Wednesday, September 17, 2014

അടിമയായ മനുഷ്യാ, നിന്നെ മോചിപ്പിക്കാനാര്?
കനത്ത കൂരിരുളില്‍ കിടക്കുന്നവര്‍, സഖാവേ,
അവര്‍ക്കു മാത്രമേ നിന്നെക്കാണാനാവൂ.

അവര്‍ക്കു മാത്രമേ നിന്റെ കരച്ചിലു കേള്‍ക്കാനാവൂ.
സഖാവേ, അടിമകള്‍ക്കു മാത്രമേ
നിന്റെ അടിമത്തം അകറ്റാനാവൂ.
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല,
ഒന്നുകില്‍ എല്ലാവരും അല്ലെങ്കില്‍ ആരുമില്ല.
ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വന്തം വിധി നന്നാക്കാനാവില്ല
ഒന്നുകില്‍ തോക്ക്, അല്ലെങ്കില്‍ ചങ്ങല
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല.
ഒന്നുകില്‍ എല്ലാവരും, അല്ലെങ്കില്‍ ആരുമില്ല.
വിശക്കുന്ന മനുഷ്യാ, നിനക്ക് ആഹാരം തരാനാര്?
നീ മോഹിക്കുന്നത് അപ്പമാണെങ്കില്‍
ഞങ്ങളുടെ അരികില്‍ വരിക, ഞങ്ങളും പട്ടിണിക്കാരാണ്
ഞങ്ങളുടെ അരികില്‍ വരിക, ഞങ്ങള്‍ നിന്നെ നയിക്കാം
വിശക്കുന്ന മനുഷ്യര്‍ക്കേ നിനക്ക് ആഹാരം തരാനാവൂ.
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല

ഒന്നുകില്‍ എല്ലാവരും അല്ലെങ്കില്‍ ആരുമില്ല.
ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വന്തം വിധി നന്നാക്കാനാവില്ല
ഒന്നുകില്‍ തോക്ക്, അല്ലെങ്കില്‍ ചങ്ങല
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല.
ഒന്നുകില്‍ എല്ലാവരും, അല്ലെങ്കില്‍ ആരുമില്ല.
അടി കൊള്ളുന്ന മനുഷ്യാ, നിനക്കുവേണ്ടി
പകരം ചോദിക്കാനാര്?
നിന്റെ ഉടലില്‍ അടി വന്നു വീഴുമ്പോള്‍
മുറിവേറ്റ നിന്റെ സഹോദരര്‍ വിളിക്കുന്നതു കേള്‍ക്കുക,
ദൗര്‍ബല്യം നിനക്കു വായ്പതരാനുള്ളത്രയും കരുത്ത്
ഞങ്ങള്‍ക്കു തരുന്നു.
സഖാവേ, വരൂ, ഞങ്ങള്‍ നിനക്കുവേണ്ടി പകരം ചോദിക്കാം.
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല
ഒന്നുകില്‍ എല്ലാവരും, അല്ലെങ്കില്‍ ആരുമില്ല.
ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വന്തം വിധി നന്നാക്കാനാവില്ല
ഒന്നുകില്‍ തോക്ക്, അല്ലെങ്കില്‍ ചങ്ങല
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല.
ഒന്നുകില്‍ എല്ലാവരും, അല്ലെങ്കില്‍ ആരുമില്ല.
ദുരിതമനുഭവിക്കുന്ന മനുഷ്യാ, ആര്‍ക്കാണ് ധീരതയുള്ളത്?
ഇനിയും സഹിക്കാനാകാത്തവന്‍ ഓരോ അടിയും എണ്ണുന്നു
പീഡനം അവന്റെ ആത്മാവിനെ ആയുധമണിയിക്കുന്നു.
ആവശ്യവും സങ്കടവും ചേര്‍ന്ന് അവനെ
സമയമേതെന്നു പഠിപ്പിക്കുന്നു.
അവന്‍ നാളെയല്ല, ഇന്നുതന്നെ ആഞ്ഞടിക്കുന്നു.
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല
ഒന്നുകില്‍ എല്ലാവരും, അല്ലെങ്കില്‍ ആരുമില്ല.
ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വന്തം വിധി നന്നാക്കാനാവില്ല
ഒന്നുകില്‍ തോക്ക്, അല്ലെങ്കില്‍ ചങ്ങല
ഒന്നുകില്‍ എല്ലാം, അല്ലെങ്കില്‍ ഒന്നുമില്ല.
ഒന്നുകില്‍ എല്ലാവരും, അല്ലെങ്കില്‍ ആരുമില്ല

No comments: