതശീര്‍ഷനായ; പാരമ്പര്യമുള്ള നേതാവിനെ മറ്റൊരു പാര്‍ടിക്കും നഷ്ടപ്പെടേണ്ടി വന്നിട്ടില്ല. ആ കൊലപാതകത്തിന് "ക്വട്ടേഷ"ന്‍റെ എല്ലാ സ്വഭാവവുമുണ്ടായിരുന്നു.
ഉന്മൂലന സിദ്ധാന്തവും, അതിതീവ്രവാദവും തലയിലേറ്റി പാര്‍ടി വിട്ടുപോയ ചിലരെയാണ് കോണ്‍ഗ്രസ്സുകാർ ആയുധക്കിയത്. എറണാകുളത്തുനിന്ന് ബസില്‍ തൃശൂരിലെത്തി താമസസ്ഥലമായ പ്രീമിയര്‍ ലോഡ്ജിലേക്ക് നടക്കുമ്പോഴാണ് അഴീക്കോടന്‍ ആക്രമിക്കപ്പെട്ടത്. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട എ വി ആര്യന്‍ സംഘം കോണ്‍ഗ്രസ് സഹായത്തോടെ പാര്‍ടിയെ വെല്ലുവിളിക്കുന്ന ഘട്ടം. തട്ടില്‍ എസ്റ്റേറ്റ് കേസ് കോണ്‍ഗ്രസിന്‍റെ അഴിമതിയുടെ കെട്ടമുഖം പുറത്തുകൊണ്ടുവന്നു. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കായി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി എസ്റ്റേറ്റുടമയില്‍നിന്ന് പണം വാങ്ങിവയ്ക്കണമെന്ന ഒരു കത്ത് അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരന്‍റെ പ്രൈവറ്റ് സെക്രട്ടറി സി കെ ഗോവിന്ദന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം വി അബൂബക്കറിന് അയച്ചിരുന്നു. ആ കത്ത് ചോര്‍ത്തി നവാബ് രാജേന്ദ്രന്‍ പ്രസിദ്ധീകരിച്ചു. കോളിളക്കമായി. മുൻ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ അന്ന് സംഘടനാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അദ്ദേഹം പരസ്യമായി അഴിമതിക്കെതിരെ രംഗത്തുവന്നു. കത്തിന്‍റെ അസ്സല്‍ പുറത്തായാല്‍ കോണ്‍ഗ്രസ് തകരുമെന്നായി. അതോടെ നവാബിനെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു. കത്ത് അഴീക്കോടന്‍റെ കൈയിലാണെന്ന് അറിഞ്ഞതോടെ വളഞ്ഞ വഴിയിലൂടെ അത് കൈയിലാക്കാന്‍ ശ്രമം നടന്നു. വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴാണ്, കോണ്‍ഗ്രസ്സ് ഉൾപ്പെട്ട തീവ്രവാദി സംഘത്തിന്‍റെ കത്തി അഴീക്കോടന്‍റെ ജീവനെടുത്തത്. കൊലയില്‍ സര്‍ക്കാര്‍തല ആസൂത്രണം പ്രകടമായിരുന്നു. ചെട്ടിയങ്ങാടിയില്‍ നിന്ന് വിളിപ്പാടകലെയുള്ള പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസില്‍ വിവരമെത്തും മുമ്പ് പത്രങ്ങളും കോണ്‍ഗ്രസ് നേതൃത്വവും കൊലപാതകം അറിഞ്ഞു. പൊലീസ് സന്നാഹങ്ങള്‍ സംശയകരമായി സംസ്ഥാനത്താകെ തയ്യാറെടുത്തിരുന്നു.
അഴീക്കോടന്‍റെ ഭാര്യ മീനാക്ഷി ടീച്ചര്‍ പറഞ്ഞതിങ്ങനെ "എനിക്ക് ശത്രുക്കളില്ലെന്ന് അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. തട്ടില്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ മൊഴി കേള്‍ക്കേണ്ടതിന് തൊട്ടടുത്ത ദിവസമാണ് അതു സംഭവിച്ചത്. അതുമായി ബന്ധപ്പെട്ട എന്തോ രേഖകള്‍ നവാബ് രാജേന്ദ്രന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നു. അത് കൈക്കലാക്കാന്‍ നവാബിനെയും പിടികൂടി അര്‍ധരാത്രി വീട്ടിലെത്തിയ പൊലീസുകാരെ, കോടതിയില്‍ ഹാജരാക്കാമെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു അദ്ദേഹം" അഴീക്കോടനെ കുറിച്ച് എ കെ ജി പറഞ്ഞത്, "ഉറക്കവും വിശ്രമവുമെല്ലാം ട്രാന്‍സ്പോര്‍ട്ട് വണ്ടിയില്‍ കഴിച്ചിരുന്ന സ. അഴീക്കോടന്‍ ഒരിക്കലും നിരാശനായോ ശുണ്ഠി പിടിച്ചോ പ്രത്യക്ഷപ്പെടുന്നത് കണ്ടിട്ടില്ല. ഒരിക്കലും മായാത്ത പുഞ്ചിരിയും തളരാത്ത ഹൃദയവുമായി കേരളത്തിന്റെ എല്ലാ മൂലയിലും ആ സഖാവ് ഓടിയെത്തും. ആരോടും സൗമ്യനായി ഇടപെടും. കടുത്ത വിമര്‍ശങ്ങള്‍ തന്റെ മേല്‍ തൊടുത്തുവിടുമ്പോഴും ശാന്തനായി സഖാവ് കേട്ടിരിക്കും. തനിക്കു പറയാനുള്ളത് ശാന്തനായി പറയും. പകയോ വിദ്വേഷമോ ആ സഖാവ് വച്ചുപുലര്‍ത്താറില്ല." എന്നാണ്. ആദ്യം കോണ്‍ഗ്രസ്സും, മലയാള മനോരമ്മ തുടങ്ങി പല വലതുപക്ഷ മാധ്യമങ്ങളും ഇന്ന് കാണുന്നപോലെ തന്നെ അഴീക്കോടനെതിരെ അഴിമതിക്കഥകള്‍ പ്രചരിപ്പിച്ചു. അദ്ദേഹത്തിന് കണ്ണൂരില്‍ ബസ് സര്‍വീസുണ്ടെന്നും, കൊട്ടാരസദൃശമായ വീടുണ്ടെന്നും പറഞ്ഞുപരത്തി. ഒടുവില്‍, ഇ എം എസും, എ കെ ജിയും നയിച്ച വിലാപയാത്രയായി അഴീക്കോടന്‍റെ മൃതദേഹം കണ്ണൂരിലെത്തിയപ്പോഴാണ്, ആ മഹാനായ നേതാവിന് സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലെന്ന് എതിരാളികള്‍ അറിഞ്ഞത്. തൊടുത്തുവിട്ട ആക്ഷേപങ്ങളില്‍ അവര്‍ ആരും തന്നെ പശ്ചാത്തപിക്കുന്നത് ആരും കണ്ടില്ല.
-------------------------------------------------------------------------------------
എണ്‍പത് വയസ് തികയുന്ന തലശ്ശേരി ബീഡി തൊഴിലാളി സംഘടന.
തലശേരിയില്‍ സ്ഥാപിക്കപ്പെട്ട ശ്രീനാരായണ ബീഡി തൊഴിലാളി സംഘമാണ് മലബാറിലെ ആദ്യകാല ട്രേഡ് യൂണിയനുകളില്‍ ഒന്ന്.നവോത്ഥാന പ്രവര്‍ത്തനങ്ങളും ശ്രീനാരായണ സന്ദേശങ്ങളുമായി ഘോഷയാത്രകള്‍ നടത്തിക്കൊണ്ടായിരുന്നു തുടക്കം.അയിത്തം അന്ധവിശ്വാസങ്ങള്‍ എന്നിവയ്ക്കെതിരെ സംഘടന പ്രത്യക്ഷ സമരം നടത്തി.കോഴിക്കോട് വച്ച് കമ്മ്യൂണിസ്റ്റ് സെല്‍ രൂപം കൊള്ളുന്നതിനു മുന്‍പ് ചെങ്കൊടികള്‍ പിടിച്ച് ഇങ്ക്വിലാബ് സിന്ദാബാദ് മുഴക്കി 1934ല്‍ തലശ്ശേരി പട്ടണത്തില്‍ ബീഡിതൊഴിലാളികളുടെ നേതൃത്വത്തില്‍ ജാഥ നടന്നു.ശ്രീനാരായണ ബീഡി തൊഴിലാളി സംഘം തലശ്ശേരി ബീഡി തൊഴിലാളി യൂണിയന്‍ എന്ന പേര് സ്വീകരിച്ചു.നാടെങ്ങും വായനശാലകളും നിശാപാഠശാലകളും സ്ഥാപിച്ച് സംഘടന ജനങ്ങളിലേക്ക് ഇറങ്ങി.1940 സെപ്റ്റംബര്‍ 15ന്‍റെ ജവഹര്‍ഘട്ട് ചെറുത്ത് നില്‍പ്പില്‍ പങ്കെടുത്തവരില്‍ ഏറെയും യൂണിയന്‍ പ്രവര്‍ത്തകര്‍ ആയിരുന്നു.ഈ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ച സഖാവ് ചാത്തുക്കുട്ടിയും വെടിവയ്പ്പില്‍ പരിക്കേറ്റവരും യൂണിയന്‍ പ്രവര്‍ത്തകര്‍ ആയിരുന്നു.ആലപ്പുഴയിലെ കയര്‍ തൊഴിലാളികള്‍ എന്നപോലെ മലബാറിലെ ബീഡി തൊഴിലാളികളും വിപ്ലവ പ്രസ്ഥാനത്തിന്‍റെ ശക്തിസതംഭങ്ങളായി മാറി.ഇന്ന് ഈ വ്യവസായം ഗുരുതരമായ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. കൃഷ്ണപ്പിള്ളയും എ.കെ.ജിയും സി,എച്ചും സര്‍ദാര്‍ ചന്ദ്രോത്തും അടക്കം നിരവധി നേതാക്കള്‍ യൂണിയനെ നയിച്ചവരായിരുന്നു.80 വര്‍ഷത്തെ വര്‍ഗ്ഗ സംഘടനാ ചരിത്രവും വര്‍ഗ്ഗ സമരവും ഒരു വലിയ പാഠപുസ്തകമാണ്.
------------------------------------------------------------------------
ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷിത്വത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മ., കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പിറവിക്ക് ശേഷം സാമ്രാജ്യത്വ-ജന്മിത്ത വിരുദ്ധ പോരാട്ടത്തിന്‍റെ ഇതിഹാസോജ്വല ദിനമായിരുന്നു 1940 സെപ്റ്റംബര്‍ 15.
മലബാറിലെ നിരവധി കേന്ദ്രങ്ങളില്‍ മര്‍ദ്ദന പ്രതിഷേധ ദിനമായി അന്ന് ആചരിച്ചു.തലശ്ശേരിയിലും മൊറാഴയിലും മട്ടന്നൂരിലും സ്വാതന്ത്രദാഹികളായ ജനക്കൂട്ടവും ബ്രിട്ടീഷ സായുധ ഭടന്മാരുമായി ഏറ്റുമുട്ടിയ സമരേതിഹാസം.തലശ്ശേരി മൊറാഴ മട്ടന്നൂര്‍ അതിരൂക്ഷാമായ ഏറ്റുമുട്ടലിന്‍റെ സമരനിലമായി മാറി.മൊറാഴയിലും മട്ടന്നൂരിലും ജനങ്ങളെ നേരിട്ട മര്‍ദ്ദകവീരന്മാര്‍ മരണപ്പെട്ടു.തലശ്ശേരി ജവഹര്‍ഘട്ടില്‍ അബുവും ചാത്തുക്കുട്ടിയും ധീരരക്തസാക്ഷിത്വം വരിച്ചു.ഇവര്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളായി ചരിത്രത്തെ ചുവപ്പിച്ചു.ആദ്യത്തെ കമ്മ്യൂണിസ്റ്റ് ജീവത്യാഗത്തിനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനും സെപ്റ്റംബര്‍ 15ന് 74 വര്‍ഷം തികയുന്നു
------------------------------------------------------------------------------------------
കോഴിയെ മോഷ്ടിച്ചവന്‍ കള്ളന്‍
കുലകട്ടവനും കോഴിയെ മോഷ്ടിച്ചവനും കള്ളന്‍.അവന് കേസും ശിക്ഷയും ജയിലും.കൃഷ്ണ-ഗോദാവരി തടത്തില്‍ നിന്നും പൊതുമേഖല സ്ഥാപനമായ ONGCയുടെ പ്രകൃതി വാതക ബ്ലോക്കില്‍ നിന്നും റിലയന്‍സ് അതിരഹസ്യമായി പ്രകൃതി വാതകം കുത്തിച്ചോര്‍ത്തിയെടുക്കുന്നതായി ശാസ്ത്രീയമായ ഭൗമ നിരീക്ഷണമുണ്ടായിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു.ഈ മോഷണ വിവരം സര്‍ക്കാരിനും ബ്യൂറോക്രാറ്റുകള്‍ക്കുമെല്ലാം അറിയാം.പണ്ട് കാലത്ത് കൃഷിക്കാര്‍ വയല്‍ വരമ്പ് രഹസ്യമായി മുറിച്ചുമാറ്റി മറ്റേ കൃഷിക്കാരന്‍ അറിയാതെ വെള്ളം ചോര്‍ത്തിയെടുക്കുമായിരുന്നു. ഇതിനെ മോഷണമായി ആരും കരുതിയിരുന്നില്ല.റിലയന്‍സ് മുതലാളിയുടെ ആധുനിക കാലത്തെ വന്‍കൊള്ള തിരിച്ചറിഞ്ഞിട്ടും നിയമമെവിടെ? സര്‍ക്കാരെവിടെ? കോഴിയെ കട്ടവന്‍ നമ്മുടെ നാട്ടില്‍ കള്ളന്‍ ! കോഴിയെ കട്ടാല്‍ നിയമവും സര്‍ക്കാരും ജയിലുമുണ്ടാകും,കല്ലെറിയാന്‍ ജനങ്ങളും.പണത്തിനു മീതെ പരുന്തുപോലും പറക്കില്ലത്രേ.ഇതാണ് മുതലാളിത്ത രീതി;ബൂര്‍ഷ്വാസിയുടെ ജനാധിപ
-------------------------------------------------------------------
മേഘജ്യോതിസ്
എ.കെ.ജിയും ഇ.എം.എസും സി.എച്ചും പി.കെ ചന്ദ്രാനന്ദനും മഹാന്മാരായ വിപ്ലവകാരികളും സഖാക്കളുമാണ്.കുഞ്ഞിരാമനും രമേശനും സുരേഷും പ്രാദേശിക സാമൂഹ്യജീവിതത്തിലെ സഖാക്കളും പ്രവര്‍ത്തകരുമാണ്.മലയാളക്കരയില്‍ സഖാവ് എന്ന് പറഞ്ഞാല്‍ അത് സഖാവ് പി.കൃഷ്ണപ്പിള്ള മാത്രം.ആഗ:19 സഖാവിന്‍റെ ധീരസ്മരണ പുതുക്കുന്ന ദിനം.നവോത്ഥാന വിപ്ലവകാരി ശ്രീനാരായണ ഗുരുവിന്‍റെ പ്രിയ ശിഷ്യന്‍ സഹോദരന്‍ അയ്യപ്പന്‍ ആണ് സഖാവ് എന്ന പദപ്രയോഗം മലയാളത്തിലാദ്യം പ്രചരിപ്പിക്കുന്നത്.സഖാവ് എന്ന വിശേഷണം ഏകശബ്ദ ബിരുദമായും വിപ്ലാവാഭിമാനമായും ചരിത്രം ചാര്‍ത്തികൊടുത്തത് പി.കൃഷ്ണപ്പിള്ളക്കായിരുന്നു.ഈ കീര്‍ത്തിമുദ്രയുടെ യഥാര്‍ത്ഥ അവകാശി പി.കൃഷ്ണപ്പിള്ള തന്നെ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവ്. ആധുനിക കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങള്‍ക്ക് അടിത്തറയിട്ട സഖാവിന്‍റെ ജീവിതത്തിന് 1948 ആഗ:19ന് സര്‍പ്പ വിഷ ബാധയേറ്റ് തിരശീല വീണു. സര്‍പ്പത്തെക്കാള്‍ വിഷമുള്ള മനോരമാദി മാധ്യമങ്ങളും സമ്പന്ന വര്‍ഗ്ഗ-വലത്പക്ഷവും സഖാവ് ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും അപവാദങ്ങള്‍ രചിച്ചതും ചരിത്രം.തന്‍റെ ബോധം മുറിഞ്ഞു പോയിക്കൊണ്ടിരുന്നപ്പോള്‍ നോട്ട്ബുക്കില്‍ സഖാവ് അന്ത്യസന്ദേശം കുറിച്ചു."എന്‍റെ കണ്ണില്‍ ഇരുള്‍ വ്യാപിച്ചു വരുന്നു,എന്‍റെ ശരീരമാകെ തളരുകയാണ്,എന്ത് സംഭവിക്കുമെന്ന് എനിക്കറിയാം സഖാക്കളെ മുന്നോട്ട് ലാല്‍സലാം".നിരോധനവും അതിരൂക്ഷമായ അടിച്ചമര്‍ത്തലുകളും വകവയ്ക്കാതെ അണമുറിയാത്ത ജനപ്രവാഹമായ് പതിനായിരങ്ങള്‍ സഖാവിന്‍റെ ഭൗതിക ശരീരം സംസ്കരിക്കുന്ന വലിയ ചുടുകാട്ടിലേക് ഒഴുകിയെത്തുകയുണ്ടായി.ശത്രുക്കള്‍ തകര്‍ത്തു എന്ന് കരുതിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പോലെയായിരുന്നു സഖാവിന്‍റെ അന്ത്യയാത്ര.
സഖാക്കളെ മുന്നോട്ട്.

No comments: