വചനങ്ങള്‍
പിക്കാസോ
* എന്തിനെയാണു നാം ചിത്രത്തിലാക്കേണ്ടത്, മുഖത്തു കാണുന്നതിനെയോ, അതിനുള്ളിലുള്ളതിനെയോ, അതോ, അതിനു പിന്നിലുള്ളതിനെയോ?
* നമുക്കെല്ലാം അറിയാം, കലയല്ല സത്യമെന്ന്. നമുക്കറിയാൻ വരുതി കിട്ടിയിടത്തോളം സത്യമെന്തെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്ന നുണയാണ് കല. തന്റെ നുണകളുടെ സത്യാത്മകത അന്യരെ ബോദ്ധ്യപ്പെടുത്താനുള്ള ഉപായങ്ങൾ കലാകാരനു വശമുണ്ടായിരിക്കണം.
* സൗന്ദര്യശാസ്ത്രത്തിന്റെ നിയമങ്ങൾ പ്രയോഗിക്കലല്ല കല; ഏതു പ്രമാണത്തിനുമപ്പുറം കടന്ന് വാസനയും ബുദ്ധിയും കൂടി കണ്ടെടുക്കുന്നതാണത്. ഒരു സ്ത്രീയെ പ്രേമിക്കുമ്പോൾ അവളുടെ അവയവങ്ങളുടെ അളവെടുത്തിട്ടല്ലല്ലോ നാം തുടങ്ങുക.
* അനാവശ്യമായതിനെ ഒഴിവാക്കിയാൽ കലയായി.
* മോശം കലാകാരന്മാർ കോപ്പിയടിക്കും. നല്ല കലാകാരന്മാർ മോഷ്ടിക്കും.
* നിറങ്ങൾ മുഖഭാവങ്ങളെപ്പോലെ വികാരങ്ങൾക്കൊത്തു മാറും.
* ഏതു സൃഷ്ടികർമ്മവും തുടക്കത്തിൽ ഒരു സംഹാരകർമ്മമായിരിക്കും.
* അത്ഭുതമല്ലാതെന്താണുള്ളത്? കുളിയ്ക്കുമ്പോൾ നാമലിഞ്ഞുപോകുന്നില്ലെങ്കിൽ അതുമൊരത്ഭുതമല്ലേ?
* നിങ്ങൾക്കു ഭാവന ചെയ്യാനാവുന്നതൊക്കെ യഥാർത്ഥമാണ്.
* എനിക്കൊരു ചിത്രശാല തരൂ. ഞാനതു നിറച്ചുതരാം.
* ദൈവവും ശരിക്കു പറഞ്ഞാൽ വേറൊരു കലാകാരൻ തന്നെ. അദ്ദേഹം ജിറാഫിനെ സൃഷ്ടിച്ചു, ആനയെയും പൂച്ചയെയും സൃഷ്ടിച്ചു. ആൾക്കു പ്രത്യേകിച്ചൊരു ശൈലിയും പറയാനില്ല; ഓരോന്നോരോന്നു മാറിമാറി പരീക്ഷിക്കുകയാണദ്ദേഹം.
* തനിയ്ക്കാവുമെന്നു കരുതുന്നവനാവും, ആവില്ലെന്നു കരുതുന്നവനാവില്ല. അലംഘ്യവും അസന്ദിഗ്ധവുമായ നിയമമാണത്.
* ഞാൻ ഒരാശയത്തിൽ നിന്നു തുടങ്ങും; പിന്നെയതു മറ്റെന്തോ ആവുകയാണ്.
* സൗന്ദര്യത്തെക്കുറിച്ചു സംസാരിക്കാൻ വരുന്നവരെ കണ്ടാൽ ഞാൻ ഓടിക്കളയും. എന്താണീ സൗന്ദര്യം? ചിത്രരചനയിലെ പ്രശ്നങ്ങളെക്കുറിച്ചല്ലേ നാം സസാരിക്കേണ്ടത്?
* ഈ തലച്ചോറെടുത്തു പുറത്തു കളഞ്ഞിട്ട് കണ്ണുകൾ മാത്രമായി ജീവിക്കാൻ നമുക്കു കഴിഞ്ഞിരുന്നെങ്കിൽ?
* യാഥാർത്ഥ്യം ഒന്നേ ഉള്ളുവെങ്കിൽ ഒരേ പ്രമേയത്തെക്കുറിച്ച് ഒരു നൂറു ചിത്രങ്ങൾ വരയ്ക്കാനാവുന്നതെങ്ങനെ?
* വിലോഭനീയമായി ഒന്നേയുള്ളു: നിങ്ങൾ ജീവിതത്തിൽ ഇഷ്ടപ്പെട്ടു ചെയ്യുന്ന പ്രവൃത്തി.
* ചെറുപ്പമാവാൻ പ്രായമേറെയാവണം.
* റാഫേലിനെപ്പോലെ വരയ്ക്കാൻ നാലു വർഷമേ ഞാനെടുത്തുള്ളു; പക്ഷേ ഒരു കുട്ടിയെപ്പോലെ വരയ്ക്കാൻ ഒരായുസ്സു വേണ്ടിവന്നു.
* അമ്മ എന്നോടു പറഞ്ഞു, ‘ പട്ടാളക്കാരനായാൽ നീ പടത്തലവനാവും, അച്ചനായാൽ മാർപ്പാപ്പയാവും.’ പകരം ഞാൻ ചിത്രകാരനായി, പിക്കാസ്സോയുമായി.
* മരിക്കുമ്പോൾ പൂർത്തിയായില്ലെങ്കിലും വിരോധമില്ലെന്നു തോന്നുന്നതേ, നിങ്ങൾ നാളത്തേക്കു മാറ്റിവയ്ക്കാവൂ.
* ചിത്രരചന ഒരന്ധന്റെ തൊഴിലാണ്. താൻ കാണുന്നതല്ല, അയാൾ വരയ്ക്കുന്നത്; മറിച്ച്, തനിയ്ക്കനുഭൂതമാകുന്നതിനെയാണ്, കണ്ടതെന്തെന്ന് തന്നോടുതന്നെ അയാൾ പറയുന്നതിനെയാണ്.
* ചില ചിത്രകാരന്മാർ സൂര്യനെ മഞ്ഞപ്പുള്ളിയാക്കും,
മഞ്ഞപ്പുള്ളിയെ സൂര്യനാക്കുന്ന വേറേ ചിലരുമുണ്ട്.
* വിജയം അപകടം പിടിച്ചതാണ്: നിങ്ങൾ നിങ്ങളെത്തന്നെ അനുകരിക്കാൻ തുടങ്ങും; അന്യരെ അനുകരിക്കുന്നതിനെക്കാൾ അപകടം പിടിച്ചതാണത്. അതുപിന്നെ നിങ്ങളെ വന്ധ്യതയിലേക്കും നയിക്കും.
* അവിടെയുമിവിടെയും നിന്നു വന്നുചേരുന്ന അനുഭൂതികളെ സ്വീകരിക്കാനുള്ള ഭാജനമാണു കലാകാരൻ: ഭൂമിയിൽ നിന്ന്, ആകാശത്തു നിന്ന്, ഒരു കടലാസുതുണ്ടിൽ നിന്ന്, കടന്നുപോയൊരു രൂപത്തിൽ നിന്ന്, ഒരു ചിലന്തിവലയിൽ നിന്ന്.
* പ്രായം കൂടുന്തോറും കാറ്റിന്റെ ഊക്കു കൂടുകയുമാണ്; നേരേ മുഖത്തേക്കാണതു വീശുന്നതും.
* കല കൊണ്ടു ലക്ഷ്യമാക്കുന്നത് നിത്യജീവിതത്തിന്റെ അഴുക്കും പൊടിയും നമ്മുടെ ആത്മാക്കളിൽ നിന്നു കഴുകിക്കളയുക എന്നതാണ്.
* ഇന്നത്തെ ലോകത്ത് ഒരു യുക്തിയും കാണാനില്ല; എങ്കില്പിന്നെ, ഞാൻ വരയ്ക്കുന്ന ചിത്രങ്ങളിൽ എന്തിനതു കാണണം?
* സ്ത്രീകൾ രണ്ടു തരമേയുള്ളു: ദേവതയും ചവിട്ടുമെത്തയും.
* പ്രചോദനം എന്നൊന്നുണ്ട്; പക്ഷേ നിങ്ങൾ പണിയെടുക്കുന്നതായി അതിന്റെ കണ്ണിൽപ്പെടണം.
* ഞാനൊരു കാട്ടുകുതിരയെ വരയ്ക്കുമ്പോൾ നിങ്ങൾ കുതിരയെ കണ്ടില്ലെന്നു വരാം, പക്ഷേ അതിന്റെ വന്യസ്വഭാവം നിങ്ങൾ കണ്ടിരിക്കും.
* നശിപ്പിക്കാൻ കഴിയാത്തവരാണ്, ഞങ്ങൾ കലാകാരന്മാർ; ഒരു ജയിലിലോ, കോൺസെൻട്രേഷൻ ക്യാമ്പിലോ ആണു ഞാനെന്നിരിക്കട്ടെ, അവിടെയും എന്റേതായ ഒരു കലാലോകത്തിന്റെ പ്രജാപതിയായിരിക്കും ഞാൻ; അതിനി എന്റെ തടവറയുടെ പൊടി പിടിച്ച നിലത്ത് സ്വന്തം നാവിന്റെ നനവു കൊണ്ടുവേണം എനിക്കു ചിത്രം വരയ്ക്കേണ്ടി വരുന്നതെങ്കിൽക്കൂടി.
* എന്തിലും ആരിലും ഒരർത്ഥം കണ്ടുപിടിക്കാൻ നടക്കുകയാണാളുകൾ. നമ്മുടെ കാലത്തെ ഒരു രോഗമാണിത്.
* എന്നെക്കാൾ ശക്തനാണ് എന്റെ കല; തനിയ്ക്കു വേണ്ടത് അതെന്നെക്കൊണ്ടു ചെയ്യിക്കുന്നു.
* കലാകാരനെന്നു പറഞ്ഞാൽ ആരാണെന്നാണു നിങ്ങൾ ധരിച്ചുവച്ചിരിക്കുന്നത്? ചിത്രകാരനാണെങ്കിൽ കണ്ണുകൾ മാത്രമുള്ളവനും, പാട്ടുകാരനാണെങ്കിൽ കാതു മാത്രമുള്ളവനും, കവിയാണെങ്കിൽ ഹൃദയത്തിന്റെ ഓരോ അറയിലും ഒരു കിന്നരവും കൊണ്ടു നടക്കുന്നവനും, ഇനിയൊരു ഗുസ്തിക്കാരനാണെങ്കിൽ വെറും മാംസപേശികൾ മാത്രമുള്ളവനുമായ ഒരു വികലാംഗനാണെന്നോ? അങ്ങനെയൊന്നുമല്ല: ഒരു രാഷ്ട്രീയജീവി കൂടിയാണയാൾ; ലോകത്തു നടക്കുന്ന ഹൃദയഭേദകവും വികാരഭരിതവും ആഹ്ളാദകരവുമായ സംഗതികളെക്കുറിച്ചു നിരന്തരം ബോധവാനായ ഒരാൾ; അതിനൊപ്പിച്ചു സ്വന്തം പ്രതിച്ഛായ മാറ്റിവരയ്ക്കുകയുമാണയാൾ. എങ്ങനെയാണ് അന്യരിൽ ഒരു താല്പര്യവുമെടുക്കാതെ ജീവിക്കാനാവുക? അത്രയും സമൃദ്ധമായി അവർ നിങ്ങൾക്കു കൊണ്ടുവന്നുതരുന്ന ആ ജീവിതത്തിൽ നിന്ന് മരവിച്ചൊരു നിസ്സംഗതയോടെ മാറിനില്ക്കാനാവുക? അല്ല, വീടുകൾ മോടി പിടിപ്പിക്കാനുള്ളതല്ല, കല; അതൊരു യുദ്ധസാമഗ്രിയാണ്.
(പിക്കാസോ ഗൂർണിക്കയെക്കുറിച്ചു പറഞ്ഞത്)
* നിങ്ങൾ ചെയ്തുകഴിഞ്ഞതേ നിങ്ങളുടെ കണക്കിൽ വരുന്നുള്ളു. നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്നതല്ല.
* കലാവിമർശകർ ഒത്തുകൂടുമ്പോൾ അവർ രൂപം, ഘടന, അർത്ഥം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കും. കലാകാരന്മാർ ഒത്തുകൂടുമ്പോൾ അവർ സംസാരിക്കുന്നത് കുറഞ്ഞ വിലയ്ക്ക് ചായങ്ങൾ എവിടെക്കിട്ടുമെന്നായിരിക്കും.
* കാണാൻ ഒരു വഴിയേയുള്ളു, മറ്റൊരു വിധവും കാണാമെന്ന് ആരെങ്കിലും കാണിച്ചുതരുന്നതു വരെ.
* ഒരേ അളവിലുള്ള ഊർജ്ജം തന്നെ എല്ലാവർക്കുമുള്ളത്. ശരാശരിക്കാരൻ ഒരു പന്ത്രണ്ടുതരം കൊച്ചുകൊച്ചു വഴികളിലായി അതു തുലച്ചുകളയും. ഞാൻ എന്റെ ഊർജ്ജം ഒന്നിനു മാത്രമായി മാറ്റിവയ്ക്കുന്നു: എന്റെ ചിത്രംവരയ്ക്ക്...ശേഷിച്ചതൊക്കെ ഞാനതിൽ ഹോമിക്കുന്നു, എന്നെക്കൂടി.
ഫ്രാൻസിസ് ബേക്കൺ
1. തനിയ്ക്കു കിട്ടുന്നതിലുമധികം അവസരങ്ങൾ താനായിട്ടുണ്ടാക്കും, ബുദ്ധിമാനായ ഒരാൾ.
2. പഴയതായാൽ നന്നാവുന്ന നാലുണ്ട്: പഴയ മരം എരിക്കാൻ കൊള്ളാം, പഴയ വീഞ്ഞു കുടിയ്ക്കാൻ കൊള്ളാം, പഴയ സുഹൃത്തുക്കളെ വിശ്വസിക്കാൻ കൊള്ളാം, പഴയ എഴുത്തുകാരെ വായിക്കാൻ കൊള്ളാം.
3. അംഗഭംഗം വന്ന ചരിത്രമാണ്, പുരാതനവസ്തുക്കൾ; അഥവാ, കാലത്തിന്റെ കപ്പൽച്ചേതത്തിൽ നിന്ന് യാദൃച്ഛികമായി രക്ഷപ്പെട്ട ചരിത്രത്തിന്റെ ശേഷിപ്പുകൾ.
4. അനന്തം ഇന്ദ്രിയങ്ങൾക്കനുഭൂതമാവുമ്പോൾ നാമതിനെ സൗന്ദര്യം എന്നു പറയുന്നു.
5. പക്ഷേ മനുഷ്യനറിയണം, മനുഷ്യജീവിതമെന്ന രംഗവേദിയിൽ കാഴ്ചക്കാരാവാനുള്ള അവകാശം ദൈവത്തിനും മാലാഖമാർക്കും മാത്രമേയുള്ളുവെന്ന്.
6. ഒരു കാര്യം തീർച്ചയാണ്: -ഏറ്റവും ഉത്കൃഷ്ടമായ സൃഷ്ടികൾ, മനുഷ്യർക്കേറ്റവും ഉപകാരപ്രദമായ സൃഷ്ടികൾ നടത്തിയിരിക്കുന്നത് അവിവാഹിതരായ, അല്ലെങ്കിൽ കുട്ടികളില്ലാത്തവർ തന്നെ.
7. കുട്ടികളുണ്ടായാൽ ജീവിതായാസത്തിനു മധുരം കൂടുമെന്നതു ശരി; ദൗർഭാഗ്യങ്ങളുടെ കയ്പ്പു കൂട്ടാനും അവർ മതി എന്നതു മറക്കരുത്.
8. നിങ്ങൾക്കേറ്റവും ഉപകരിക്കുന്ന ജിവിതരീതി തിരഞ്ഞെടുക്കുക; ശീലം അതിനെ പിന്നെ നിങ്ങൾക്കു ഹിതകരവുമാക്കിക്കോളും.
9. പ്രശസ്തി പുഴയെപ്പോലെയാണ്: ഭാരം കുറഞ്ഞവയും ചീർത്തവയും അതിൽ പൊന്തിയൊഴുകും; ഭാരവും ഈടുമുള്ളവ അതിൽ മുങ്ങിക്കിടക്കും.
10. ഒരാളെ ഞെട്ടിക്കാനും, തുറന്നു കാട്ടാനും അപ്രതീക്ഷിതവും ധീരവുമായൊരു ചോദ്യം മതി.
11. എന്റെ പേരും എന്റെ ഓർമ്മയും അന്യരുടെ അനുഭാവപൂർണ്ണമായ സംസാരത്തിനു ഞാൻ വിട്ടുകൊടുക്കുന്നു; അന്യദേശങ്ങൾക്കും വരാനുള്ള കാലത്തിനും.
12. ഭാഗ്യം ഒരു ചന്ത പോലെയാണ്; അല്പം ക്ഷമിക്കാൻ തയാറാണെങ്കിൽ പലപ്പോഴും വില കുറഞ്ഞുകിട്ടും.
13. സമയം മോഷ്ടിക്കുന്നവരാണു സുഹൃത്തുക്കൾ.
14. സൌഹൃദസന്ദർശനങ്ങൾ സൌഹൃദമുറപ്പിയ്ക്കും; സന്ദർശനങ്ങൾ അപൂർവമായിരിക്കുമെങ്കിൽ.
15. മരണത്തെയല്ല, മരണമുഹൂർത്തത്തെയാണ് മനുഷ്യൻ ഭയക്കുന്നതെന്നാണ് എന്റെ വിശ്വാസം.
16. ഞാനൊരിക്കലും വൃദ്ധനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം, വൃദ്ധനാവുക എന്നു പറഞ്ഞാൽ എന്നെക്കാൾ 15 വയസ്സു കൂടുതലാവുക എന്നാണർത്ഥം.
17. നാം നീതി പുലർത്തുന്നില്ലെങ്കിൽ നീതി നമ്മെ പുലർത്തുകയുമില്ല.
18. പക വീട്ടുമ്പോൾ ഒരാൾ അയാളുടെ ശത്രുവിനൊപ്പമെത്തുന്നതേയുള്ളു; അതിനെ മറി കടക്കാൻ കഴിഞ്ഞാൽ അയാൾ മറ്റേയാളെക്കാൾ ഉന്നതനായി.
19. ജനനം പോലെ തന്നെ സ്വാഭാവികമാണു മരണവും; ഒരു കൈക്കുഞ്ഞിനൊരുപക്ഷേ ഒന്നുപോലെ വേദനാജനകമാവാം മറ്റേതും.
20. ജീവിതം, വേദന തിന്നാൻ ഒരു യുഗം, ആനന്ദിക്കാൻ ഒരു നിമിഷം.
21. മനുഷ്യർ മരണത്തെ ഭയക്കുന്നത് കുട്ടികൾ ഇരുട്ടിനെ ഭയക്കുന്ന പോലെയാണ്; കെട്ടുകഥകൾ കുട്ടികളുടെ ഭയത്തെ വളർത്തുന്ന പോലെയാണു മറ്റേതും.
22. പണം വളം പോലെയാണ്; വിതറിയാലേ ഫലമുള്ളു.
23. പ്രകൃതിയെ വശത്താക്കണമെങ്കിൽ നാമതിനു വശപ്പെടുകയും വേണം.
24. ആളുകളുടെ ചിന്ത പൊതുവേ അവരുടെ മനോഭാവത്തിനനുസരിച്ചായിരിക്കും; സംസാരം ആർജ്ജിതജ്ഞാനത്തിനനുസരിച്ചായിരിക്കും; പ്രവൃത്തി പക്ഷേ നാട്ടുനടപ്പനുസരിച്ചും.
25. വായിക്കുക, നിഷേധിക്കാനും ഖണ്ഡിക്കാനുമല്ല, വിശ്വസിക്കാനും പാടേ വിഴുങ്ങാനുമല്ല...വിവേചിച്ചറിയാനും ആലോചിക്കാനും.
26. ചില പുസ്തകങ്ങൾ രുചി നോക്കിയാൽ മതി, മറ്റു ചിലത് വിഴുങ്ങിയാലേ പറ്റൂ; വേറേ ചിലതുണ്ട്, ചവച്ചരച്ചു ദഹിപ്പിക്കേണ്ടവ.
27. തന്നെപ്പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നതിനോടു ബന്ധപ്പെട്ടതാണ്, തന്റെ അയൽക്കാരനെപ്പോലെ തന്നെയും വെറുക്കുക എന്നത്.
28. രക്ഷിതാക്കളുടെ സന്തോഷങ്ങൾ ആരും കാണുന്നില്ല; അതുപോലെ തന്നെയാണ് അവരുടെ വേദനകളും ഭീതികളും.
29. പകയെക്കുറിച്ചുതന്നെ ചിന്തിച്ചിരിക്കുന്നവന്റെ മുറിവുകൾ ഉണങ്ങുകയുമില്ല.
30. ഏകാന്തതയിൽ അത്ര രമിക്കുന്നവൻ ഒന്നുകിൽ ഒരു കാട്ടുമൃഗമായിരിക്കും, അല്ലെങ്കിൽ ഒരു ദേവൻ.
31. ഒരാൾ സ്വന്തം ദുരിതങ്ങൾ ചിരിച്ചുതള്ളിയാൽ അയാൾക്കു നഷ്ടപ്പെടുന്ന സ്നേഹിതന്മാർ അനേകമായിരിക്കും; തങ്ങളുടേതായ ഒരവകാശം നഷ്ടപ്പെടുത്തിയതിന് അവരെങ്ങനെ മാപ്പു കൊടുക്കാന്‍!
(ഫ്രാൻസിസ് ബേക്കൺ 1561-1626. ഇംഗ്ളീഷ് ചിന്തകനും, രാഷ്ട്രതന്ത്രജ്ഞനും, ശാസ്ത്രജ്ഞനും, എഴുത്തുകാരനും, നിയമപണ്ഡിതനും, ശാസ്ത്രീയരീതിയുടെ ഉപജ്ഞാതാവും. )
No comments:
Post a Comment