Thursday, October 16, 2014

നികുതിനിഷേധ സമരം എന്തുകൊണ്ട്?
യു.ഡി.എഫ് സര്‍ക്കാര്‍ 4000 കോടി രൂപയുടെ അധികഭാരം പുതിയനികുതി വര്‍ദ്ധനവിലൂടെയും നികുതിനിര്‍ദ്ദേശങ്ങളിലൂടെയും അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. കാര്‍ഷിക വ്യവസായ പ്രതിസന്ധിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കുമേല്‍ പുതിയ നികുതികളുടെ വേട്ടപട്ടികളെ അഴിച്ചുവിട്ടിരിക്കുകയാണ്. 60%മാണ് വെള്ളക്കരം വര്‍ദ്ധിപ്പിച്ചത്. 50% ഭൂനികുതിയും വര്‍ദ്ധിപ്പിച്ചു. സര്‍വ്വ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെയും നികുതി കൂട്ടി. എല്ലാതരം സേവനഫീസും കൂട്ടി. ജനനമരണ സര്‍ട്ടിഫിക്കറ്റിനും ക്ഷേമപെന്‍ഷനും റവന്യൂസര്‍ട്ടിഫിക്കറ്റിനുമുള്ള അപേക്ഷാഫീസ് കുത്തനെ കൂട്ടി. സ്റ്റാമ്പ് ഡ്യൂട്ടി, രജീസ്‌ട്രേഷന്‍ഫീസ്, ഭൂനികുതി, തോട്ടംനികുതി എന്നിവയെല്ലാം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. സംസ്ഥാനം നേരിടുന്ന ധനപ്രതിസന്ധിയുടെ ഭാരം മുഴുവന്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണിത്.
ജനാധിപത്യവ്യവസ്ഥയില്‍ സര്‍ക്കാരിന് നികുതിയും കരവും കൂട്ടാന്‍ നിയമപരമായ അവകാശമുണ്ട്. പക്ഷെ അത് നിയമസഭയില്‍ ചര്‍ച്ചചെയ്യാതെ പാടില്ലെന്നതാണ് ഭരണഘടന അനുശാസിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ 265-ാം ആര്‍ടിക്കിള്‍ അനുസരിച്ച് ജനപ്രതിനിധിസഭകളില്‍ ചര്‍ച്ചചെയ്യാതെയും അംഗീകാരം വാങ്ങാതെയും സാധാരണ സാഹചര്യങ്ങളില്‍ നികുതി വര്‍ദ്ധിപ്പിക്കാന്‍ പാടില്ലാത്തതാണ്. തികഞ്ഞ ഭരണഘടനാലംഘനവും നിയമധ്വംസനവുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ആയിരക്കണക്കിന് കോടിയുടെ നികുതിഭാരം അടിച്ചേല്‍പ്പിച്ചുകൊണ്ട് നടത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ നിയമം ലംഘിക്കുമ്പോള്‍
സര്‍ക്കാര്‍ നിയമം ലംഘിക്കുമ്പോള്‍ ജനങ്ങള്‍ക്ക് നിയമം അനുസരിക്കാന്‍ ബാധ്യതയില്ലെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ചത് മഹാത്മജിയാണ്. ജനങ്ങള്‍ക്ക് ജീവിതം തന്നെ അസാധ്യമാക്കുന്ന നികുതിവര്‍ദ്ധനവ് പിന്‍വലിക്കണമെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ആവശ്യപ്പെടുന്നത്. നിയമവിരുദ്ധമായി അടിച്ചേല്‍പ്പിച്ച നികുതി നിഷേധിക്കുന്ന സമരം നടത്തുന്നത് നിയമലംഘനമോ രാജ്യദ്രോഹമോ അല്ല.
നികുതിവര്‍ദ്ധനവ് ആവശ്യമുണ്ടോ?
നിയമപരമായി സര്‍ക്കാരിനവകാശപ്പെട്ട നികുതി പിരിക്കുന്നതിലെ വീഴ്ചയും കെടുകാര്യസ്ഥതയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. യു.ഡി.എഫ് സര്‍ക്കാര്‍ നികുതി വെട്ടിപ്പുകാരെ സഹായിക്കുന്ന നയമാണ് തുടരുന്നത്. 2014-ല്‍ ധനമന്ത്രി നിയമസഭയില്‍വെച്ച 'ബജറ്റ് ഇന്‍ ബ്രീഫ്' എന്ന രേഖയനുസരിച്ച് 32526.96 കോടി രൂപയുടെ നികുതി കുടിശ്ശികയാണുള്ളത്. ഇതില്‍ 23026.88 കോടി രൂപയുടെ നികുതി ഒരു തര്‍ക്കത്തിലുംപെടാത്തതാണ്. ഇതിന്റെ 10% പിരിച്ചെടുത്താല്‍ ഇപ്പോള്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം ഒഴിവാക്കാവുന്നതേയുള്ളു. വന്‍കിടക്കാരില്‍ നിന്ന് കേരള വാട്ടര്‍ അതോറിറ്റിക്ക് 500 കോടിയിലധികം രൂപ കുടിശ്ശിക കിട്ടാനുണ്ട്. ഇപ്പോള്‍ 60% ആണല്ലോ വെള്ളക്കരം വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ദ്ധനവിലൂടെ 200 കോടി രൂപയാണ് ധനമന്ത്രി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കുടിശ്ശിക പകുതിയെങ്കിലും പിരിച്ചെടുത്താല്‍ വെള്ളക്കരവര്‍ദ്ധനവ് ഒഴിവാക്കാവുന്നതാണ്. കേരള വൈദ്യതിബോര്‍ഡിന് 1000 കോടിയിലേറെ രൂപയുടെ കുടിശ്ശിക പിരിച്ചെടുക്കാനുണ്ട്. ഇതില്‍ 450 കോടിയിലേറെ സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നാണ്.
വില്‍പന നികുതിയിനത്തില്‍ മാത്രം 23000ത്തിലേറെ കോടിരൂപ കുടിശ്ശികയായി ഉണ്ട്. മോട്ടോര്‍ വാഹന നികുതിയിനത്തില്‍ 819 കോടിരൂപയിലേറെ കുടിശ്ശികയുണ്ട്. സ്റ്റാമ്പ് രജിസ്‌ട്രേഷന്‍ ഇനത്തില്‍ 181 കോടിയിലേറെ രൂപ കുടിശ്ശികയുണ്ട്. മദ്യനികുതിയിനത്തില്‍ 237 കോടി രൂപയിലേറെ കുടിശ്ശികയുണ്ട്. ഇതിനുപുറമെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 1700 ക്വാറികളില്‍ 200 എണ്ണത്തിനെ ലൈസന്‍സുള്ളു. 1500 ക്വാറികളെ നിയമത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്നാല്‍തന്നെ വലിയ വരുമാനം ഖജനാവിനുണ്ടാകും.
നികുതി നിഷേധസമരത്തില്‍ അണിചേരുക
നിയമവിരുദ്ധമായി അടിച്ചേല്‍പ്പിച്ച വെള്ളക്കരവും ഭൂനികുതിയും മറ്റ് നികുതികളും നല്‍കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെ പ്രതിരോധിക്കാനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി നികുതി നിഷേധ സമരം ആരംഭിക്കുന്നത്. നികുതി വെട്ടിപ്പുകാരായ വന്‍കിടക്കാരെ സഹായിക്കുന്ന നയങ്ങളാണ് ഇപ്പോഴത്തെ ധനപ്രതിസന്ധിക്ക് കാരണമായത്. ഇക്കാര്യം മറച്ചുപിടിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും അധികവിഭവ സമാഹരണത്തിന്റെ പേരില്‍ സാധാരണക്കാരന്റെ പള്ളക്ക് കുത്തുന്ന നികുതിഭാരം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. നിയമവിരുദ്ധമായി പ്രഖ്യാപിച്ച നികുതി കൊടുക്കാന്‍ ജനങ്ങള്‍ക്ക് ബാധ്യതയില്ല. ജനങ്ങളെ അതിന് നിര്‍ബന്ധിക്കാന്‍ നിയമം സര്‍ക്കാരിനെ അനുവദിക്കുന്നുമില്ല. സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുന്നതിന്റെ മറവില്‍ ജനങ്ങളെ പിഴിഞ്ഞൂറ്റുകയും പണക്കാരായ നികുതിവെട്ടിപ്പുകാരെ സംരക്ഷിക്കുകയുമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ധനപ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ തലയിലിട്ട് വന്‍കിട സ്വര്‍ണ്ണക്കച്ചവടക്കാരെയും മദ്യക്കച്ചവടക്കാരെയും കോഴിക്കച്ചവടക്കാരെയും ഹോട്ടല്‍-റിസോര്‍ട്ട് മുതലാളിമാരെയും ഖനന മാഫിയകളെയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. അവരില്‍ നിന്ന് നിയമാനുസൃതം പിരിച്ചെടുക്കേണ്ട നികുതി പിരിച്ചെടുക്കാതെ ജനങ്ങളെ പിഴിഞ്ഞൂറ്റുന്ന നയങ്ങള്‍ക്കെതിരായിട്ടാണ് ഈ നികുതിനിഷേധ സമരം ആരംഭിക്കുന്നത്. സാധാരണക്കാരുടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് ഈ സമരം. ജീവിതഭാരങ്ങള്‍ ഒന്നിനുപിറകെ ഒന്നായി അടിച്ചേല്‍പ്പിക്കുന്ന നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ ബഹുജനമുന്നേറ്റമായി ഈ സമരത്തെ മാറ്റണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരുപോലെ പിന്തുടരുന്ന സമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും അനുകൂലമായ നയങ്ങള്‍ക്കെതിരായ ജനകീയമുന്നേറ്റമാണ് ഈ നികുതിനിഷേധ സമരത്തിലൂടെ ആരംഭിക്കുന്നത്.
----------------------------------------------------------------------------------------------------------------
ബ്രിട്ടനില്‍ ഇന്നും നാളെയും ദേശീയപണിമുടക്ക്
=========================================
ബ്രിട്ടനില്‍ ഇന്നും നാളെയും ദേശീയപണിമുടക്ക്. ഒക്ടോബര്‍ 13 നു ആരോഗ്യമേഖലയിലെയും 14ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്കൂളുകളിലെയും ജീവനക്കാരാണ് പണിമുടക്കുക.
13ന് സര്‍ക്കാര്‍ ആശുപത്രികളിലെ നേഴ്സുമാര്‍, പോര്‍ട്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, എക്സ്റെ ടെക്നിഷ്യന്‍സ് അടക്കം എല്ലാവിഭാഗത്തില്‍പെട്ടവരും പണിമുടക്കും. യു കെയിലെ ഏറ്റവും വലിയ പൊതുമേഖല ട്രേഡ് യൂണിയനായ യൂനിസനോടൊപ്പം പ്രമുഖ തൊഴിലാളി സംഘടനകളായ ജിഎംബിയും, യുണയ്ട്ടും, റോയല്‍ കോളേജ് ഓഫ് മിഡ്വൈവ്സും സമരത്തില്‍ പങ്കെടുക്കും. ആരോഗ്യ മേഖലയില്‍ മാത്രം യൂനിസന് മൂന്നു ലക്ഷത്തോളം അംഗങ്ങളുണ്ട്. ഈ മാസം ആദ്യവാരം നടത്തിയ വോട്ടെടുപ്പില്‍ 68 ശതമാനം പേരും പണിമുടക്കിയുള്ള സമരം വേണമെന്ന് വോട്ടു ചെയ്തിരുന്നു.
ബ്രിട്ടനില്‍ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ പണിമുടക്കുന്നത് അപൂര്‍വമാണ്. 32 വര്‍ഷമായി ഈ മേഖലയില്‍ ദേശീയ പണിമുടക്ക് നടന്നിട്ടില്ല. നാലു വര്‍ഷമായി വേതനവര്‍ധന മരവിപ്പിക്കുകയും പൊതുമേഖലയെ നശിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വതന്ത്ര ശമ്പളപരിഷ്ക്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ഒരു ശതമാനം വേതനവര്‍ധന പോലും നിഷേധിച്ചപ്പോഴാണ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പത്തോളം യൂണിയനുകളും പണിമുടക്കി പ്രധിഷേധിക്കാനുള്ള തയ്യാറെടുപ്പിലാണ്്. എല്ലാ യൂണിയനുകളും കൂടിയുള്ള സംയുക്ത സമരത്തിനാണ് ഒക്ടോബര്‍ 13 സാക്ഷ്യം വഹിക്കുക.
പൊതുതെരഞ്ഞെടുപ്പിനു എട്ടുമാസം മാത്രം അവശേഷിക്കെ, കൂടുതല്‍ തൊഴിലാളി യൂണിയനുകള്‍ സമരങ്ങളുമായി സര്‍ക്കാരിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ 14 നു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്കൂളുകളിലെയും ജീവനക്കാര്‍ ദേശവ്യാപകമായി പണിമുടക്കും. അടുത്ത ഒരാഴ്ച പണിമുടക്ക് ഒഴിച്ചുള്ള സമരപരിപാടികള്‍ തുടരും. ഇവര്‍ക്കൊപ്പം യൂനിസന്റെ പോലീസ് യൂണിയന്‍ വിഭാഗവും സമരത്തിലേക്ക് കടക്കുന്നതായാണ് സൂചന. വേതനവര്‍ധന തര്‍ക്കത്തെ തുടര്‍ന്നു പോലീസ് യൂണിയന്‍ ഔദ്യോഗികമായി ഇന്‍ഡസ്ട്രിയല്‍ തര്‍ക്കം റജിസ്റ്റര്‍ ചെയ്തു. ബ്രിട്ടനില്‍ പണിമുടക്കുസമരം നടത്തുന്നതിനുള്ള ആദ്യത്തെ നടപടിക്രമമാണിത്.
ഒക്ടോബര്‍ 18 നു ലണ്ടന്‍, ബെല്‍ഫാസ്റ്റ്, ഗ്ലാസ്ഗോ എന്നിവിടങ്ങളില്‍ പതിനായിരക്കണക്കിനു തൊഴിലാളികള്‍ അണിനിരക്കുന്ന പ്രതിഷേധധര്‍ണയും റാലിയും നടക്കും.
------------------------------------------------------------------------------------------

No comments: