Thursday, November 20, 2014

ഒരു കവിത
മട്ടാഞ്ചേരിയില്‍നിന്നും
റോമിലേയ്ക്കു
വിമാനം കയറുന്നു.
കത്തോലിക്കയാണോ
പെന്തക്കോസ്താണോ
റോമനാണോ
യാക്കോബായയാണോ
സുറിയാനിയാണോ
യഹൂദയാണോ
വെളുപ്പാണോ കറുപ്പാണോ
ഉത്തരം മുട്ടാതെ മുട്ടുന്നു
മാമോദീസപ്പുഴയില്‍  ചാടി
ആത്മഹത്യ ചെയ്യുന്നു !


ഒരു കവിത
ഹജ്ജിനു പോകുന്നു
താലിബാന്‍ തടവിലാക്കുന്നു
സുന്നിയാണോ ഷിയയാണോ
മുജാഹിദാണോ കുര്‍ദ്ദാണോ
കുയിലാണോ കോഴിയാണോ
കവിതയാണോ കബന്ധമാണോ
ഉടലില്‍ വാക്കുകണ്ടു വിറളിപൂണ്ടവര്‍
വെടിവെക്കുന്നു
കവിത കബറിലാകുന്നു !


ഒരു കവിത
ഇന്ത്യയിലേക്കിറങ്ങുന്നു
സംഘപരിവാറിന്റെ പിടിയിലാകുന്നു
ഹിന്ദുവാണോ
മുസ്ലീമാണോ
ക്രിസ്ത്യാനിയാണോ
നായരാണോ നമ്പ്യാരാണോ
ഈഴവനാണോ വേട്ടുവനാണോ
എലിയാണോ പുലിയാണോ
പുലയനാണോ പറയനാണോ
കാണിക്കാനൊരു കാര്‍ഡില്ലാത്തതിനാല്‍
ത്രിശൂലത്തില്‍ കോര്‍ത്തു
താമരക്കുളത്തില്‍ താഴ്ത്തുന്നു !

കവിതേ

ശരണംവിളിയിലോ
കുരിശടിയിലോ
റാത്തീബിലോ വീഴരുതേ
വൃത്തവും അലങ്കാരവും പോകും !

എം സാരംഗ്

No comments: