Thursday, October 23, 2014

വി ടി ബൽറാം :
ജനാധിപത്യം ഇന്ത്യക്ക്‌ പരിചയപ്പെടുത്തുകയും ജനാധിപത്യ സ്ഥാപനങ്ങൾ പടുത്തുയർത്തുകയും ചെയ്ത ദീർഗ്ഘദർശി.
കഴുത്തറപ്പൻ കമ്പോളവ്യവസ്ഥിതിയല്ല, പൊതു-സ്വകാര്യ മേഖലകൾ സഹവർത്തിക്കുന്ന മിശ്രസമ്പദ്‌ വ്യവസ്ഥയാണ് ഇന്ത്യക്ക്‌ വേണ്ടതെന്ന് തിരിച്ചറിഞ്ഞ പ്രായോഗിക സോഷ്യലിസ്റ്റ്‌.
മതം വ്യക്തിയുടെ സ്വകാര്യത മാത്രമാകണമെന്നും രാജ്യഭരണം മതേതരത്ത്വത്തിൽ അധിഷ്ഠിതമാകണമെന്നും നിഷ്കർഷിച്ച ഭരണാധികാരി.
വൈവിധ്യങ്ങളാണു ഇന്ത്യയുടെ ശക്തി എന്ന് തിരിച്ചറിഞ്ഞ്‌ എല്ലാവരേയുമുൾക്കൊള്ളുന്ന ബഹുസ്വര ദേശീയതാ സങ്കൽപം രൂപപ്പെടുത്തിയ യഥാർത്ഥ ദേശീയവാദി.
ലിബറൽ മൂല്ല്യങ്ങളാണ്, സദാചാര ശാഠ്യങ്ങളല്ല സമൂഹത്തെ രൂപപ്പെടുത്തേണ്ടതെന്ന് മനസ്സിലാക്കിയ ആധുനികവാദി.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമുള്ള മറുപടി ശാസ്ത്രീയ വീക്ഷണങ്ങളും മാനവികതയുമാണെന്ന് ബോധ്യപ്പെടുത്തിയ യുക്തിവാദി.
ശാക്തിക ചേരികളിലെ ആശ്രിതത്വമല്ല, മൂന്നാം ലോകത്തിന്റെ നായകത്വമാണ് ഇന്ത്യക്കാവശ്യമെന്ന് പ്രഖ്യാപിച്ച വിശ്വപൗരൻ.
രാഷ്ട്രീയാശയങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടത്‌ സംവാദങ്ങളിലൂടെയാണെന്ന് ഉറച്ചുവിശ്വസിച്ച പ്രഭാഷകൻ, എഴുത്തുകാരൻ.
നീണ്ട ഒൻപത്‌ വർഷത്തിലേറെക്കാലം ബ്രിട്ടീഷുകാരന്റെ തടവറയിൽ ജീവിതം ഹോമിച്ച രാജ്യസ്നേഹിയായ സ്വാതന്ത്ര്യസമരസേനാനി.
ശരിയാണ്, കൊന്നുകളയുക തന്നെ വേണം നെഹ്രുവിനെ.
ഇന്ത്യ എന്ന ആശയത്തെ രൂപപ്പെടുത്തിയ നെഹ്രുവിയൻ അടിത്തറകളെ തച്ചുതകർക്കുകയും വേണം. എന്നാലേ ആർ എസ്‌ എസ്‌ ആഗ്രഹിക്കുന്ന സവർണ്ണ ഹിന്ദുത്വ ഫാഷിസത്തെ ഇന്ത്യയിൽ പൂർണ്ണമായി കുടിയിരുത്താനാകൂ. ഗാന്ധിയെ ശാരീരികമായിത്തന്നെ അസാസിനേറ്റ്‌ ചെയ്യാൻ കഴിഞ്ഞു. നെഹ്രുവിനെ ജീവിച്ചിരുന്ന കാലത്ത്‌ തൊടാൻ കഴിയാഞ്ഞതിനാൽ ഇന്ന് ആ വ്യക്തിത്വത്തെയും കുടുംബത്തേയും കാരക്റ്റർ അസാസിനേഷൻ നടത്തി കാര്യം സാധിക്കാം. ഒരു ഗോഡ്സേക്ക്‌ ഉന്നം തെറ്റിയാലെന്ത്‌, ചരിത്രബോധമില്ലാത്ത ആയിരക്കണക്കിനു ഗോഡ്സേമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മോഡിഫിക്കേഷൻ ഊർജ്ജിതമായി നടക്കുന്നുണ്ടല്ലോ. അത്‌ മതി. ധാരാളം മതി

No comments: