Thursday, June 19, 2014

'നീർമാതളം പൂത്തകാലം' മുപ്പത്തിയാറാം പതിപ്പ്

"നീര്‍മാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളില്‍ ഞാന്‍ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശ്ലേഷത്തില്‍ നിന്നു സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്, പൂത്തുനില്‍ക്കുന്ന നീര്‍മാതളം ഒരു നോക്കുകൂടി കാണാന്‍ .നിലാവിലും നേര്‍ത്ത നിലാവായി ആ ധവളിമ പാമ്പിന്‍കാവില്‍നിന്ന് ഓരോ കാറ്റു വീശുമ്പോഴും തിരുവാതിരക്കുളി കഴിഞ്ഞ പെണ്‍കിടാവെന്നപോലെ വിറച്ചു. വിറയലില്‍ എത്രയോ ശതം പൂക്കള്‍ നിലംപതിച്ചു. നാലു മിനുത്ത ഇതളുകളും അവയ്ക്കു നടുവില്‍ ഒരു തൊങ്ങലും മാത്രമേ ആ പൂവിന് സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. അതു വാസനിച്ചു നോക്കുമ്പോള്‍ വാസനയില്ലെന്നും നമുക്കു തോന്നിയേക്കാം. ഞെട്ടറ്റു വീഴുന്നതിനു മുന്‍പ് അത് ചുറ്റുമുള്ള അന്തരീക്ഷത്തെ സുഗന്ധിയാക്കി. അതും ഒരാഴ്ചക്കാലത്തേക്കു മാത്രം."

ബാല്യകാലത്ത് പകര്‍ന്നുകിട്ടിയ സൗരഭ്യത്താല്‍ ഹൃദയം തുറന്നെഴുതി ലോകത്തെങ്ങുമുള്ള വായനക്കാരുടെ മനം കവര്‍ന്ന പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് നീര്‍മാതളം പൂത്ത കാലം. ഒര്‍മ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം മലയാളിയ്ക്ക് സമ്മാനിക്കുന്ന പുസ്തകം നെഞ്ചോട് ചേര്‍ത്ത് വയ്ക്കാത്തവര്‍ ചുരുക്കമാണ്. സ്മരണകളുടെ അപൂര്‍വ്വത ഉണര്‍ത്തുന്ന പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂര്‍വ്വസ്മൃതികളുടെ സുഗന്ധം പരത്തുന്നു

No comments: