Thursday, September 4, 2014

ലൗ ജിഹാദ് …
******************
എനിക്ക് രാഷ്ട്രീയമില്ലാതില്ല. പക്ഷെ എന്റെ സ്വതന്ത്ര ചിന്താഗതിക്ക് വിഘ്നം നില്ക്കുന്ന രീതിയിലുള്ള യാതൊരുവിധ രാഷ്ട്രീയ അടിമത്തം വെച്ചുപുലർത്തുന്നില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയ കസർത്തുകളിൽ ഏർപ്പെടാറുമില്ല. പക്ഷെ ഇവിടെ ഭാരതീയചിന്താധാരയുടെ ഒരു ഗുരു എന്നതിനേക്കാൾ അപ്പുറം, മതേതര ഭാരതത്തിലെ ഒരു ജനപ്രതിനിധിയുടെ ആലോരസമുളവാക്കുന്ന വാക്കുകളോടെ രണ്ടു വരിയിലെങ്കിലും പ്രതികരിക്കണമെന്ന് തോന്നിയത് കൊണ്ട് മാത്രം ഈ കുറിപ്പെഴുതുന്നു.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നുമുള്ള ലോക സഭാംഗമാണ് യോഗി ആദിത്യാനന്ദ. യോഗി ഇപ്പോൾ ലൗ ജിഹാദിനെതിരെ അരയും തലയും മുറുക്കി ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണെന്നു തോന്നുന്നു. ലോകസഭയിൽ അടുത്തിടെ ചില വിവാദ പ്രസ്താവനകളുടെ പേരിൽ അറിയപ്പെട്ട പ്രസ്തുത യോഗിയുടെ ഒരു സംഭാഷണം YouTube-ൽ ശ്രദ്ധിക്കുക. ഒരു ഹിന്ദുപെണ്‍കുട്ടിയെ മതം മാറ്റി അഥവാ ഒരു മുസ്ലിം യുവാവ് വിവാഹം ചെയ്‌താൽ, അതിനു ബദലായി നൂറു മുസ്ലിം യുവതികളെ ഹിന്ദുവിലെക്കു പരിവര്ത്തനം ചെയ്യിച്ച് വിവാഹം കഴിക്കാൻ ഹിന്ദു യുവാക്കൾ തയ്യാറാകുക എന്ന തികച്ചും നിരുത്തരവാദപരമായ ഒരു ആഹ്വാനമാണ് ഈ വീഡിയോയിലുള്ളത്. ലൗ ജിഹാദ് എന്ന പദത്തിന്റെ ഉറവിടവും ഉപക്ഞാതാവും, കഴിഞ്ഞകാല കേരളമുഖ്യനും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ സാക്ഷാൽ വീ. എസ് ആണെന്നാണ് യോഗിയുടെ പക്ഷം. ജാതി മതങ്ങൾക്കതീതനായ ഇടതുപക്ഷത്തിന്റെ സമുന്നതനായ ഒരു നേതാവ് ഇങ്ങനെ പറയുമ്പോൾ രാമരാജ്യനിർമ്മാതക്കളായ ഞങ്ങൾ കയ്യും കെട്ടി നോക്കിയിരിക്കുന്നത് എങ്ങനെ ശരിയാകും എന്നതാകാം വീ. എസിനെ ഉദ്ധരിച്ചു സംസാരിക്കുന്നതിലൂടെ യോഗി ആദിത്യാനന്ദ ലക്ഷ്യമിടുന്നത്.

ടുട്ടു, ടിന്റു, മിണ്ടു, കുട്ടു, തുടങ്ങിയ തുണ്ട് പേരുകളിൽ സ്വയം പരിചയപ്പെടുത്തി, തങ്ങളുടെ ജാതിമത വിവരങ്ങൾ വെളിപ്പെടുത്താതെ ഹിന്ദു യുവതികളെ വലയിലാക്കി മാര്ക്കംകൂട്ടി വിവാഹം കഴിച്ച് ഒന്നോ രണ്ടോ കുട്ടികളായി കഴിയുമ്പോൾ, മൊഴിചൊല്ലി വഴിയാധാരമാക്കുക എന്ന ഒരു അപ്രഖ്യാപിത നയം മുസ്ലിം സമുദായം കൈക്കൊണ്ടിരിക്കുന്നു എന്നതാണ് യോഗിവര്യന്റെ വാക്കുകൾക്കും വരികൾക്കുമിടയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതും മുഖ്യ ആരോപണവും. അങ്ങനെ ഒരു അപ്രഖ്യാപിത അജണ്ട പ്രസ്തുത സമുദായത്തിനു ഉണ്ടോ ഇല്ലയോ എന്ന് തിരയുന്നതിന് മുമ്പ്, അന്യമതത്തിൽപെട്ട പ്രായപൂര്ത്തിയായ ഒരു സ്ത്രീയും പുരുഷനും വിവാഹ ബന്ധത്തിലൂടെയോ അല്ലാതെയോ ഒരുമിച്ചു ജീവിക്കാം എന്ന് തീരുമാനിച്ചാൽ ഇക്കൂട്ടർക്ക് എന്ത് ചെയ്യാനാകും എന്ന് മനസ്സിലാകുന്നില്ല. ഈ ലോകം തന്നെ ഒന്നാകെ ഇളകി മറിഞ്ഞു ചെന്നാലും, അവര്ക്കെതിരെ ഒന്നും ചെയ്യാനാകില്ല എന്നതാണ് വാസ്തവം. ഒരു ശക്തിക്കും അവരെ തടയാനുമാകില്ല...

രാഷ്ട്രീയ പരമായി ഒരു മറു ചോദ്യമുന്നയിച്ചാൽ, യോഗിതന്നെ ഉൾപ്പെടുന്ന രാഷ്ട്രീയപാർട്ടിയുടെ (BJP ) തലപ്പത്തിരിക്കുന്ന 3 മുസ്ലിം നേതാക്കളും ഹിന്ദു സ്ത്രീകളെയാണ് വിവാഹം ചെയ്തിരിക്കുന്നത് എന്ന വസ്തുത യോഗിക്ക് അറിയുമോ എന്നതാണ്. .!!!!

തന്നെയുമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന അത്ത്യന്തം ഹീനവും അപലപനീയവുമായ ഒന്നാണ് "Honour Killing " എന്ന മഹാവിപത്ത്. മാതാപിതാക്കളുടെ അനുമതിയില്ലാ എന്ന കേവല കാരണത്താൽ, സ്വസമുദായത്തിൽപ്പെട്ടതൊ അല്ലാത്തതോ ആയ പ്രണയ വിവാഹിതരായ ഇണകളെ ഗ്രാമ സഭ കൂടിയോ അല്ലാതെയോ ആരും കൊല ചെയ്യുന്ന സംസ്കാരത്തിനു എന്ത് ന്യായമാണാവോ യോഗിക്ക് പറയാനുള്ളതെന്നും ചോദിച്ചറിയേണ്ടിയിരിക്കുന്നു. ഏതു മതം മാറ്റത്തിന്റെ പേരിലാണാവോ, അല്ല എന്ത് വികാരം വൃണപ്പെട്ടതിലാണാവോ ഇങ്ങനെയുള്ള ആരും കൊലകൾ നടത്തപ്പെടുന്നത് എന്ന ചോദ്യ ത്തിനു, അതും ഹിന്ദുത്വയിലെ മറ്റൊരു അപ്രഖ്യാപിതമായ നയമാ ണ് എന്ന ഉത്തരമാണാവോ ലഭിക്കുക അറിയില്ല.!!

ഇവിടെ കുലവും, ഗോത്രവും, നിറവും, സമ്പത്തും, മഹിമയും തമ്മിലുള്ള വിവാഹങ്ങളെയുള്ളൂ. ചാതുർവർന്ന്യവും, തീണ്ടലും തോടിലൂം നിലനിര്ത്തി, മനസ്സും മനുഷ്യരും തമ്മിലുള്ള, മാനവികത എന്ന മതത്തിൽ വിശ്വസിച്ചുള്ള വിചാരങ്ങളും വിവാഹങ്ങളും വെറും സങ്കല്പം മാത്രമായിരിക്കുന്നു.

No comments: