Monday, March 30, 2015

സാലിം അലിയുടെ പേരു് ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്തവർ കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സംഘാടകനായ ഈ വിഖ്യാത പക്ഷിനിരീക്ഷകൻ, യുഎസ് പരിസ്ഥിതിശാസ്ത്രജ്ഞനായ ഡില്ലൻ റിപ്ലിയുമായി ചേർന്നു് 1950കളിലും 60കളിലുമായി ഭരത്പൂരിൽ സംഘടിപ്പിച്ച പഠനമാണു് ദേശാടനപ്പക്ഷികളെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ സമഗ്രപഠനം. സൈബീരിയയിൽ നിന്നും മദ്ധ്യേഷ്യയിൽനിന്നും ചീനയിൽ നിന്നും മറ്റുമായി ലക്ഷക്കണക്കിനു് ദേശാടനപ്പക്ഷികളാണു് മഞ്ഞുകാലമാകുമ്പോഴേക്കും ചൂടുതേടി കേരളത്തിലടക്കം എത്തുന്നതു്. ഇങ്ങനെയെത്തുന്ന കുളക്കോഴി വർഗ്ഗത്തിൽ പെട്ട ഒരിനം പക്ഷികളുടെ പ്രധാനതാവളമാണു് ഭരത്പൂർ. ഇവിടെയെത്തുന്ന പക്ഷികളുടെ കാലിൽ ചെറിയ വളയമണിയിച്ചാണു് ഇവർ പക്ഷികളുടെ യാത്രാപാത പിന്തുടർന്നതു്.
ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തു പരിണമിച്ചുണ്ടാവുന്ന വൈറസുകളുടെ പുതിയ ഒരു സ്റ്റ്രെയിൻ വിദൂരദേശങ്ങളിലേക്കു് എത്തിക്കുന്നതിൽ മൈഗ്രേറ്ററി ബേഡ്സിന്റെ പങ്കു് വിഖ്യാതമാണു്. സ്വാഭാവികമായും അവരുടെ പഠനത്തിൽ അതും ഉൾപ്പെട്ടു. ഈ പഠനകാലത്താണു് കർണ്ണാടകത്തിലെ ഷിമോഗജില്ലയിൽ പെട്ട ക്യാസന്നൂരിൽ 1957ൽ ഏതോ അജ്ഞാതപനി ബാധിച്ചു് കുരങ്ങുകൾ കൂട്ടത്തോടെ കൊല്ലപ്പെടുന്നതു ശ്രദ്ധയിൽപെട്ടതു്.
ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (Kyasanur forest disease- കെ എഫ് ഡി) എന്നു നാമകരണം ചെയ്യപ്പെട്ട കുരങ്ങുപനി റഷ്യയിൽ വസന്തകാലത്തും വേനൽകാലത്തും കണ്ടുവരാറുള്ള, കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന Tick-Borne Encephalitis (TBE) എന്ന രോഗവുമായി സാമ്യമുള്ളതായിരുന്നു. റഷ്യൻ സ്പ്രിങ് - സമ്മർ എൻസിഫാലിറ്റിസ് വൈറസ് ആണു് TBE പരത്തുന്നതു്. മെനിഞ്ജൈറ്റിസ്, എൻസിഫാലിറ്റിസ്, മെനിഞ്ജോഎൻസിഫാലിറ്റിസ് തുടങ്ങിയ ലക്ഷണങ്ങൾ കാട്ടുന്ന TBE 20% രോഗികളിൽ സ്ഥിരമായ നാഡീവ്യൂഹ മാനസിക രോഗ പ്രത്യാഘാതങ്ങൾക്ക് (Neuro-Psychiatric Sequelae) കാരണമായി തീരാം. വളർത്തുനായ്ക്കളുടെയും ആടുകളുടെയും ശരീരത്തിലുള്ള പെൺവർഗ്ഗത്തിൽ പെട്ട ചെള്ളുകളാണു് ഈ രോഗം പരത്തുന്ന പ്രധാന മാധ്യമം. എന്നാൽ ഇവ രണ്ടും Flaviviridae എന്ന ഫാമിലിയിൽ പെടുന്ന വ്യത്യസ്തമായ വൈറസുകളാണെന്നു് പഠനത്തിൽ കണ്ടെത്തി. സൈബീരിയൻ കൊക്കുകളുടെ ശരീരം ഇത്തരം വിവിധ വൈറസുകളോടു പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന നിരീക്ഷണവും ഇതിനിടയിലുണ്ടായി. അതായതു്, ഇവ ഈ വൈറസിന്റെ വാഹകരായി പ്രവർത്തിക്കുമെങ്കിലും ഇവയ്ക്ക് രോഗം ബാധിക്കില്ല.
കുരങ്ങുകൾക്കിടയിൽ മരണംവിതച്ച കെഎഫ്ഡി വൈറസും കുരങ്ങിൽ നിന്നു് മറ്റുജീവിവർഗ്ഗങ്ങളിലേക്കു് പടരുന്നതു്, അസുഖബാധിതരായ കുരങ്ങുകളുടെ ശരീരത്തിലുള്ള ചെള്ളുകൾ മറ്റു ജീവികളെ കടിക്കുമ്പോഴാണു്. കുരങ്ങുകളെ കൂടാതെ മുള്ളൻപന്നി, അണ്ണാൻ, ചുണ്ടെലി, തുടങ്ങിയ മൃഗങ്ങളെയും പിന്നെ മനുഷ്യരെയുമാണു്, ഈ വൈറസ് രോഗബാധിതരാക്കുക. ഇവ ഈപ്പറഞ്ഞ ഒരു മൃഗത്തിൽ നിന്നും നേരിട്ടു മനുഷ്യരിലേക്കു പകരില്ല. എന്നാൽ ഈ രോഗംബാധിച്ചു ചത്തുവീണ കുരങ്ങുകളുടെ ശരീരത്തിലുള്ള പൂത അഥവാ ഈരു് (nymphs of ticks- ചെള്ളിന്റെ ജീവിതചക്രത്തിലെ വാലുമാക്രിക്കു സമാനമായ അവസ്ഥ) മനുഷ്യരെ കടിച്ചാൽ മനുഷ്യർക്കും ഈ രോഗം പിടിപെടാം. ഭാഗ്യവശാൽ മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു് ഈ വൈറസ് പടരില്ല. രോഗം വ്യാപകമായി പടരാതെയിരിക്കുന്നതിനു കാരണം ഇതാണു്. അതായതു് വനവുമായി നിരന്തര സമ്പർക്കമുള്ള, അതിൽ തന്നെ കുരങ്ങന്മാർ ധാരാളമുള്ള ഇടങ്ങളിൽ മാത്രമേ, കുരങ്ങന്റെ ശരീരത്തിലെ പൂതവഴി ഇതു മനുഷ്യരെ ബാധിക്കൂ.
അമ്പതുകളുടെ ഒടുവിൽ കണ്ടെത്തിയ രോഗത്തിനു് വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളും അക്കാലത്തുതന്നെയുണ്ടായി. എന്നാൽ വിചിത്രമായ കാര്യമാണു സംഭവിച്ചതു്. സാലിം അലി, തന്റെ ഗവേഷണത്തിനായി യുഎസ് ആർമിയുടെ മെഡിക്കൽ റിസർച്ച് യൂണിറ്റിൽ നിന്നടക്കം ഫണ്ട് സ്വീകരിച്ചിരുന്നു. ഇതു വലിയ വിവാദമായി. നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പിറവികൊണ്ടു. സാലിം അലിയും റിപ്ലിയും അമേരിക്കൻ ചാരന്മാരാണെന്ന ആരോപണമുയർന്നു. ഈ വിവാദത്തെ തുടർന്നു് പാരിസ്ഥിതിക ഗവേഷണങ്ങൾക്കു് വിദേശഫണ്ട് സ്വീകരിക്കുന്നതിൽ അന്നത്തെ നെഹൃ ഗവൺമെന്റ് കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കി. ഇതു് ശീതയുദ്ധകാലത്തെ ഇന്തോ-യുഎസ് ബന്ധങ്ങളിൽ വിള്ളൽ വീഴുന്നതിന്റെ തുടക്കമായി. ഈ വിവാദം മൂലം കെഎഫ്ഡിക്കു് പ്രതിരോധവാക്സിൻ കണ്ടെത്താൻ 90 കളുടെ അവസാനം വരെ കാത്തിരിക്കേണ്ടിവന്നു.
45 നാനോ മീറ്റർ വ്യാസവും വർത്തുളാകൃതിയുമാണു് KFD വൈറസിനുള്ളതു്. ഒറ്റപ്പിരിയൻ ആർഎൻഎ ജിനോമാണു് വൈറസിന്റേതു്. (അതായതു് ഇരട്ടപ്പിരിയൻ ഡിഎൻഎ ഇല്ല). ഇതാവട്ടെ, പോസിറ്റീവ് സെൻസ് ആണു്. അതായതു്, ഹോസ്റ്റിന്റെ കോശത്തിൽ എത്തിയാൽ സ്വതവെ തന്നെ കോശവിഭജനം നടത്താനാവും. 1990കളിൽ സൗദി അറേബ്യയിൽ കണ്ടെത്തിയ അൽഖുർമ വൈറസിനു് കെഎഫ്ഡി വൈറസിനോടു് അടുത്ത ബന്ധമാണുള്ളതു്. സൗദി അറേബ്യയിൽ ആകെ 24 കേസുകൾ മാത്രമേ ഈ വൈറസ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഒട്ടകങ്ങളുടെയും ആടുകളുടെയും ശരീരത്തിലുള്ള ചെള്ളുകൾ വഴിയാണു് അൽഖുർമ വൈറസും മനുഷ്യരിലേക്കു പടരുന്നതു്. സൗദി അറേബ്യയിൽ കണ്ടെത്തിയ അത്രയും കേസുകളും കശാപ്പുകാർക്കിടയിലായിരുന്നു. 1989ൽ ചീനയിലെ നാൻജിയാങ്ങിൽ പനി ബാധിച്ച ഒരാളുടെ ശരീരത്തിൽ നിന്നു കണ്ടെടുത്ത വൈറസ് സ്ട്രെയിൻ 1957ൽ ഷിമോഗയിൽ കണ്ടെത്തിയ സ്ട്രെയിനുമായി യാതൊരു വ്യത്യാസവുമില്ലാത്തതാണെന്നു് 2009ൽ നടത്തിയ ജീൻ സീക്വൻസ് പഠനം പുറത്തുവന്നിട്ടുണ്ടു്. എന്നാൽ ഈ പഠനം ഇപ്പോഴും തർക്കവിഷയമാണു്. കാരണം ഇത്രയും വർഷങ്ങൾക്കിടയിൽ വൈറസിന്റെ പല തലമുറകൾ പരിണമിച്ചിട്ടുണ്ടാവണം. ഇന്ത്യയിൽ നിലവിൽ ഇതേ സ്ട്രെയ്ൻ ഇല്ലതന്നെ. എന്നാൽ ഈ മേഖലയിലെ പക്ഷികളും മനുഷ്യരും കാലങ്ങളായി ഈ വൈറസിനോടു് സഹവസിക്കുന്നതായി പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. അതായതു്, ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന ഭൂഭാഗത്തു് എൻഡെമിക് ആയ വൈറസ് ആവാം ഇതു്.
വർഷത്തിൽ നൂറിനും അഞ്ഞൂറിനും ഇടയിൽ മനുഷ്യർക്കു് ഈ രോഗം ബാധിക്കുന്നതായും അവരിൽ 3% മുതൽ 5% വരെയാളുകൾ ഇതുമൂലം മരണമടയുന്നതായുമാണു് യുഎസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കു്. പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ നൽകുന്ന കണക്കനുസരിച്ചു് മരണനിരക്കു് 2-10% ആണു്. മൂന്നുമുതൽ എട്ടുദിവസം വരെയാണു് ഇതിന്റെ പൊരുന്നക്കാലം (incubation period). അതു കഴിയുന്നതോടെ ദേഹമാസകലം കുളിരു്, പനി, തലവേദന എന്നീ പ്രാഥമികലക്ഷണങ്ങൾ കാട്ടിത്തുടങ്ങും. തുടർന്നു് 3-4 ദിവസം കൂടി കഴിയുമ്പോൾ കടുത്ത പേശീവേദനയും ഛർദ്ദിയും, ദഹനവ്യവസ്ഥയിലെ (gastrointestinal) തകരാറുകൾ, മൂക്കിൽ നിന്നും തൊണ്ടക്കുഴയിൽ നിന്നും മോണകളിൽ നിന്നും വയറിനുള്ളിൽ നിന്നും രക്തസ്രാവം എന്നിങ്ങനെ രോഗം വഷളാകാം. തീരെ താഴ്ന്ന രക്തസമ്മർദ്ദം, ശ്വേത രക്താണുക്കളുടെയും ചുവന്ന രക്താണുക്കളുടെയും പ്ലേറ്റ് ലെറ്റുകളുടെയും എണ്ണത്തിലെ കുറവു് എന്നിവയും ഉണ്ടാവും. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ മിക്ക രോഗികളും അസുഖത്തിൽ നിന്നു കരകയറുമെങ്കിലും പൂർണ്ണമായും ആരോഗ്യം വീണ്ടെടുക്കാൻ മാസങ്ങൾ തന്നെ പിടിക്കും. ഈ കാലയളവിൽ പേശീവേദനയും ശരീരത്തിനു് ബലക്കുറവും അനുഭവപ്പെടാം. ശാരീരികാദ്ധ്വാനം ആവശ്യമായ ജോലികൾ ചെയ്യാൻ ഇവർ അശക്തരാകും. എന്നാൽ 10-20% രോഗികളിൽ മൂന്നാമത്തെ ആഴ്ച വീണ്ടും പുതിയ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങും. പനി, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, കടുത്ത തലവേദന, മാനസിക ബുദ്ധിമുട്ടുകൾ, കിടുകിടുപ്പ്, കാഴ്ചയിൽ മങ്ങൽ തുടങ്ങിയവയാണു് ഈ ലക്ഷണങ്ങൾ. നവംബർ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണു് സാധാരണ, ഈ രോഗം പിടിപെടാറു്. പോളിമറൈസ്ഡ് ചെയ്ൻ റിയാക്ഷൻ (പിസിആർ) ഉപയോഗിച്ചുള്ള മോളിക്യുളാർ ഡിറ്റക്ഷനിലൂടെയോ രക്തത്തിൽ നിന്നു് വൈറസിനെ വേർതിരിച്ചോ പ്രാരംഭകാലത്തുതന്നെ വൈറസ് ബാധ കണ്ടെത്താനാവും. എയ്ഡ്സും മറ്റും കണ്ടെത്താനുപയോഗിക്കുന്ന എലിസ ടെസ്റ്റും രോഗനിർണ്ണയത്തിനു് ഫലപ്രദമാണു്.
രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ശരീരത്തിലെ ജലാംശം കുറയാതെ നോക്കുക എന്നതും രക്തസ്രാവം ഉണ്ടായാൽ സമയത്തു് ചികിത്സിക്കുക എന്നതുമല്ലാതെ നേരിട്ടൊരു ചികിത്സയില്ല. പിഎച്ച്എസിയുടെ വെബ്സൈറ്റിൽ നിന്നു് KFDയുടെ ചികിത്സ ഇങ്ങനെ പറയുന്നു: "Supportive therapy, including analgesics and antipyretics, intravenous fluids for those with hypotension, blood transfusion or fresh-frozen plasma and platelets for those with haemorrhagic symptoms, antibiotics for bronchopneumonia, and corticosteroids and anticonvulsants for neurological symptoms". അതായതു്, വൈറസിനെ ഒഴിവാക്കാനുള്ള ചികിത്സയല്ല, വൈറസ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാനുള്ള ചികിത്സയാണു് പരമാവധി ലഭ്യമാക്കാൻ കഴിയുന്നതു്. അതുകൊണ്ടുതന്നെ രോഗം വരാതെ നോക്കുക എന്നതാണു പ്രധാനം. അതിനായി രണ്ടു ഡോസ് വാക്സിനേഷനാണു് നിർദ്ദേശിക്കപ്പെടുന്നതു്. സിഡിസി ഡേറ്റ അനുസരിച്ച് സിംഗിള്‍ ഡോസ് വാക്സിന്‍ കൊടുത്തവര്‍ക്കു് കുരങ്ങുപനി എക്സ്പോഷര്‍ ഉണ്ടായാലും പനി വരാതിരിക്കാനുള്ള സാധ്യത 79.3 ശതമാനവും രണ്ടു ഡോസ് കൊടുത്തവര്‍ക്കു് വരാതിരിക്കാനുള്ള സാധ്യത 93.5 ശതമാനവും ആണു്. അതായതു് വാക്സിനേഷൻ തന്നെയും പരിപൂർണ്ണമായും ഫലപ്രദമാകണം എന്നില്ല. ഇതിനു് വേറൊരു കാരണംകൂടിയുണ്ടു്. നിത്യമദ്യപാനികൾക്കു് ഈ വാക്സിനേഷൻ കൊണ്ടു് ഗുണമില്ലെന്നാണു് ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിൽ നിന്നുണ്ടായ നിഗമനം. വയനാടിനെ സംബന്ധിച്ചു് ഇതും ഒരു വലിയ പ്രശ്നമാണു്. ആദിവാസി ഊരുകളിൽ സമ്പൂർണ്ണ മദ്യനിരോധനമാണു് കേരളം നടപ്പാക്കിയിരിക്കുന്നതു്. മദ്യനിരോധനം നടപ്പാക്കിയ ഏതൊരിടത്തുമെന്നതുപോലെ ഇവിടെയും വ്യാജവാറ്റും മദ്യാസക്തിയും വ്യാപകമാണു്. മദ്യാസക്തിയിലാവട്ടെ, സ്ത്രീപുരുഷവ്യത്യാസവുമില്ല. അതുകൊണ്ടുതന്നെ സമ്പൂർണ്ണമായ ആരോഗ്യപരിപാലന ബോധവത്കരണ യജ്ഞത്തിലൂടെയും മദ്യനിരോധനം പിൻവലിച്ചു് റെസ്പോൺസിബിൾ ഡ്രിങ്കിങ് ശീലിപ്പിക്കുന്നതിലൂടെയും അല്ലാതെ ആദിവാസികളുടെ ആരോഗ്യകാര്യങ്ങളിൽ വമ്പിച്ച പുരോഗതിയുണ്ടാക്കാനും പ്രയാസമാണു്.
നവംബർ 2012ലാണു് ആദ്യമായി കുരങ്ങുപനി വയനാട്ടിൽ കണ്ടെത്തുന്നതു്. അന്നുതന്നെ വാക്സിനേഷനായുള്ള നടപടികൾക്കു് സംസ്ഥാനസർക്കാർ തുടക്കം കുറിച്ചിരുന്നുവെങ്കിൽ ഇപ്പോഴുണ്ടായ ഈ മരണങ്ങൾ ഒഴിവാക്കാമായിരുന്നു. അക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥ എന്നുതന്നെ പറയാവുന്ന അമാന്തമുണ്ടായി. ഈയടുത്തു് കുരങ്ങുപനി ബാധിച്ചു മരിച്ച ഏഴുപേരിൽ ഒരാൾ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ (എൻആർഎച്ച്എം) കീഴിലെ ആശ പ്രവർത്തകയായി സേവനം അനുഷ്ഠിച്ചിരുന്ന കെ സുലേഖ(41)യാണു്. അതിൽ നിന്നു് ആരോഗ്യമേഖലയിലെ സ്റ്റാഫിനടക്കം ഇതിന്റെ വാക്സിനേഷൻ നൽകിയിട്ടില്ല എന്നു വ്യക്തം. പല പ്രാവശ്യം പനി വന്നും പോയുമിരുന്ന സുലേഖയ്ക്കു് ശരിയായ പരിചരണം പോലും നൽകാൻ ആരോഗ്യവകുപ്പിനായില്ല. ഭർത്താവു് ഉപേക്ഷിച്ചതിനെ തുടർന്നു്, മകനു് ഒന്നര വയസ്സു പ്രായമുള്ളപ്പോൾ മുതൽ (ആ കുട്ടി ഇന്നു് എഞ്ചിനീയറിങ് വിദ്യാർത്ഥിയാണു്) ഒറ്റയ്ക്ക് ജീവിച്ചു് വിഷമതകളോടു പടവെട്ടിവന്ന ആ സന്നദ്ധസേവികയ്ക്കു വേണ്ടിപ്പോലും ഒരുതുള്ളിക്കണ്ണീർ ഒഴുക്കാൻ സർക്കാരിനാവുന്നില്ല. മറ്റൊരു സുലേഖയുടെ പിന്നാലെ, അവർ താത്പര്യമില്ലെന്നറിയിച്ചിട്ടും, ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ഓടിനടക്കുന്ന അതേ സർക്കാരാണിതു് എന്നുമോർക്കുക. വനംവകുപ്പിൽ വാച്ചറായ കുഞ്ഞൻ ആണു് മരിച്ച ആദിവാസികളിൽ ഒരാൾ. വനംവകുപ്പു് ജീവനക്കാരോളം ഈ അസുഖം ബാധിക്കാൻ ഇടയുള്ള വേറാരുമില്ലെന്നിരിക്കെ അവർക്കും വാക്സിനേഷൻ നൽകിയിരുന്നില്ല എന്നു് ഇതു തെളിയിക്കുന്നു.
പൂതാടി, ചെതലയം എന്നീ പിഎച്ച്സികളുടെ പരിധിയിലാണു് രേഖപ്പെടുത്തിയ മരണങ്ങളത്രയും. അഞ്ചുപേർ കോഴിക്കോടു മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചും രണ്ടുപേർ കോഴിക്കോടു് MCHലേക്കുള്ള വഴിമദ്ധ്യേയുമാണു് മരിച്ചതു്. വാസ്തവത്തിൽ ഈ രോഗം ബാധിച്ചവരെ വയനാട്ടിൽ നിന്നു് ചുരമിറക്കി കോഴിക്കോടു കൊണ്ടുവരേണ്ട ആവശ്യമില്ലെന്നതു വേറെ കാര്യം. പ്രത്യേകമായ ആരോഗ്യരക്ഷാസംവിധാനങ്ങൾ വയനാട്ടിൽ തന്നെ ഒരുക്കുകയാണു് അഭികാമ്യം. പ്രത്യേകിച്ചു്, രോഗം വഷളാകുന്ന സ്ഥിതിയിൽ യാത്രയല്ല, വിശ്രമവും സൂക്ഷ്മപരിചരണവുമാണു് ആവശ്യം.
2015 മാർച്ച് 17ലെ ദ ഹിന്ദു ദിനപത്രത്തിൽ കണ്ട കണക്കുപ്രകാരം വയനാട്ടിൽ 127 പേർക്കു് ഈ രോഗം ബാധിച്ചതായി സംശയിക്കുന്നു. 20 പേർ നിലവിൽ ചികിത്സയിലാണു്. വയനാട്ടിലെ 13 ആദിവാസി കോളനികളിലും രോഗം കണ്ടെത്തിയിട്ടുണ്ടു്. വാക്സിനേഷനായി 8000 ആംപ്യൂളുകൾ എത്തിച്ചിട്ടുണ്ടെന്നും 979 പേരെ വാക്സിനേറ്റ് ചെയ്തതായുമാണു് ആരോഗ്യവകുപ്പു് അവകാശപ്പെടുന്നതു്. രോഗബാധിതർക്കു പതിനായിരം രൂപ വീതവും മരിച്ചവരുടെ ബന്ധുക്കൾക്കു് രണ്ടുലക്ഷം രൂപവീതവും ധനസഹായവും ആദിവാസി കോളനികൾക്കു് സൗജന്യ റേഷനും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടു്. എന്നാൽ ഇതേവരെ, ഇവിടെ ഒരുതരത്തിലുള്ള സഹായവും എത്തിയിട്ടില്ലെന്നു് സ്ഥലം സന്ദർശിച്ച പത്രപ്രവർത്തകയായ ഷാഹിന റിപ്പോർട്ട് ചെയ്യുന്നു. കാരണം ലളിതം. പനി ബാധിച്ചതായി സംശയിക്കുന്നവരിൽ 112 പേരും ആദിവാസികളാണു്. ഷാഹിന നൽകുന്ന കണക്കുപ്രകാരം പനി സ്ഥിരീകരിക്കപ്പെട്ട 48ൽ 43പേരും ആദിവാസികൾ. ബത്തേരിയിലെ ചിയെമ്പം കോളനിയിൽ 73 പേർക്കാണു പനി. കാട്ടുനായ്ക്കർ കോളനിയിൽ പനിയൊഴിഞ്ഞ ഒരു വീടുപോലും ഇല്ല. ഇതാണു് അവസ്ഥ.
എന്നിട്ടും നമ്മുടെ ഗൂഢാലോചനക്കാർക്കും വാക്സിൻ വിരോധികൾക്കും അന്വേഷിക്കേണ്ടതു്, ഈ രോഗവും മരുന്നുകമ്പനികളുമായുള്ള ബന്ധമാണു്. അതിവിപ്ലവകാരികൾ എല്ലാക്കാലവും അങ്ങനെയാണു്. എന്തിലും ഏതിലും വിദേശബന്ധവും ഗൂഢാലോചനയും ചാരവൃത്തിയും ആരോപിക്കാൻ അവർക്കു് നൂറുനാവാണു്. കുരങ്ങുപനി എന്നുകേട്ടപ്പോഴെ അതിന്റെ വാക്സിൻ എത്തിയെന്നാണു് കുറ്റാരോപണം. ഇതു് എഴുതുന്ന നേരത്തു് ആ ഗൂഗിൾ എടുത്തുവച്ചു് ഒന്നു തെരഞ്ഞുകൂടെ, ഈ ഗൂഢാലോചനക്കാർക്കു്?എത്രെയെത്ര പഠനങ്ങൾ വിരൽത്തുമ്പിൽ കിട്ടും? ങേ ഹേ... അതൊക്കെ വായിച്ചു വിശ്വസിക്കുന്നവർ ശാസ്ത്രത്തിൽ അന്ധമായി വിശ്വസിക്കുന്നവരാകുന്നു. ശാസ്ത്രം തന്നെ അന്ധവിശ്വാസമാകുന്നു. കാരണം ശാസ്ത്രം ശാശ്വതമല്ല…എന്നെല്ലാം ഇവർ വാദിച്ച് കളയും. പക്ഷേ അതിനിടെ വാക്സിൻ ലഭിക്കാ‍തെ പാവപ്പെട്ട ‍ആദിവാസികൾ മരണമടയുന്നതിന്റെ ഉത്തരവാദിത്തിൽ നിന്നും സർക്കാർ രക്ഷപ്പെടുകയും ചെയ്യുന്നു.

No comments: