Thursday, July 3, 2014


ഒരിക്കലും വീണിട്ടില്ലാത്തതിനാല്‍ വീഴാത്തതില്‍ വിദ്വാന്‍


വീഴുമ്പോള്‍ ഓര്‍ക്കുന്ന കാര്യങ്ങള്‍
വീണവര്‍ക്കു മാത്രമേ പറയാന്‍ കഴിയൂ

നാലാം നിലയില്‍ നിന്ന്
കാല്‍തെറ്റി താഴേക്ക് പോരുമ്പോള്‍,
ആഞ്ഞിലിക്കൊമ്പൊടിഞ്ഞവിടവിടെതട്ടി
ഊര്‍ന്നു പോരുമ്പോള്‍,
നാലു സ്വപ്‌നത്തില്‍ നിന്നൊരുമിച്ച്
കൈവിട്ട് വീണുവീണുണര്‍ന്നു പോരുമ്പോള്‍

വീണവര്‍ക്കു മാത്രമേ കഴിയൂ
പറയുവാന്‍ വീഴുമ്പോളോര്‍ക്കുന്ന കാര്യങ്ങള്‍

കാല്‍തെറ്റുമ്പോള്‍ എന്താണ് മറന്നതെന്ന്
വീഴുമ്പോളോര്‍ത്തിടാം വീഴാത്തൊരാള്‍
ഒരിക്കലും വീഴാത്തതിനാല്‍
പെട്ടന്നു കാല്‍തെറ്റിയ നിമിഷത്തെ
ഓര്‍ത്തിടാം
പറഞ്ഞുപോകാം മറവിയല്ല
മരണമെന്നയാള്‍ ; തെറ്റുപറ്റിടാം
ശരിയുമതിനാല്‍ തന്നെയിടയ്ക്കിടെ

എന്തുകൊണ്ടാണൊടിഞ്ഞതെന്നു പറയും
സൂക്ഷിച്ചില്ല ഞാനെന്നു പിറുപിറുക്കും
മറ്റാരെങ്കിലുമായിരുന്നെങ്കില്‍ നിശ്ചയം
തീര്‍ന്നുപോയേനേ എന്നു നിവര്‍ന്നു നില്‍ക്കും
ഒരിക്കലുമൊടിഞ്ഞിട്ടില്ലാത്ത കൊമ്പില്‍നിന്ന്
മുന്‍കൂര്‍ഭയം കൊണ്ടുമാത്രം
വീണുപോയിട്ടുള്ള
വീഴുന്നതിനെക്കുറിച്ചുള്ള ഭാവന

സ്വപ്‌നമായിരുന്നെന്നു പോലും പറയും
ഉണരേണ്ടിയിരുന്നില്ലെന്നു പരതും
ഛെ, ഛെ , ഛെ എന്നൊച്ചുപോലെ
അവനവനോട് പരിഭവിക്കും
വീണവന്റെ വിവരണം
അപ്പോഴുമാകില്ല
നിവര്‍ന്നു നിന്നുകൊണ്ടുമാത്രം
അറിയാന്‍ കഴിയില്ല
ഭാരമില്ലാത്ത ഭൂമിയെ

അതിനാല്‍
കൃത്യമായി ഈ കവിത എഴുതുവാന്‍
വേണ്ടിമാത്രം
വീണുനോക്കുവാന്‍ പോകുന്നു ഞാന്‍
പോയിവരുമ്പോഴുണ്ടാകില്ല
കൈ, കാല്‍
തല പോലും ചിലപ്പോഴെങ്കിലും
ഉറപ്പില്ലാത്തവയില്‍
കെട്ടിഞാത്തിയ ഊഞ്ഞാല്‍
നിങ്ങളെന്നറിയാമെങ്കിലും

ഇല്ല സ്‌നേഹിക്കയില്ല ഞാന്‍
നേരിട്ടറിയാത്തൊരു തത്വശാസ്ത്രത്തെയും

No comments: