Thursday, July 3, 2014


ഒരു വെളുപ്പാന്‍കാലം

ഒമ്പതര വരെ
ഞരമ്പില്‍ അള്ളിപ്പിടിച്ചുകിടക്കാറുള്ള ആ ജന്തു
ഇന്നെന്താ ഏഴരവെളുപ്പിനു തന്നെ
എഴുന്നേറ്റ് സ്ഥലം വിട്ടത്?
പിണങ്ങിപ്പോയതായിരിക്കുമോ?

ഘര്‍ര്‍....എന്നൊരു അമറിച്ച
എവിടെന്നോ കേള്‍ക്കുന്നുണ്ട്
എന്നോടുള്ള കലിപ്പിന്
അയലത്തെ വല്ലവന്റേം തലച്ചോറില്‍ കേറി
കശപിശയുണ്ടാക്കുകയാവുമോ?
പോയി നോക്കിയിട്ടു തന്നെ കാര്യം.

കോട്ടുവായ അല്പംതുറന്ന്
ശ്വാസത്തിന്റെ അഴിയില്‍ പിടിച്ച്
പുറത്തേക്കു നോക്കി

ആഹ! ഇതു ശരിക്കും ഒരു ജനലാണല്ലോ
ആകാശം മരങ്ങള്‍ കിളികള്‍
മണമുള്ള ചെറിയൊരു തണുപ്പ്...
കൊള്ളാമല്ലോ
എല്ലാരും എന്തൊക്കെയോ ആലോചനയിലുമാണല്ലോ...
എന്നൊക്കെ ആലോചിക്കാന്‍ തുടങ്ങിയതും
ഠപേന്ന് ഒപ്പാരിപോലെ വീണ്ടും ഒരമറി‍ച്ച
അഴിയില്‍, ശ്വാസത്തിന്റെയല്ല,
ശരിക്കുമുള്ള ജനലിന്റെ അഴിയില്‍,
ഒന്നുകൂടി അമര്‍ത്തിപ്പിടിച്ച്
പുറത്തേക്കു നോക്കി

അടുത്ത പറമ്പും
അടുത്തതിന്റെ അടുത്ത പറമ്പും
അതിനപ്പുറത്തെ പറമ്പും
ഒന്നിച്ച് ഒരു പറമ്പാക്കി കയ്യിലെടുത്ത്
ഘര്‍ര്‍... എന്ന് മറ്റൊരു ജന്തു

നെടുകെയും കുറുകെയും
താഴേക്കും മേലേക്കും
ലോകം ഒന്നു കുലുങ്ങി

ഉറക്കം പേടിച്ച്
എന്റെ തലച്ചോറിലേക്കു തന്നെ ഓടിക്കയറി

അയലത്തെ പറമ്പുകളില്‍
ആഴത്തെയും പരപ്പിനെയും ഉയരത്തെയും കുറിച്ച്
ഘര്‍ര്‍.. എന്ന കൂര്‍ക്കഭാഷയില്‍
കവിത എഴുതുകയായിരുന്നു
ഒരു വെളുപ്പാങ്കാല ജെ.സി.ബി

അഴിയിലെ തുരുമ്പില്‍
പല്ലിലെ കാത്സ്യം കൊണ്ട്
ഞാനും ഇറുമ്മി
എന്റെ ഉറക്കത്തോട് ഒരു വരി:
‘ആഴത്തിന്റെ അടിവേരേ അടങ്ങിക്കിടക്ക് '

SATURDAY, JULY 24, 2010

No comments: