'മാധ്യമങ്ങള്‍ വിധേയപ്പെട്ടാലും ഇന്ത്യ അതിജീവിക്കും'
Friday, February 6, 2015 - 17:04
രജീന്ദര്‍ സച്ചാര്‍/ എന്‍കെ ഭൂപേഷ്
നരേന്ദ്രമോഡി അധികാരത്തിലെത്തുന്ന ഘട്ടത്തില്‍ പലരും പല ആശങ്കകള്‍ പങ്കുവെച്ചിരുന്നു. പ്രത്യേകിച്ച് ബി ജെ പിയ്ക്ക് തനിച്ച് ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍. ഭരണം എട്ടുമാസം കഴിയുമ്പോള്‍ താങ്കള്‍ക്ക് എന്താണ് തോന്നുന്നത്?
മോഡി നേരത്തെ തന്നെ എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയാണ് ഇപ്പോഴും. വര്‍ഗീയതയെ അടിസ്ഥാനപ്പെടുത്തികൊണ്ടുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ പഴയതുപോലെ തുടരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ആളുകള്‍ ഭരണഘടനയുടെ ആമുഖം മാറ്റണമെന്ന് പറയുന്നത്. അവര്‍ യഥാര്‍ത്ഥത്തില്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്. എങ്ങനെയുണ്ട് പ്രതികരണം എന്നറിയാന്‍. ഇതൊന്നും അറിയാതെ സംഭവിച്ചതല്ല. കരുതിക്കൂട്ടി നടത്തുന്ന പ്രചാരണമാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഡല്‍ഹിയില്‍ നടത്തിയ പ്രസംഗം നയതന്ത്ര മര്യാദയ്ക്ക് ചേര്‍ന്നതായിരുന്നില്ല. രാജ്യത്തെ മത സ്വാതന്ത്ര്യത്തെക്കുറിച്ചും, വൈവിധ്യത്തെയും കുറിച്ചായിരുന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. കാരണം അദ്ദേഹം പറഞ്ഞത് ശരിയാണ്. സന്ദര്‍ശനത്തിന്റെ അവസാനഘട്ടത്തില്‍ ഒബാമ നടത്തിയ പ്രസംഗം മോഡിയുടെ മുഖത്തേറ്റ പ്രഹരമാണ്. ഒബാമയ്ക്കും സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടാവാം. അമേരിക്കയില്‍ ഒരു നല്ല വിഭാഗത്തിന്റെ സമ്മര്‍ദ്ദം ഉണ്ടായതുകൊണ്ടാണ് മോഡിക്ക് നേരത്തെ വിസ നിഷേധിക്കപ്പെട്ടത്. അങ്ങനെയുള്ള ഒരു വിഭാഗം ആ രാജ്യത്തുള്ളപ്പോള്‍, മതസ്വാതന്ത്ര്യം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് അത് പരാമര്‍ശിക്കാതെ പോകാന്‍ പറ്റില്ലായിരുന്നു. അല്ലെങ്കില്‍ ആലോചിച്ച് നോക്കൂ മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരി ഇന്ത്യയില്‍ വന്ന് രാജ്യത്തിന്റെ ആഭ്യന്തരകാര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തിയാല്‍ എന്താവും സ്ഥിതി. പക്ഷെ ഇവിടെ നിലനില്‍ക്കുന്ന അവസ്ഥ ഇത്തരത്തിലുള്ള വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തുന്നുണ്ട്. മോഡി അമേരിക്കയില്‍ പോയിട്ട് അവിടുത്ത ആഫ്രിക്കന്‍ വംശജരുടെ അവസ്ഥ പറഞ്ഞാല്‍ എന്താവും സ്ഥിതി. നയതന്ത്രാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ തെറ്റാണെങ്കിലും, ഒബാമ പറഞ്ഞത് പോലെ പറയാനുള്ള സാഹചര്യം ഉണ്ടാക്കി എന്നതാണ് മോഡി ഭരണത്തിന്റെ പ്രത്യേകത.
എന്നാല്‍ ഒബാമ സന്ദര്‍ശനം വിജയകരമായിരുന്നു എന്നാണ് മോഡി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പ്രത്യേകിച്ചും ആണവകരാറിന്റയൊക്കെ കാര്യത്തില്‍.
ഏറ്റവും അരോചകമായ കാര്യം അതാണ്. എങ്ങനെയാണ് ആണവകരാറിന്റെ കാര്യത്തില്‍ വിജയം നേടി എന്ന് പറയാന്‍ കഴിയുക. എല്ലാവരും ആണവ നിലയം അടച്ചുപൂട്ടുമ്പോഴാണ് ഇവിടെ അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ജര്‍മ്മനിയും ഫ്രാന്‍സും എല്ലാം ആണവനിലയങ്ങള്‍ അടച്ചുപൂട്ടുകയാണ്. അവര്‍ക്ക് ആണവയന്ത്ര സാമഗ്രികള്‍ എവിടെയും വില്‍ക്കാന്‍ കഴിയില്ല. അതാണ് ഏറ്റവും അപകടകരമായ കാര്യം. അവരുടെ സാമ്പത്തിക വ്യവസ്ഥയെയാണ് നമ്മുടെ ചെലവില്‍ വികസിപ്പിക്കുന്നത്.
എന്നാല്‍ മുഖ്യരാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ആണവനയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എതിര്‍പ്പുണ്ടാകുന്നില്ല. സാമ്പത്തിക നയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന തോന്നലാണ് സൃഷ്ടിക്കപ്പെടുന്നത്.
കോണ്‍ഗ്രസിനെക്കുറിച്ചാണ് താങ്കള്‍ പറയുന്നതെങ്കില്‍ അവര്‍ ഇതിനെല്ലാം അനുകൂലമാണ്. പക്ഷെ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം അതിനെ അനുകൂലിക്കുന്നുവെന്ന് പറയാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഇത്തരം നയങ്ങളെ എതിര്‍ക്കുന്നവരാണ്. ഇടതുപാര്‍ട്ടികള്‍ ഈ നയങ്ങളുടെ ശക്തരായ വിമര്‍ശകരാണ്. പ്രശ്‌നം മാധ്യമങ്ങള്‍ ഇത്തരം നയങ്ങള്‍ എതിര്‍ക്കുന്ന പാര്‍ട്ടികളുടെ നിലപാടുകള്‍ വാര്‍ത്തയാക്കുന്നില്ലെന്നതാണ്. ഈ പാര്‍ട്ടികളുടെ പ്രസ്താവനകള്‍ പത്രങ്ങള്‍ നല്‍കുന്നില്ല. ഭരണഘടനയുടെ ആമുഖം മാറ്റണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ ഞാന്‍ അതിനെ എതിര്‍ത്ത് പ്രസ്താവന നല്‍കിയപ്പോള്‍ ആരും വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല.
താങ്കള്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ ചെറുത്തുനിന്ന വ്യക്തിയാണ്. ഇപ്പോഴത്ത രാഷ്ട്രീയ അവസ്ഥയെ ചിലരെങ്കിലും അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യമായി വിശേഷിപ്പിക്കുന്നുണ്ട്. താങ്കള്‍ അങ്ങനെ കരുതുന്നുണ്ടോ?
നമ്മുടെ കഴിവുകേടുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. അതൊരു ഒഴിവുകഴിവു പറയുന്നതിന് തുല്യമാണ്.
അടിയന്തരാവസ്ഥ എന്ന് പറയുന്നത് വ്യത്യസ്തമായ ഒരു അവസ്ഥയായിരുന്നു. അന്ന് എല്ലാ തരത്തിലുളള മര്‍ദ്ദക നിയമങ്ങളും പ്രയോഗിക്കപ്പെട്ടിരുന്നു. അടിയന്തരവാസ്ഥയ്‌ക്കെതിരെ സംസാരിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണ് തൊഴിലാളി യൂണിയനുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഇപ്പോഴുള്ള പ്രധാന വ്യത്യാസം കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളെ കൈയടക്കിയിരിക്കുന്നുവെന്നതാണ്. അവര്‍ക്ക് അടിയന്തരാവസ്ഥയൊന്നും ഏര്‍പ്പെടുത്താനുള്ള ശേഷിയില്ല. പാര്‍ലമെന്റും നീതിന്യായ സംവിധാനവുമുണ്ട്. അടിയന്തരാവസ്ഥകാലത്ത് ഇതായിരുന്നില്ല അവസ്ഥ.
അടിയന്തരാവസ്ഥ എന്ന് പറയുന്നത് വ്യത്യസ്തമായ ഒരു അവസ്ഥയായിരുന്നു. അന്ന് എല്ലാ തരത്തിലുളള മര്‍ദ്ദക നിയമങ്ങളും പ്രയോഗിക്കപ്പെട്ടിരുന്നു. അടിയന്തരവാസ്ഥയ്‌ക്കെതിരെ സംസാരിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണ് തൊഴിലാളി യൂണിയനുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. പക്ഷെ ഇപ്പോഴുള്ള പ്രധാന വ്യത്യാസം കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളെ കൈയടക്കിയിരിക്കുന്നുവെന്നതാണ്. അവര്‍ക്ക് അടിയന്തരാവസ്ഥയൊന്നും ഏര്‍പ്പെടുത്താനുള്ള ശേഷിയില്ല. പാര്‍ലമെന്റും നീതിന്യായ സംവിധാനവുമുണ്ട്. അടിയന്തരാവസ്ഥകാലത്ത് ഇതായിരുന്നില്ല അവസ്ഥ.
എന്താണ് ഇപ്പോള്‍ പലരും പറയുന്ന തരത്തിലുള്ള ഭീതിയുള്ള അവസ്ഥ ഉണ്ടാകാന്‍ കാരണമെന്നാണ് താങ്കള്‍ കരുതുന്നത്
ഇപ്പോഴത്തെ അവസ്ഥ കോര്‍പ്പറേറ്റുകള്‍ ചെലുത്തുന്ന വലിയ സ്വാധീനമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന നയങ്ങളാണ് നടപ്പിലാക്കപ്പെടുന്നത്. ആറ് ശതമാനം വളര്‍ച്ചയെക്കുറിച്ച് പറയുകയും, തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനെക്കുറിച്ച് പറയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. മോഡി നടത്തിയ ഓസ്‌ട്രേലിയന്‍ പര്യടനം വന്‍ വിജയമാണെന്നാണ് മാധ്യമങ്ങള്‍ എഴുതിയത്. എന്തായിരുന്നു വിജയം. രണ്ട് കൊല്ലമായി അഡാനിക്ക് ചെയ്യാന്‍ കഴിയാത്ത നിക്ഷേപം ഓസ്‌ട്രേലിയില്‍ നടത്താന്‍ കഴിഞ്ഞത് മോഡി അവിടെ പോയതുകൊണ്ടാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം വായ്പയ്ക്ക് ബാങ്കുകളെ സമീപിച്ചപ്പോള്‍ അത് ലഭിച്ചിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി, അദ്ദേഹത്തിന് സ്റ്റേറ്റ് ബാങ്ക് 60,000 കോടി രൂപ വായ്പയും നല്‍കി. ഓസ്‌ട്രേലിയയിലെ നിക്ഷേപത്തിനുവേണ്ടിയാണ് ഈ തുക അനുവദിച്ചത്. ഇതിനെയാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ വിജയമെന്ന് വിളിക്കുന്നത്. മാധ്യമങ്ങള്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. അടിയന്തരവസ്ഥ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. അന്ന് മാധ്യമങ്ങളെ സര്‍ക്കാര്‍ നേരിടുകയാണ് ചെയ്യുന്നത്. കുല്‍ദീപ് നയ്യാരെ പോലുള്ളവരെ ജയിലടച്ചു. എന്റെ അച്ഛന്‍ അദ്ദേഹം കോണ്‍ഗ്രസുകാരനും മുഖ്യമന്ത്രിയും ഗവര്‍ണറുമൊക്കെയായിരുന്നു അദ്ദേഹത്തെയും ജയിലിലടച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ഇന്ദിരാഗാന്ധിയ്ക്ക് കത്തയച്ചതായിരുന്നു അദ്ദേഹം ചെയ്ത തെറ്റ്. അദ്ദേഹം നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു പത്രനിയന്ത്രണത്തിനെതിരെ ഇന്ദിരയ്ക്ക് എഴുതിയത്. പത്രങ്ങള്‍ നിരുത്തരവാദിപരമായി പെരുമാറിയേക്കാം. എന്നാല്‍ നിയന്ത്രിക്കപ്പെട്ട മാധ്യമങ്ങളെക്കാള്‍, നിരുത്തരവാദപരമായ മാധ്യമങ്ങളെയാണ് ഞാന്‍ തെരഞ്ഞെടുക്കുകയെന്ന നെഹ്‌റുവിന്റെ വാക്കുകളാണ് ഇന്ദിരയ്ക്ക് അദ്ദേഹം എഴുതിയ കത്തില്‍ ഉദ്ധരിച്ചത്. പിറ്റേ ദിവസം തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അന്ന് 83 വയസ്സായിരുന്നു എന്റെ അച്ഛന്. അന്ന് ഞാന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്നു. ജനങ്ങള്‍ക്ക് ഒരവസരം കിട്ടിയപ്പോള്‍ ഇന്ദിരാഗാന്ധിയെ അധികാരത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. മാധ്യമങ്ങള്‍ ഏതൊക്കെ തരത്തില്‍ വിധേയരായി മാറിയാലും ഇന്ത്യയില്‍ ഒരിക്കല്‍ കൂടി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. മാധ്യമങ്ങള്‍ വിധേയപ്പെട്ടാലും രാജ്യം അതിജീവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. രാജ്യം അത്തരത്തിലുള്ള അവസ്ഥയെ ചെറുക്കാന്‍ ശേഷിയുള്ളതാണ്. ആര്‍ എസ് എസ്സും ബി ജെ പിയും അന്തഃസ്സാര ശൂന്യരായ മനുഷ്യരാണ്. അവര്‍ പലതും ആഗ്രഹിക്കും. പക്ഷെ നടക്കില്ല. ഇങ്ങനെ പറയുന്നതിന്റെ അര്‍ത്ഥം, അടിയന്തരാവസ്ഥ പോലുള്ള പ്രവണതകള്‍ക്കെതിരായ ചെറുത്തുനില്‍പ്പും പോരാട്ടവും അവസാനിപ്പിക്കണമെന്നല്ല. അത് ശക്തമായി തുടരുകതന്നെ ചെയ്യണം.
പക്ഷെ രാഷ്ട്രീയമായി ഭിന്നാഭിപ്രായം പറയുന്നവരെ യു എ പി എ പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ജയിലിലടക്കുന്ന പ്രവണത വ്യാപകമാവുകയാണ്. കേരളത്തിലും ഇത് വളരെ വ്യാപകമായി നടക്കുന്നു
അതെ, അതാണ്. ഇവിടെയുള്ളത് മോഡിയുടെ പാര്‍ട്ടിയുടെ സര്‍ക്കാറല്ല. ഇവിടെ അയാളുടെ പാര്‍ട്ടിക്ക് സീറ്റുപോലുമില്ല. എന്നിട്ടും മോഡി നടപ്പിലാക്കുന്ന അതേ നയപരിപാടികള്‍ തന്നെയാണ് ഇവിടുത്തെ സര്‍ക്കാരും ചെയ്യുന്നത്. ഇവിടുത്തെ സര്‍ക്കാരിനെതിരെ പല അഴിമതി ആരോപണങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. അതിന്റെ ശരിയും തെറ്റും എനിക്കറിയില്ല. ചിലപ്പോള്‍ അതില്‍നിന്ന് ശ്രദ്ധ തിരിക്കാനായിരിക്കും ഇത്തരത്തില്‍ ആളുകളെ മാവോയിസ്‌റ്റെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യിക്കുന്നതും മറ്റും. മാവോയിസ്‌റ്റെന്ന് മുദ്രകുത്തി ആളുകളെ അറസ്റ്റ് ചെയ്യുകയെന്നത് ഇപ്പോള്‍ ഭരണകൂടത്തിന്റെ ഒരു പതിവു രീതിയാണ്. ഇത് അംഗീകരിക്കാവുന്നതല്ല. മാവോയിസ്‌ററാണോ അല്ലയോ എന്നതല്ല, പ്രശ്‌നം. അക്രമം നടത്തുന്നുണ്ടോ എന്നതാണ്. അക്രമം കൊണ്ട് ഒരു കാര്യവും നടക്കില്ല. പക്ഷെ നിയമം ലംഘിക്കുകയെന്നത് സ്വാഭാവികമായി നടക്കുന്ന ഒരു സംഗതിയാണ്. എത്രയോ തവണ ഞാന്‍ നിയമലംഘനം നടത്തിയിട്ടുണ്ട്. ഞാന്‍ ജയിലില്‍ പോയിട്ടുണ്ട്. ആയുധം എടുക്കുന്നതിനെ മാത്രമാണ് എതിര്‍ക്കേണ്ടത്. സോണി സോറിയുടെ അനുഭവം ഭരണകൂടത്തിന്റെ മാവോയിസ്റ്റ് വേട്ട എത്ര ഭീകരമാണെന്ന് തെളിയിക്കുന്നതാണ്. കോര്‍പ്പേറ്റുകള്‍ നല്‍കിയ പണം മാവോയിസ്റ്റുകള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ആറ് മാസം പ്രായമുള്ള കുട്ടിയുളള സോണി സോറിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ എല്ലാതരത്തിലുമുള്ള അങ്ങേയറ്റം ക്രൂരമായ പീഡനത്തിനിരയാക്കുകയാണ് പൊലീസ് ചെയ്തത്. എന്നാല്‍ അതേസമയം പണം നല്‍കിയെന്ന് പറയുന്ന കോര്‍പറേറ്റുകളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്തുമില്ല. പി യു സി എല്‍ സുപ്രീം കോടതിയില്‍ പോയാണ് അവരുടെ മോചനം സാധ്യമാക്കിയത്. ഇക്കാര്യത്തില്‍ നീതിന്യായ സംവിധാനവും കുറ്റക്കാരാണ്. അത്രവൈകിയാണ് അവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. ഇത്തരം സംഗതികള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങളില്‍ രോഷം ഉണ്ടാകുന്നത് സ്വാഭാവികമാണ്.
മിസ, ടാഡ, പോട്ട്, ഇപ്പോള്‍ യു എ പി എ. ഇത്തരം നിയമങ്ങള്‍ ജനാധിപത്യ വ്യവസ്ഥയുമായി ചേര്‍ന്നുപോകുന്നതാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ
ഇല്ല. ടാഡ പ്രകാരം തടവിലാക്കപ്പെട്ടവരില്‍ 0.07 ശതമാനം പേരെ മാത്രമാണ് ശിക്ഷിക്കാന്‍ കഴിഞ്ഞത്. എത്ര ആയിരങ്ങളെയാണ് ഇവര്‍ തടവിലിട്ടത്. ടാഡയ്ക്കതിരെ ജനരോഷമുണ്ടായപ്പോള്‍, അത് മാറ്റി പോട്ട നിയമം കൊണ്ടുവന്നു. പക്ഷെ ടാഡ നിയമപ്രകാരം തടവിലാക്കപ്പെട്ടവര്‍ ആ നിയമം ഇല്ലാതായിട്ടും അതേ നിയമം അനുസരിച്ച് വിചാരണ ചെയ്യപ്പെട്ടു. പോട്ട വന്നപ്പോള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരും വിചാരണ ചെയ്യപ്പെടുമെന്ന വാര്‍ത്തകളുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അന്നത്തെ ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയായിരുന്നു. അദ്ദേഹം ചെയ്തത് മാധ്യമപ്രവര്‍ത്തകരില്‍ ചിലരെ വിരുന്നിന് വിളിച്ച് ചില വിശദീകരണങ്ങള്‍ നല്‍കുകയായിരുന്നു. അതോടെ ആ നിയമത്തിനെതിരായ മാധ്യമ ലോകത്തിന്റെ വിമര്‍ശനം അവസാനിച്ചു. പക്ഷെ നിയമത്തിനെതിരെ പലഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അപ്പോഴാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ജനാധിപത്യവാദികളെന്നും മതേതരവാദികളെന്നും വിളിക്കപ്പെടുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് യു എ പി എ നിയമം കൊണ്ടുവന്നത്. ഇതിനെതിരെയൊക്കെ വിമര്‍ശനവും പ്രതിഷേധവും ശക്തമായി നടക്കേണ്ടതുണ്ട്. ഫാസിസമെന്നോ, സമഗ്രാധിപത്യമെന്നോ എന്ത് പേരിട്ട് വിളിച്ചാലും, ജനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന, പാവപ്പെട്ടവനെ പരിഗണിക്കാത്ത നയങ്ങള്‍ നടപ്പിലാക്കുന്ന സംവിധാനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം ഉയരേണ്ടത്.
ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥ പരിശോധിക്കുന്ന സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കിയത് താങ്കളാണ്. ഈ റിപ്പോര്‍ട്ട് ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കുന്നുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ
എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ റിപ്പോര്‍ട്ടുണ്ടാക്കി നല്‍കി. ആ അര്‍ത്ഥത്തില്‍ എനിക്കുള്ള താല്‍പര്യം അവിടെ അവസാനിച്ചു. തീര്‍ച്ചയായും ഒരു പൗരനെന്ന നിലയില്‍ എനിക്ക് അതില്‍ താല്‍പര്യമുണ്ട്. യഥാര്‍ത്ഥത്തില്‍ ആ റിപ്പോര്‍ട്ട് നടപ്പിലാക്കപെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സിവില്‍ സമൂഹമാണ്. നിരന്തരമായ സമ്മര്‍ദ്ദം അതിന് ആവശ്യമായെ പറ്റൂ. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ പല ഘട്ടത്തിലും വിവേചനത്തിന് ഇരയാക്കപ്പെടുന്നുണ്ട്. പക്ഷെ അക്കാര്യത്തില്‍ മോഡിയും മതേതരത്വത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്ന കോണ്‍ഗ്രസ് സര്‍ക്കാരും തമ്മില്‍ വ്യത്യാസമില്ല. തീവ്രവാദികളെന്ന് പറഞ്ഞ് എട്ട് മുസ്ലീങ്ങളെ പിടികൂടിയത് ഷീലാ ദീക്ഷിത്തിന്റെ കാലത്ത് ഡല്‍ഹി സര്‍ക്കാരാണ്. അവരെ മജിസ്‌ട്രേറ്റ് കോടതി തന്നെ കുറ്റവിമുക്തരാക്കി. ഇത്തരത്തിലുള്ള നിരവധി അവസ്ഥകളുണ്ട്.
കോടതി അലക്ഷ്യത്തിന്റെ പേരില്‍ കേരളത്തിലെ സി പി ഐ എം നേതാവ് എം വി ജയരാജനെ സുപ്രീം കോടതി ശിക്ഷിച്ചിരിക്കുന്നു. പാതയോരത്ത് പൊതുയോഗങ്ങള്‍ നടത്തുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശിച്ചതാണ് ഹൈക്കോടതി ശിക്ഷ വിധിക്കാന്‍ കാരണമായത്. ഇത്തരം കാര്യങ്ങളില്‍ എന്താണ് താങ്കളുടെ നിലപാട് ?
ഇതില്‍ കേരള ഹൈക്കോടതി കാണിച്ചതും സുപ്രീം കോടതി കാണിച്ചതും അങ്ങേയറ്റം തെറ്റാണ്. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണ്. തെരുവിലല്ലാതെ വീടുകളില്‍ പ്രതിഷേധിക്കാന്‍ കഴിയുമോ. ജഡ്ജിയുടെ വാഹനയാത്ര തടസ്സപ്പെടുമെന്ന് കരുതി പ്രതിഷേധങ്ങളെ തടയാന്‍ കഴിയുമോ? ഇതിനെ ചോദ്യം ചെയ്യുമ്പോള്‍ അതിന്റെ പേരില്‍ നടപടിയെടുക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. നിങ്ങള്‍ക്ക് ഭരണഘടനയുടെ മൗലികാവാശങ്ങള്‍ റദ്ദാക്കാന്‍ കഴിയില്ല. വ്യക്തിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനാണ് കോടതികള്‍ ചെയ്യേണ്ടത്. സ്വാതന്ത്ര്യം ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒരു പരിമിതിയായി ചിലര്‍ ചൂണ്ടിക്കാട്ടുന്നത് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കുന്നവരാണെന്നതാണ്
അതെ തീര്‍ച്ചയായും. കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒരേ കോര്‍പറേറ്റ് താല്‍പര്യങ്ങളാണുള്ളത്. അതാണ് പ്രശ്‌നം. അതുകൊണ്ട് ഇതിനെതിരെ എങ്ങനെയാണ് ചെറുത്തുനില്‍പ്പുണ്ടാകേണ്ടത്. ഒരോ മേഖലയിലും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന നയങ്ങള്‍ എന്താണെന്ന് നോക്കുക. കല്‍ക്കരി ഖനനമേഖല വളരെ തന്ത്രപരമായി സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കല്‍ക്കരി ഖനനം പൊതുമേഖലയിലെ കമ്പനികള്‍ക്ക് മാത്രമാണ് ചെയ്യാന്‍ കഴിയുക. ഗുജറാത്തില്‍ അഡാനി ഗ്രൂപ്പിന് വേണ്ടി ഇപ്പോള്‍ നിയമത്തില്‍ ഭേദഗതി ചെയ്തിരിക്കുകയാണ്. ദേശസാല്‍ക്കരണത്തിനെതിരെയുള്ള നയമാണെങ്കില്‍ അത് പ്രഖ്യാപിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. ഇപ്പോള്‍ മോഡി സര്‍ക്കാര്‍ നയങ്ങള്‍ ഒളിച്ചുകടത്തുകയാണ് ചെയ്യുന്നത്. ഇതിനെതിരെ എന്താണ് രാജ്യത്ത് സംഭവിക്കുന്നത്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള നയങ്ങളെ വാഴ്ത്തുകയാണ് ചെയ്യുന്നത്. ഇതുമാത്രമല്ല, മറ്റുപല കാര്യങ്ങളും ചെയ്തുകൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന് കാരണങ്ങളുണ്ട്. ഇതാദ്യമായാണ് ബി ജെ പിയ്ക്ക് തനിച്ച് ഭൂരിപക്ഷം കിട്ടുന്നത്. അപ്പോള്‍ ചെയ്തു കൂട്ടേണ്ട കാര്യങ്ങളെക്കുറിച്ച് ആര്‍ എസ് എസ്സിന് അറിയാം. അതിന്റെ ഭാഗമായാണ് ചരിത്ര കൗണ്‍സിലിലും മറ്റും ആര്‍ എസ് എസ് അനുകൂലികളെ കുത്തി നിറയ്ക്കുന്നത്. ഇനി ഇത്തരത്തിലുള്ള അവസരം കിട്ടില്ലെന്ന് അവര്‍ക്ക് അറിയാം. അവരുടെ അജണ്ടയില്‍ ഏതൊക്കെ നടപ്പിലാക്കാമെന്ന് പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഭരണഘടനയുടെ ആമുഖത്തില്‍ തിരുത്തലുകള്‍ വരുത്തണമെന്ന ആവശ്യം ഉയര്‍ത്തുന്നത്. ഇതിനോടും മാധ്യമങ്ങള്‍ എങ്ങനെയാണ് പ്രതികരിച്ചത്. വളരെ സ്വാഭാവികമായ കാര്യമെന്ന നിലയില്‍ അതിന്റെ ഗൗരവം മറച്ചുവെയ്ക്കുന്ന രീതിയിലായിരുന്നു മാധ്യമങ്ങളുടെ പ്രതികരണം. രാജ്യത്തിന്റെ ജീവരേഖയാണ് ഭരണഘടന. അതിനെ തൊട്ടു കളിക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എതിര്‍പ്പ് ശക്തമായപ്പോള്‍ അമിത്ഷാ തന്നെ അത് തിരുത്തി രംഗത്തുവരുന്നു. പക്ഷെ അവര്‍ക്ക് ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയുന്നു. അതാണ് പ്രശ്‌നം. എന്റെ പരാതി മാധ്യമങ്ങളെക്കുറിച്ചാണ്. ഇത്തരം കാര്യങ്ങളുടെ ഗൗരവം മാധ്യമങ്ങള്‍ തിരിച്ചറിയുന്നില്ല.
ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തിന് പകരം, ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
യഥാര്‍ത്ഥത്തില്‍ കൊളീജിയം സംവിധാനത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്ന വിമര്‍ശനം ഉണ്ടായത് നിയമവൃത്തങ്ങളില്‍നിന്നുതന്നെയാണ്. എനിക്ക് തോന്നുന്നത് കൊളീജിയം സംവിധാനത്തിനായിരുന്നില്ല കുഴപ്പമെന്നാണ്. കാരണം ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം കൂടുതല്‍ സുതാര്യമാക്കുകയായിരുന്നു വേണ്ടിയിരുന്നത്. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന പ്രക്രീയ കൂടുതല്‍ സുതാര്യമാക്കണം. ജഡ്ജിമാരായി പരിഗണിക്കുന്നവരെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ക്ഷണിക്കണം. ഇപ്പോള്‍ ഉണ്ടാക്കിയ സംവിധാനം ഏതെങ്കിലും തരത്തില്‍ നീതിന്യായ സംവിധാനത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ എളുപ്പത്തില്‍ അട്ടിമറിക്കാന്‍ കഴിയില്ല.