Friday, February 27, 2015

അലറിവിളിക്കുന്ന അര്‍ണാബ് ഗോസ്വാമി ആര് ? സാമാന്യ ബുദ്ധിയുള്ളവര്‍ അദ്ദേഹത്തെ എതിര്‍ക്കാനുള്ള കാരണങ്ങള്‍

Friday, February 27, 2015 - 19:23

ഫെയ്‌സ്ബുക്കിലെയും ട്വിറ്ററിലെയും ട്രെന്‍ഡിംഗ് ടോപ്പിക്കുകളിലൊന്നാണ് അര്‍ണാബ് ഗോസ്വാമി. ഇതിന് കാരണം കവിതാ കൃഷ്ണന്‍, വൃന്ധാ ഗ്രോവര്‍ തുടങ്ങി ചില ആക്ടിവിസ്റ്റുകള്‍ ചേര്‍ന്ന് അര്‍ണാബ് ഗോസ്വാമിക്ക് ഒരു തുറന്ന കത്തെഴുതിയതും അദ്ദേഹം എഡിറ്റര്‍ ഇന്‍ ചീഫായിരിക്കുന്ന ചാനല്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതുമാണ്. ആക്ടിവിസ്റ്റുകളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ചാനലിന്റെ മേധാവി എന്ന നിലയില്‍ ഗോസ്വാമി പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല, മാത്രവുമല്ല അതിനെ പിന്തുണയ്ക്കുകയും ചെയ്തു എന്നാണ് ആരോപണം.
ഇതാദ്യമായിട്ടല്ല അര്‍ണാബ് ഗോസ്വാമിക്കെതിരെ തുറന്ന കത്തുകളും പ്രതിഷേധ സ്വരങ്ങളും ഉണ്ടാകുന്നത്. ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി സ്വാമി എത്തിയത് മുതല്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത് പതിവാണ്. 'അഗ്രസീവ്' എന്ന് വിശേഷിപ്പിക്കാവുന്ന അവതരണ രീതിയും ചോദ്യങ്ങളുമാണ് ഗോസ്വാമിയെ പ്രതിക്കൂട്ടിലാക്കുന്നത്. ബേര്‍ലി സ്പീക്കിംഗ് വിത്ത് അര്‍ണോബ് എന്നൊരു ആക്ഷേപഹാസ്യ പരിപാടിയുണ്ട് യൂട്യൂബില്‍. മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കാതെ അഭിമുഖങ്ങളില്‍ മുഴുവന്‍ നേരവും സംസാരിക്കുക എന്നതാണ് ആ പരിപാടി. നിര്‍ഭാഗ്യവശാല്‍ ഇത് തന്നെയാണ് ഫ്രാങ്ക്‌ലി സ്പീക്കിംഗ് വിത്ത് അര്‍ണാബ് എന്ന ടൈംസ് നൗവിന്റെ പരിപാടിയിലും നടക്കുന്നത്. ന്യൂസ് അവര്‍ ഉള്‍പ്പെടെയുള്ള തല്‍സമയ ചര്‍ച്ചകളിലും സ്ഥിതി വ്യത്യസ്തമല്ല. അര്‍ണാബിന്റെ അഗ്രസീവായ ഈ രീതിയെയാണ് കേരളത്തിലെ ചില രാത്രി ചര്‍ച്ച അവതാരകരും പിന്‍തുടരാന്‍ ശ്രമിക്കുന്നത്.
ആരാണ് അര്‍ണാബ് ഗോസ്വാമി ?
ആസമിലെ ഗുവാഹത്തിയാണ് അര്‍ണാബ് ഗോസ്വാമിയുടെ സ്വദേശം. ദി ടെലിഗ്രാഫ് പത്രത്തിലാണ് അര്‍ണാബ് ആദ്യമായി ജോലിക്ക് കയറുന്നത്. അവിടെ നിന്നും 1995ല്‍ എന്‍ഡിടിവിയില്‍ ചേര്‍ന്നു. രാജ്ദീപ് സര്‍ദേശായിയാണ് അന്ന് എന്‍ഡിടിവിയുടെ എഡിറ്റോറിയല്‍ തലവന്‍. രാജ്ദീപുമായി ചേര്‍ന്ന് പ്രതിദിന പാര്‍ത്താ അവലോകന പരിപാടി അര്‍ണാബ് അവതരിപ്പിച്ചിരുന്നു. പിന്നീട് പ്രതിവാര വാര്‍ത്താ അവലോകന പരിപാടി ന്യൂസ് നൈറ്റും എന്‍ഡിടിവിയില്‍ അര്‍ണാബ് അവതരിപ്പിച്ചു. ഈ ഷോയിലൂടെയാണ് അര്‍ണാബ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടങ്ങളോട്ടുള്ള മാധ്യമ പ്രവര്‍ത്തക ജീവിതത്തില്‍ മുതല്‍ക്കൂട്ടായ അഗ്രസീവ് പ്രകൃതം പരുവപ്പെട്ട് തുടങ്ങിയത് ഈ പരിപാടിയിലൂടെയാണ്. 2004ല്‍ എന്‍ഡിടിവിയില്‍നിന്ന് രാജിവെയ്ക്കുമ്പോള്‍ ദേശീയ എഡിറ്ററായിരുന്നു. 2006ലാണ് ടൈംസ് നൗ ലോഞ്ച് ചെയ്യുന്നത്. ടൈംസ് ഓഫ് ഇന്ത്യ, എക്കണോമിക് ടൈംസ് എന്നീ പത്രങ്ങളുടെ ഉടമകളായ ബെനറ്റ് കോള്‍മാന്‍ ആന്‍ഡ് കോയാണ് ടൈംസ് നൗവിന്റെ ഉടമകള്‍. സാമിര്‍ ജെയിന്‍, സാഹു ജെയിന്‍ എന്നിവരാണ് ഈ കമ്പനിയുടെ ഉടമകള്‍. ആദ്യ രണ്ട് വര്‍ഷക്കാലത്തും, അവിടെ ജോലി ചെയ്യുന്ന ആളുകള്‍ പറയുന്നത് പ്രകാരമാണെങ്കില്‍, ചാനലിലെ പരിപാടികള്‍ കാണാന്‍ ആളില്ലായിരുന്നു. അര്‍ണാബിനെ സംബന്ധിച്ച് തന്റെ ഈഗോയുടെ പ്രശ്‌നം കൂടിയായിരുന്നു റേറ്റിംഗ് ഉണ്ടാക്കുക എന്നത്. 2008 ഓട് കൂടി റേറ്റിംഗില്‍ മറ്റ് ചാനലുകളെ പിന്‍തള്ളി ടൈംസ് നൗ മുന്‍പിലെത്തി, പിന്നീട് തുടര്‍ച്ചയായി ആറ് വര്‍ഷം റേറ്റിംഗില്‍ ഒന്നാമത് തന്നെ.
തേനില്‍ മുക്കിയെടുത്ത കത്തി
എഡിറ്റോറിയല്‍, എഡിറ്റിംഗ്, ക്യാമറ തുടങ്ങി ടൈംസ് നൗവില്‍ അര്‍ണാബ് ഇടപെടാത്ത മേഖല ഒന്നുമില്ല. എങ്ങനെയും റേറ്റിംഗ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അര്‍ണാബിന് മുന്നിലേക്ക് വരുന്ന പ്രതിബന്ധങ്ങളെ മുഴുവന്‍ അദ്ദേഹം ഇരുമ്പ് കൈകള്‍ കൊണ്ട് നേരിടും. തേനില്‍ മുക്കിയെടുത്ത മൂര്‍ച്ചയുള്ള കത്തി എന്നാണ് ചാനലിനുള്ളിലെ മറ്റ് ജീവനക്കാര്‍ അര്‍ണാബിനെ വിശേഷിപ്പിക്കുന്നത്. (meeti Churri). അര്‍ണാബിന്റെ ജോലിയുടെ പ്രകൃതത്തെക്കുറിച്ചാണ് ആളുകള്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ചാനലിനുള്ളിലെ ഓരോ ബട്ടണും, ലീവറും, അര്‍ണാബിന്റെ നിയന്ത്രണത്തിലാണ്. ചാനലിലെ ഓരോ പരിപാടിയുടെയും പ്രൊഡ്യൂസര്‍മാര്‍ അര്‍ണാബിന്റെ അജ്ഞകള്‍ അനുസരിക്കാന്‍ മാത്രമുള്ള തൊഴിലാളികളാണെന്നാണ് അവിടുത്തെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്.
ചാനല്‍ സ്‌ക്രീനില്‍ തെളിയേണ്ട കളറുകള്‍ അര്‍ണാബ് നിശ്ചയിക്കും. നിറം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഉടനടി മാറ്റാന്‍ നിര്‍ദ്ദേശം (ആജ്ഞ) നല്‍കും. പ്രത്യേകിച്ച് സ്‌റ്റൈല്‍ ഗൈഡുകളൊന്നും (ശൈലി പുസ്തകം) സൂക്ഷിക്കാതെ സ്‌ക്രീനിലെ അക്ഷരങ്ങളുടെ വലുപ്പവും വിന്യാസവും അര്‍ണാബ് തന്നെ തീരുമാനിക്കും. വാര്‍ത്താ പരിപാടികള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ചാനല്‍ ക്യാമറാമാന്മാര്‍ ഏത് ആങ്കിളില്‍ ക്യാമറ വെയ്ക്കണം എന്ന് വരെ അര്‍ണാബ് നിശ്ചയിക്കും. ഇതെല്ലാം ചെയ്യുന്നതിന് പിന്നില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളു - കാഴ്ച്ചക്കാരെ പിടിച്ചു നിര്‍ത്തുക.
ടൈംസ് നൗവിലെ കോര്‍ ടീം എന്ന് 'വിളിപ്പേരുള്ള' ആളുകള്‍ ശരിക്കും വിളിപ്പേര് മാത്രമെയുള്ളു. അവര്‍ അര്‍ണാബിന്റെ ആജ്ഞാനുവൃത്തികളാണ്. അര്‍ണാബ് എഡിറ്റോറിയല്‍ മുറിയിലെ ഓവല്‍ ടേബിളില്‍ ഇരുന്ന് പറയുന്ന വാക്കുകളെ, അതായത് ചാനലിന്റെ അജണ്ടകള്‍ എന്തൊക്കെയാണോ അത്, കുറിച്ചെടുക്കുക അതേപടി നടപ്പാക്കുക എന്നത് മാത്രമാണ് അവര്‍ക്ക് ചെയ്യാനുള്ളത്.
എന്‍ഡിടിവിയെയും ഐബിഎന്നിനെയും പിന്‍തള്ളി ടൈംസ് നൗ റേറ്റിംഗില്‍ മുന്നിലെത്തിയപ്പോള്‍ ന്യൂസ് റൂമില്‍ ജീവനക്കാരെ വിളിച്ചുകൂട്ടി കേക്ക് മുറിച്ചാണ് അര്‍ണാബ് അത് ആഘോഷിച്ചതെന്ന് 2012 ഡിസംബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച ക്യാരവന്‍ മാഗസിനിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ണാബിന്റെ ഓഫീസ് മുറിയില്‍ അദ്ദേഹത്തിന്റെ മകന്‍ വരച്ചൊരു ചിത്രം അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടൈംസ് നൗവില്‍ ജോലി ചെയ്യുന്ന ആളുകള്‍ പറയുന്നത് അത് മകനോടുള്ള സ്‌നേഹം കൊണ്ട് തൂക്കിയിട്ടിരിക്കുന്നതല്ല, ആ ചിത്രത്തിന്റെ പ്രത്യേകത കൊണ്ട് തൂക്കിയിരിക്കുന്നതാണെന്നാണ്. അര്‍ണാബിന്റെ മുന്‍ ബോസായിരുന്ന രാജ്ദീപ് സര്‍ദേസായിയെ 'പ്രൊഫഷണലി'  മറികടക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.
ന്യൂസ് അവര്‍ ഇന്ന് ഇന്ത്യയില്‍ ഏറ്റവും അധികം റേറ്റിംഗുള്ള പരിപാടിയാണ്. ടൈംസ് നൗവിനെക്കുറിച്ചോ, ന്യൂസ് അവറിനെക്കുറിച്ചോ എന്തെങ്കിലും ചര്‍ച്ചകളുണ്ടാകുകയാണെങ്കില്‍ അത് കേന്ദ്രീകരിക്കപ്പെടുക അര്‍ണാബിലും അദ്ദേഹത്തിന്റെ ശൈലിയിലുമായിരിക്കും.
ഒരു മുഴുവന്‍ സമയ വാര്‍ത്താ ചാനലിന്റെ നട്ടെല്ല് ന്യൂസ് ഡെസ്‌ക് തന്നെയാണ്. ഗോസ്വാമിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ടൈംസ് നൗ ചാനലിനെ ഓടിക്കുന്നത് ഈ ഔട്ട്പുട്ട് ഡെസ്‌കാണ്. ചാനലിലെ ഫ്‌ളാഷ്, ബ്രേക്കിംഗ് ന്യൂസ്, സ്‌ക്രോള്‍, സ്ട്രിപ്പ് തുടങ്ങിയവ ഇവിടെനിന്നാണ് പോകുന്നത്.  രാജ്യത്തെമ്പാടുമുള്ള റിപ്പോര്‍ട്ടര്‍മാര്‍ക്ക് സ്‌റ്റോറികളുടെ ആങ്കിള്‍ നിശ്ചയിക്കുന്നതും ഇവിടെനിന്ന് തന്നെ. ശരിക്കും പറഞ്ഞാല്‍ ചാനലിന്റെ അജണ്ട നിശ്ചയിക്കപ്പെടുന്ന സ്ഥലം. ഈ ഡസ്‌കില്‍ അര്‍ണാബിന്റെ സമ്പൂര്‍ണ ആധിപത്യമാണ്. അതുതന്നെയാണ് ഒമ്പത് മണിക്കുള്ള ന്യൂസ് അവറിലും സംഭവിക്കുന്നത്. പാനലിസ്റ്റുകളെ പ്രൊഡ്യൂസര്‍മാര്‍ തെരഞ്ഞെടുക്കുമ്പോള്‍ ഗോസ്വാമിക്ക് രണ്ട് ആവശ്യങ്ങളെയുള്ളു. ഒന്ന് നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ ആയിരിക്കണം. രണ്ട്  തന്നെ പോലെ തന്നെ ചര്‍ച്ചയില്‍ അഗ്രസീവായിരിക്കണം. ടൈംസ് നൗ ചര്‍ച്ച കണ്ടിട്ടുള്ളവര്‍ക്ക് അറിയാം അര്‍ണാബിന്റെ ശൈലി. ചോദ്യങ്ങള്‍ മൂര്‍ച്ച കൂടിയവയായിരിക്കും. എന്ത് കൊണ്ട് ഓസ്‌ട്രേലിയക്കാര്‍ക്ക് സമ്മതിച്ച് കൂടാ അവര്‍ വംശീയവാദികളാണെന്ന് ? എന്ത് കൊണ്ടാണ് സര്‍ക്കാര്‍ ഇതില്‍നിന്ന് ഒഴിഞ്ഞു മാറുന്നത് ? ഇതിനൊക്കെ ആരാണ് ഉത്തരവാദി ? തുടങ്ങിയവ സ്ഥിരം ശൈലിയുള്ള ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതിരുന്നാല്‍, നിങ്ങളെന്താണ് ഉരുണ്ടു കളിക്കുന്നത്, നിങ്ങള്‍ക്ക് എന്തോ മറയ്ക്കാനുണ്ട് അതാണ് നിങ്ങള്‍ ഉത്തരം പറയാത്ത തുടങ്ങിയ ആരോപണങ്ങളായിരിക്കും അര്‍ണാബ് ഉന്നയിക്കുക.
ചര്‍ച്ചയില്‍ ആരെങ്കിലും ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ അര്‍ണാബ് പ്രതികരിക്കും. നിങ്ങളുടെ ധാര്‍ഷ്ട്യം ഇവിടെ ഇറക്കേണ്ട, ഇതെന്റെ ഷോയാണ്. നിങ്ങളുടെ ഭീഷണി എന്റെ അടുത്ത് വേണ്ട അത് മറ്റെവിടെയെങ്കിലും പോയി കാണിച്ചാ മതി തുടങ്ങിയ പ്രസ്താവനകള്‍ ടൈംസ് നൗ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പതിവാണ്. പാനലിസ്റ്റുകള്‍ ഇറങ്ങി പോകുന്നത് പതിവാണെങ്കിലും അസാധാരണമായ ഒന്ന് സംഭവിച്ചത് കുറച്ചു നാളുകള്‍ക്ക് മുന്‍പാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ മാഹ്വ മോയിത്ര ചര്‍ച്ചക്കിടയില്‍ അര്‍ണാബിനെ നടുവിരല്‍ (Middle Finger) കാണിച്ചു. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി.
ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളുകളെ സംസാരിക്കാന്‍ അനുവദിക്കാതെ ഇടയില്‍ കയറി സംസാരിക്കുന്നത് അര്‍ണാബിന്റെ സ്ഥിരം ശൈലിയാണ്. പാനലിസ്റ്റ് പറയുന്ന വാക്യങ്ങള്‍ മുഴുമിപ്പിക്കുന്നത് അര്‍ണാബായിരിക്കും. ചോദ്യത്തിന് കൃത്യമായി ഉത്തരം കിട്ടിയില്ലെങ്കില്‍ അസ്വസ്ഥതയോടെ തലകുലുക്കും. വംശീയവാദികളെയും, വിമതരെയും, കുട്ടികളെ പീഡിപ്പിക്കുന്നവരെയും, പാകിസ്താനെയും അര്‍ണാബ് ഗോസ്വാമിക്ക് ഇഷ്ടമല്ല. ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുക രാജ്യസ്‌നേഹവും, സമൂഹത്തോടുള്ള പ്രതിബദ്ധതയുമായിരിക്കും.
എന്താണ് ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം ?
പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരായ വൃന്താ ഗ്രോവര്‍, കവിതാ കൃഷ്ണന്‍ തുടങ്ങിയവര്‍ ടൈംസ് നൗ ചാനല്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തനത്തെയും ജനകീയ മുന്നേറ്റങ്ങളെയും ദേശവിരുദ്ധമെന്ന് ചിത്രീകരിക്കാനുള്ള അര്‍ണാബ് ഗോസ്വാമിയുടെയും ടൈംസ് നൗ ചാനലിന്റെയും നീക്കത്തില്‍ പ്രതിഷധിക്കാനാണ് ഇവര്‍ ചാനല്‍ ബഹിഷ്‌ക്കരിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ ഇരുവരും നയം വ്യക്തമാക്കിയിട്ടുണ്ട്.
 
ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് നിരവധി ആക്ടിവിസ്റ്റുകള്‍ ഒപ്പിട്ട ഒരു തുറന്ന കത്ത് അര്‍ണാബ് ഗോസ്വാമിക്കായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്രീന്‍പീസ് പ്രവര്‍ത്തകയായ പ്രിയാ പിള്ളയ്ക്ക് യുകെയിലേക്ക് പോകാനുള്ള അനുവാദം നിഷേധിച്ച ഇന്ത്യാ ഗവണ്‍മെന്റിന്റെ നടപടിയുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.
ചര്‍ച്ചയുടെ തുടക്കം മുതല്‍ ആക്ടിവിസ്റ്റുകള്‍ക്ക് അവരുടെ വാദങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടുവെന്ന് തുറന്ന കത്ത് കുറ്റപ്പെടുത്തുന്നു. സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല, ആക്ടിവിസ്റ്റുകള്‍ക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കപ്പെടുമ്പോള്‍ അര്‍ണാബ് ഗോസ്വാമി അതിനെ പിന്തുണയ്ക്കുകയും അവരുടെ വാദഗതികള്‍ ആവര്‍ത്തിക്കുകയും ചെയ്തുവെന്നും കത്ത് പറയുന്നു.
ചര്‍ച്ചയില്‍ ഉടനീളം ദേശവിരുദ്ധര്‍, ദേശസ്‌നേഹമില്ലാത്തവര്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെട്ടുവെന്നും ടൈംസ് നൗ പോലെ സ്വാധീനം ചെലുത്താന്‍ പറ്റുന്ന ഒരു ചാനലില്‍ നടക്കുന്ന ഇത്തരം പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും കത്തില്‍ പറയുന്നു.
സുപ്രീംകോടതി അഭിഭാഷകയായ വൃന്ദാ ഗ്രോവര്‍, മനുഷ്യാവകാശ പ്രവര്‍ത്തകയും മഡ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകയുമായ സുധാ രാമലിംഗം, ഫെമിനിസ്റ്റും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുമായ പമേല ഫിലിപ്പോസ്, ആര്‍ടിഐ ആക്ടിവിസ്റ്റുകളായ അരുണാ റോയ്, അഞ്ജലി ഭരത്വാജ്, ഇടതുപക്ഷ വനിതാ ആക്ടിവിസ്റ്റ് കവിതാ കൃഷ്ണന്‍, മനുഷ്യാവകാശ പ്രവര്‍ത്തക കവിതാ ശ്രീവാസ്തവ എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
ആക്ടിവിസ്റ്റുകളെ പ്രകോപിപ്പിച്ച ടൈംസ് നൗ ചാനലിലെ ഒമ്പത് മണി ചര്‍ച്ച. അര്‍ണാബ് ഗോസ്വാമിയാണ് അവതാരകന്‍.

No comments: