Thursday, November 20, 2014

News Feed

കൊടുങ്ങല്ലൂരമ്മയാണ്
തെറി പഠിപ്പിച്ചത്,
ചാത്ത-മുത്തപ്പന്‍
കുടിയും,
വയനാട്ടുകാവില്‍
വലിയും
കൃഷ്ണനെ ആരാധിച്ചു
പെണ്ണുപിടിയനായി .

എന്നിട്ടും,
എന്‍റെ ദു:ശീലങ്ങള്‍ മാറാന്‍
നീ വഴിപാടു കഴിക്കുന്നു !
ഒരു കവിത
മട്ടാഞ്ചേരിയില്‍നിന്നും
റോമിലേയ്ക്കു
വിമാനം കയറുന്നു.
കത്തോലിക്കയാണോ
പെന്തക്കോസ്താണോ
റോമനാണോ
യാക്കോബായയാണോ
സുറിയാനിയാണോ
യഹൂദയാണോ
വെളുപ്പാണോ കറുപ്പാണോ
ഉത്തരം മുട്ടാതെ മുട്ടുന്നു
മാമോദീസപ്പുഴയില്‍  ചാടി
ആത്മഹത്യ ചെയ്യുന്നു !


ഒരു കവിത
ഹജ്ജിനു പോകുന്നു
താലിബാന്‍ തടവിലാക്കുന്നു
സുന്നിയാണോ ഷിയയാണോ
മുജാഹിദാണോ കുര്‍ദ്ദാണോ
കുയിലാണോ കോഴിയാണോ
കവിതയാണോ കബന്ധമാണോ
ഉടലില്‍ വാക്കുകണ്ടു വിറളിപൂണ്ടവര്‍
വെടിവെക്കുന്നു
കവിത കബറിലാകുന്നു !


ഒരു കവിത
ഇന്ത്യയിലേക്കിറങ്ങുന്നു
സംഘപരിവാറിന്റെ പിടിയിലാകുന്നു
ഹിന്ദുവാണോ
മുസ്ലീമാണോ
ക്രിസ്ത്യാനിയാണോ
നായരാണോ നമ്പ്യാരാണോ
ഈഴവനാണോ വേട്ടുവനാണോ
എലിയാണോ പുലിയാണോ
പുലയനാണോ പറയനാണോ
കാണിക്കാനൊരു കാര്‍ഡില്ലാത്തതിനാല്‍
ത്രിശൂലത്തില്‍ കോര്‍ത്തു
താമരക്കുളത്തില്‍ താഴ്ത്തുന്നു !

കവിതേ

ശരണംവിളിയിലോ
കുരിശടിയിലോ
റാത്തീബിലോ വീഴരുതേ
വൃത്തവും അലങ്കാരവും പോകും !

എം സാരംഗ്

Wednesday, November 19, 2014

ഡൌണ്‍ ടൌണ്‍ കഫെയി ഉമ്മവെച്ചവര്‍ ഒരു ചോദ്യം ചോദിക്കുകയാണ് ചെയ്തത്. ഉമ്മ കൊണ്ടൊരു ചോദ്യം.ബാഗ്ലൂരില്‍ ബാറില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും , പലയിടങ്ങളിലായി നടന്നതും ഇപ്പോഴും നടക്കുന്നതുമായ മാനംകാക്കാല്‍ കൊലകളും ഒക്കെ സംഘ പരിവാര്‍ സദാചാര അതിക്രമങ്ങള്‍ തന്നെയാണ്.1987ല്‍ രാജസ്ഥാനില്‍ രൂപ് കല്‍ വര്‍ എന്ന പത്തൊമ്പതുകാരി സതിക്ക് ഇരയാകുകയും അതിനോട് പ്രതികരിച്ചവരോട് ആശിഷ് നന്ദി പറഞ്ഞത് , രാജ്യത്തിന്റെ ഭൂരിഭാഗം പേരും വിശ്വസിക്കുന്ന മത പ്രമാണങ്ങളെ എളുപ്പം ഇല്ലാതാക്കാന്‍ പറ്റില്ലെന്നായിരുന്നു. ഭൂരിഭാഗത്തിന്റെ മത താല്‍ പര്യങ്ങള്‍ ക്ക്‌ സ്ത്രീകള്‍ ഇരയാകുന്നത് അങ്ങനെയാണ്.മതത്തിന്റെ ഇടുക്കങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയാണ്.മതവും സദാചാരവും എല്ലായിടത്തും ചേര്‍ ന്ന് നില്ക്കുന്നു.
ഉമ്മ വെക്കുമ്പോള്‍ കണ്ണ് തുറന്നു ഇടയ്ക്കിടെ വഴിയിലെക്ക് എത്തി നോക്കേണ്ടി വരുന്ന ഒരിടമാണ് കേരളം.സ്നേഹപ്രകടനങ്ങള്‍ക്ക് പറ്റിയ ഇടം സ്വന്തം മുറി മാത്രമാണെന്നും,ഒരു മുറിക്കകത്ത് ഒറ്റപ്പെട്ടിരിക്കുന്ന ഒരാണിനും പെണ്ണിനും ചെയ്യാന്‍ പറ്റുന്ന ഒരേയൊരു കാര്യം സെക്സ് ആണെന്നും ആളുകള്‍ കാലങ്ങളായി വിശ്വസിച്ചു ജീവിക്കുന്നു.ഉണ്ടാക്കി വെച്ച അടവുനയങ്ങളില്‍ ,പെരുമാറ്റച്ചട്ടങ്ങളില്‍ ഒതുങ്ങി,തിന്നും കുടിച്ചും ഭോഗിച്ചും വെറുതെ ജീവിക്കുന്നു. കണ്ണാടിയില്‍ തെളിയുന്ന സ്വന്തം നഗ്ന ശരീരത്തിലേക്ക് പോലും തലയുയര്‍ ത്തി നോക്കാന്‍ പറ്റാത്തവരും,സ്വന്തം ശരീരത്തില്‍ എത്ര തുളകള്‍ ഉണ്ട്,അതെല്ലാം എവിടെയൊക്കെയാണ് എന്ന് അറിയാത്തവരും,ആണുടലിലേക്ക്,പിനീട് പെണ്ണുടലിലേക്ക് കണ്ണ് പോകുമ്പോള്‍ സ്വയം തിരിച്ചു വിളിക്കുന്നവരുമാക്കി ഒരുകൂട്ടം പെണ്ണുങ്ങളെ മാറ്റിയെടുത്തത് ഈ വൃത്തികെട്ട പൊതുബോധം തന്നെയാണ്. ഇത് തന്നെയാണ് കാലങ്ങളായി അറിയുന്ന ഒരാളുടെ കൂടെ ജീവിക്കാന്‍ തീരുമാനിക്കുന്ന ഒരു പെണ്ണിനെ നിഷേധിയാക്കുന്നതും അവളെപ്പോലത്തെ തോന്നലുകളുള്ള പെണ്ണുങ്ങളെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തുന്നതും.ഉമ്മ ഒരു അനാശാസ്യ പ്രവര്‍ ത്തനമാണ് പലര്‍ക്കും. ഞെട്ടിക്കുന്നു, പ്രത്യേകിച്ച് പൊതുസ്ഥലത്ത്. അടഞ്ഞ മുറിക്കകത്ത് ഒതുങ്ങണം എല്ലാ കുതിപ്പുകളും എല്ലാ കിതപ്പുകളും എന്ന്.
ഇത്തരം അടിച്ചമര്‍ത്തലുകള്‍ നടക്കുന്നത് ജാതി മത ലിംഗ ഭേദം ഇല്ലാതെയാണ് എന്നത് മറ്റൊരു കാര്യം.കേരളത്തിലെ എല്‍ ജി ബി ടി സമൂഹം നേരിടുന്നത് ഇതേ സംഘി നോട്ടത്തിന്റെ അതിക്രമങ്ങളാണ്. ഇവരുടെ വേദപുസ്തകം മതഗ്രന്ഥങ്ങളാണ്.അതിനെ പിന്തുടര്‍ ന്ന്,ആഭാസം എന്ന് ചുരുക്കി വിളിക്കാവുന്ന,ആര്‍ ഷ ഭാരത സംസ്കാരം ആണ് ലോകത്തിലേറ്റവും മികച്ചതെന്നു വിശ്വസിച്ച് , മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും തള്ളിപ്പറഞ്ഞ് തങ്ങളുടേത് മാത്രമായ ഒരു ലോകം സൃഷ്ടിക്കാനുള്ള ആര്‍ ത്തിയുടെ ഭാഗമാണിതെല്ലാം.ശരീരം അതിന്റെ ഉണര്‍ ച്ചകളെ അടഞ്ഞ മുറികളിലേക്ക് നീക്കി വെച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഇന്ന് അവരുടെ അമ്പലങ്ങളില്‍ നഗ്നശില്‍പ്പങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
ആള്‍ ദൈവത്തിന്റെ പരസ്യ ഉമ്മകള്‍ അവരെ എന്ത്കൊണ്ടാണ് അസ്വസ്ഥമാക്കാത്തത് ? ഡൌണ്‍ ടൌണ്‍ കഫേയില്‍ അനാശാസ്യ പ്രവര്‍ ത്തനങ്ങള്‍ നടക്കുന്നു എന്ന വാര്‍ ത്തക്ക് പിന്നില്‍ സദാചാര ഭയം എന്നതിലപ്പുറം മതത്തിന്റെ മഞ്ഞ നോട്ടം കൂടി ഉണ്ടെന്നു കാണാം.
രണ്ടു പേര്‍ ചുംബിക്കുന്നത് മൂന്നാമതൊരാള്‍ കാണരുതെന്ന എഴുതപ്പെടാത്ത നിയമം ഉണ്ടാക്കിയത് മൂന്നമാത്തെയാള്‍ തന്നെയാണ്. എനിക്ക് കിട്ടാത്തത് മറ്റാര്‍ ക്കെങ്കിലും കിട്ടുന്നത് കാണാന്‍ വയ്യ,എത്ര സ്വാര്‍ ത്ഥമായാണ് നിങ്ങള്‍ നിങ്ങളുടെ ഉമ്മകളെ കൊണ്ടാടുന്നത് എന്ന അതിസ്വാര്‍ ത്ഥമായ അന്വേഷണം. ഇടങ്ങള്‍ , സ്വകാര്യ/ പൊതു ഇടങ്ങള്‍ വേര്‍ തിരിച്ച്,ഇവിടെ ചെയ്യാവുന്നത്,അവിടെ ചെയ്യാന്‍ പാടില്ലാത്തത് എന്നിങ്ങനെ പറഞ്ഞു വെച്ച്,സ്നേഹത്തെയും പ്രണയത്തെയുമെല്ലാം പ്രകടിപ്പിക്കും മുമ്പ് ചുറ്റിലും നോക്കേണ്ടി വരുന്ന കാര്യങ്ങളാക്കി മാറ്റി,വര്‍ ഷങ്ങളായി,കാലങ്ങളായി നമ്മള്‍ കൊണ്ട് നടക്കുന്ന കപട സദാചാര ബോധം. കേരളത്തില്‍ ഇതിനുമുമ്പ് നടന്നിട്ടില്ലാത്തതാണ് ചുംബന സമരം.
മാധ്യമങ്ങളുണ്ടാക്കി വെച്ച കടുംപിങ്ക് നിറത്തിലുള്ള അടയാളങ്ങളും ചിത്രങ്ങളും മടുപ്പിക്കുന്നുണ്ട്.പല കാലങ്ങളില്‍ ,ലോകത്തിന്റെ പല ഭാഗങ്ങളിലായി വിജയിച്ച ഇത്തരമൊരു സമരത്തെ നിറങ്ങള്‍ കൊണ്ട്,അമിതമായ ആഘോഷങ്ങള്‍ കൊണ്ട് നിറം കെടുത്തരുത്.ഉമ്മ എന്ന് കേള്‍ ക്കുമ്പോള്‍ ഇക്കിളിപ്പെടുന്ന,ചുംബന സമരം എന്ന് കേള്‍ ക്കുമ്പോള്‍ ഒച്ചയിടറിക്കൊണ്ട്, എവിടെ ? എന്നു ചോദിക്കുന്നവര്‍ ഇപ്പോഴും ബാക്കിയുണ്ട്. 2014 നവംബറില്‍ ഡ്രൈവില്‍ നടക്കാനിരിക്കുന്ന ചുംബന സമരത്തിനു മുന്നോടിയായി നടന്ന കൂടിച്ചേരലും ആക്രമിക്കപ്പെട്ടു കഴിഞ്ഞു.

ഓരോ തെരുവും കാവി കൊണ്ടെഴുതാന്‍ അവരൊരുങ്ങുമ്പോള്‍ ; ഈ ലോകത്തിലെ സകല ഉമ്മകളും പകലിലും നീണ്ടുപോകട്ടെ…തുടങ്ങിയ അതേ ഇടത്ത്, മറകളില്ലാതെ.
- See more at: http://aksharamonline.com/test/mrudula-bhavani/kiss-of-love#sthash.11EMiRV4.dpuf
കാളപോലെ പണിയെടുത്താൽ
നായ പോലെ തിന്നാമെന്നച്ഛൻ...
ഉറുമ്പിനെ കണ്ടു 
പഠിക്കെടാ എന്നമ്മ...
ഇണക്കുരുവികളായി 
ഇരിക്കണമെന്നവൾ...
ഉടലൊരു മൃഗം
ഉയിരൊരു കൂട്ടിലെങ്കിലും
മൃഗത്വമെന്തൊരഭിമാനം..

--------------------------------------



വിറങ്ങലിച്ച് മരിച്ചവൻ
പുതയ്ക്കാതെ പോയ
തണുപ്പോ....
-----------------------------------------


എത്ര പിടിച്ച് കെട്ടിയാലും
കുതറിയോടുന്ന
വാക്കാണ് ജീവിതം...

-----------------------------------------


ഈ മലയെ ചുംബിച്ചു
കടന്നുപോയ പുഴ 
ഏത് കടലാഴത്തിലാണ്
ഒളിച്ചിരിക്കുന്നത്...
--------------------------------------

ഭൂമി നിറയെ പൂക്കൾ
എന്റ്റെയീ,
കൈക്കുടന്നയിലെത്ര കൊള്ളും.
ഭൂമി നിറയെ പ്രണയം,
ഒരു പെണ്ണിന്റ്റെ 
കണ്ണിലെത്ര കൊള്ളും.
ഭൂമി നിറയെ കാമം,
ഒരാണിന്റ്റെ ചങ്കിലെത്ര കൊള്ളും.
ഭൂമി നിറയെ ജീവിതം,
ഒരസ്ഥിക്കുടുക്കയിലെത്ര കൊള്ളും.
-ഛായാമുഖി -
-----------------------------------------


Saturday, November 1, 2014

'സ്മൃതിനാശം'

എവിടെയോ പണ്ടു കണ്ടതാണീ മുഖം.
എവിടെയാണതെന്നോർമ്മകിട്ടുന്നില്ല.

കൊടിയ വേനലിൻ പാതയിൽ യൌവ്വനം
കൊടിപിടിച്ച ദിനങ്ങളിലാകണം,
തെരുവുതോറും ചരിത്രം നിണംകൊണ്ടു
ചുവരെഴുത്തു നടത്തുമ്പൊഴാകണം,
ഒരു സഖാവുമൊത്തന്നത്തെ രാത്രിയിൽ-
ക്കയറിവന്ന പെൺകുട്ടിയിലാകണം,

എവിടെയോ പണ്ടു കണ്ടതാണീ മുഖം.
എവിടെയാണെന്നൊരോർമ്മകിട്ടുന്നില്ല.

വിധവകൾക്കുള്ള പെൻഷൻ ലഭിക്കുവാൻ
വഴിതിരക്കി വന്നെത്തിയ പെങ്ങളേ,
കനലുകൾ കെട്ടുപോയ നിൻ കൺകളെ,
പണിയെടുത്തു പരുത്ത നിൻ കൈകളെ,
അരികു വാൽ‌പ്പുഴു തിന്ന കടലാസു
ചുരുളിലാണ്ട നിൻ ജീവിതരേഖയെ,
അറിവതെങ്ങനെ,യെല്ലാം മറക്കുവാൻ
നര കറുപ്പിച്ചു വാഴുമെൻ വാർദ്ധകം!

(ബാലചന്ദ്രൻ ചുള്ളിക്കാട്)
ഖേദപൂര്‍വ്വം.
.......................

കപട സ്നേഹിതാ നിന്നോടു ജീവിത 
വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍

തെരുവില്‍ വെച്ചു നീ കാണുമ്പൊഴൊക്കെയും
കുശലമെയ്യുന്നു.
മുന്‍വരിപ്പല്ലിനാല്‍ ചിരി വിരിക്കുന്നു.
കീശയില്‍ കയ്യിട്ടു
കുരുതി ചെയ്യുവാനായുധം തേടുന്നു.

പല നിറങ്ങളില്‍ നിന്‍റെ മുഖംമൂടി.
പല നിലങ്ങളില്‍ നിന്‍ ഞെരിഞ്ഞില്‍ കൃഷി
മധുരമാകര്‍ഷകം മന്ദഹാസവും
കരുണ മൂടിയ കണ്‍കെട്ടു വിദ്യയും
സുഖദമാത്മ പ്രകാശനം,നാടക-
ക്കളരി തോല്‍ക്കുന്ന ഭാഷയും ഭാവവും.

കപട സ്നേഹിതാ,നിന്നോടു വാസ്തവ-
ക്കവിത ചൊല്ലിപ്പരാജയപ്പെട്ടു ഞാന്‍

വളരെ നാളായ് കൊതിക്കുന്നു ഞാന്‍, നാട്ടു-
പുളി മരങ്ങളേ പൂക്കുക,പൂക്കുക
കൊടികള്‍ കായ്ക്കും കവുങ്ങുകള്‍ പൂക്കുക
തൊടികള്‍ ചൂടും കിനാക്കളേ പൂക്കുക.

വിഫലമാകുന്നു വിശ്വാസധാരകള്‍
പതിയെ നില്‍ക്കുന്നു പ്രാര്‍ത്ഥനാഗീതികള്‍
മുളകള്‍ പൂക്കുന്ന കാലം.
മനസ്സിലും മുനകള്‍ കൊണ്ടു
പഴുക്കുന്ന വേദന.
നിലവിളിക്കുന്നു ഞാന്‍,തീവ്ര ദുഃഖങ്ങള്‍
അലറിയെത്തിക്കഴുത്തില്‍ കടിക്കുന്നു.

തടവുപാളയം ജന്മഗൃഹം
മതില്‍പ്പഴുതിലൂടെ ഞാന്‍
രക്ഷപ്പെട്ടോടുന്നു.
ഒരു സുഹൃത്തിന്‍റെ സാന്ത്വനച്ഛായയില്‍
മുറിവു നീറുന്നൊരെന്നെക്കിടത്തുന്നു.
ഒരു വശം മാത്രമിക്കാഴ്ച,അപ്പൊഴും
അതി രഹസ്യമായ് പൊട്ടിച്ചിരിച്ചു നീ.

കപട സ്നേഹിതാ,നിന്‍ വ്യാജസൌഹൃദ-
ക്കതകില്‍ മുട്ടിപ്പരാജയപ്പെട്ടു ഞാന്‍.

മറുപുറത്തൊരാള്‍ നില്‍ക്കുമെല്ലായ്പ്പൊഴും
ഹൃദയഹസ്തങ്ങള്‍ നീട്ടി രക്ഷിക്കുവാന്‍
മറുപുറം.... ധ്രുവദൂരം,വിരല്‍ത്തുമ്പി-
നഭയമേകുവാനാവാത്ത കൌതുകം.
പുകമറയ്ക്കു പിന്നാമ്പുറം നിന്നു നീ
നുണയൊഴിച്ചു കൊടുത്തും കുടിച്ചും
പക പതപ്പിക്കയായിരുന്നെപ്പൊഴും
പ്രിയ സഖാവായ് മനസ്സിലാക്കാതെ നീ.

ഒരു വിളിപ്പാടിനപ്പുറം നീയെന്നെ
അവഗണിക്കെ സഹിക്കാന്‍ പഠിച്ചു ഞാന്‍.
ഒരു നഖപ്പാടിനപ്പുറം നീയെന്നെ
അവമതിക്കെ ക്ഷമിച്ചു ശീലിച്ചു ഞാന്‍
കപട സ്നേഹിതാ,കൌരവാലിംഗന-
ച്ചതിയില്‍ ഞാന്‍ കാരിരുമ്പിന്‍റെ വിഗ്രഹം.

തുടലിമുള്‍ക്കാടു തിങ്ങിയ ലൌകിക-
ക്കൊതികള്‍ വിങ്ങുന്ന വേനല്‍ക്കടല്‍ക്കരെ
തിരകളെണ്ണി,ച്ചുടുന്ന വിശപ്പുമായ്‌
മണലുതിന്നുന്ന മക്കളെ കണ്ടു ഞാന്‍
ക്ഷുഭിതനായിട്ടു സഞ്ചരിക്കെ സ്നേഹ-
മൊഴികളൂതി നിറച്ച ബലൂണുമായ്
മിഴികളില്‍ മൃഗാസക്തിയോടെത്തി നീ
നഗരരാഗങ്ങള്‍ വിസ്തരിച്ചീടവേ

കപട സ്നേഹിതാ,നിന്‍റെ തേന്‍ വാക്കുകള്‍
കുളിരുപെയ്തെന്‍ രഹസ്യരോമങ്ങളില്‍

ഒരു മുഖം മാത്രമുള്ള ഞാനും നൂറു
മുഖപടങ്ങള്‍ തന്‍ ജന്മിയാം നീയുമായ്
അകലമേറെയുണ്ടാവശ്യമില്ലെനിക്ക്
അഴകു തുന്നിയ നിന്‍ പൊള്ളവാക്കുകള്‍
വഴി നമുക്കു രണ്ട്,ഓര്‍ക്കുക, ജീവിത-
വ്യഥകള്‍ നീയുമായ് പങ്കു വെയ്ക്കില്ലിനി.

കപട സ്നേഹിതാ,നിന്‍ നാട്യ വൈഭവം
കവിത ചൊല്ലി തിരസ്കരിക്കുന്നു ഞാന്‍

(കുരീപ്പുഴ ശ്രീകുമാർ)